സ്നേഹസൗഹൃദങ്ങളിലെ ‘ഓമന’, ചിരിസാഹിത്യത്തിലെയും
text_fieldsകൊച്ചി: എഴുത്തിലെന്നപോലെ ജീവിതത്തെയും സരസമായും ഒട്ടൊക്കെ ഫലിതത്തോടെയും കണ്ട എഴുത്തുകാരനായിരുന്നു സി.ആർ. ഓമനക്കുട്ടൻ. ഹാസ്യമെന്നതുപോലെ ഗൗരവമേറിയ എഴുത്തുകളും ആ തൂലികക്ക് വഴങ്ങിയിരുന്നു. ആ അക്ഷരങ്ങൾ ചിലയിടത്ത് ചിരിപ്പിച്ചപ്പോൾ മറ്റ് ചിലയിടങ്ങളിൽ വിവാദങ്ങളായും നിറഞ്ഞു.
അടിയന്താരവസ്ഥക്കാലത്ത് പൊലീസ് കസ്റ്റഡിയിൽ മരിച്ച രാജനെക്കുറിച്ച് ഓമനക്കുട്ടൻ എഴുതിയ പരമ്പര സാംസ്കാരിക, രാഷ്ടീയ മേഖലകളിൽ ഒരുപോലെ ചർച്ച ചെയ്യപ്പെട്ടു. മീഞ്ചന്ത കോളജിൽ അധ്യാപകനായിരിക്കെ ഓമനക്കുട്ടന്റെ റൂംമേറ്റായിരുന്നു രാജന്റെ പിതാവ് ടി.വി. ഈച്ചരവാര്യർ. പിതാവിനെ കാണാൻ ഇടക്കിടെ അവിടെ എത്തുന്ന രാജനുമായി ഓമനക്കുട്ടനും നല്ല സൗഹൃദമുണ്ടായിരുന്നു. രാജന്റെ തിരോധാനവും കസ്റ്റഡി മരണവും ഓമനക്കുട്ടനെയും വല്ലാതെ ഉലച്ചു.
പിന്നീട് രാജനെക്കുറിച്ച് അദ്ദേഹം ദേശാഭിമാനിയിൽ എഴുതിയ ‘ശവം തീനികൾ’ എന്ന പരമ്പര ഏറെ ചർച്ച ചെയ്യപ്പെട്ടു. മകനെ തേടിയുള്ള ഈച്ചരവാര്യരുടെ പോരാട്ടങ്ങളും അലച്ചിലും അടുത്തുനിന്ന് കണ്ടതിന്റെ ആത്മസംഘർഷമായിരുന്നു ‘ശവം തീനികൾ’ എഴുതാൻ പ്രേരിപ്പിച്ചത്.
കോട്ടയത്തെ തിരുനക്കരയിൽ ജനിച്ച അദ്ദേഹം പിൽക്കാലത്ത് കൊച്ചിയിലേക്ക് താമസം മാറി. എറണാകുളം ലിസി ആശുപത്രിക്കു സമീപം ‘തിരുനക്കര’ വീട്ടിലായിരുന്നു താമസം.
ജനിച്ച നാടിനോടുള്ള സ്നേഹംകൊണ്ടാണ് വീടിന് തിരുനക്കര എന്ന് പേരിട്ടത്. ചെറുപ്പത്തിൽതന്നെ സിനിമയെ ഏറെ ഇഷ്ടപ്പെട്ടിരുന്നു ഓമനക്കുട്ടൻ. കാരൂർ, കോട്ടയം ഭാസി, അഡ്വ. എം.എൻ. ഗോവിന്ദൻ നായർ, ആർട്ടിസ്റ്റ് ശങ്കരൻകുട്ടി എന്നിവരുമായി വളരെ അടുപ്പം പുലർത്തിയിരുന്നു.
ചിരിയും തമാശകളുംകൊണ്ട് ജീവിതത്തെ ലളിതമാക്കിയ ഓമനക്കുട്ടൻ പിറന്നാളുകൾക്കും പ്രായത്തിനും വലിയ പ്രാധാന്യം നൽകിയിരുന്നില്ല. പ്രായം 80 തികഞ്ഞപ്പോഴും മനസ്സിൽ ചെറുപ്പം സൂക്ഷിച്ചു. മകനും ചലച്ചിത്ര സംവിധായകനുമായ അമലിന്റെയും സുഹൃത്തുക്കളുടെയും സിനിമ ചർച്ചകളിൽ പലപ്പോഴും പങ്കാളിയായി.
രണ്ടാഴ്ച മുമ്പ് ഓമനക്കുട്ടൻ അവസാനമായി പങ്കെടുത്ത ചടങ്ങ് അദ്ദേഹത്തിന്റെതന്നെ പുസ്തകങ്ങളുടെ പ്രകാശനമായിരുന്നു. കഴിഞ്ഞ രണ്ടിനാണ് ‘ശവംതീനികൾ’, ‘തെരഞ്ഞെടുത്ത കഥകൾ’ എന്നിവയുടെ പ്രകാശനം പ്രമുഖരുടെ സാന്നിധ്യത്തിൽ കൊച്ചിയിൽ നടന്നത്.
നടൻമാരായ മമ്മൂട്ടി, ഓമനക്കുട്ടന്റെ ശിഷ്യൻ കൂടിയായ സലിംകുമാർ, മാധ്യമപ്രവർത്തകൻ ജോസി ജോസഫ്, പ്രഭാഷകൻ സുനിൽ പി. ഇളയിടം, എസ്. ഹരീഷ്, ഉണ്ണി ആർ തുടങ്ങിയവരുടെ സ്നേഹസൗഹൃദം ആവോളം നുകർന്നാണ് അദ്ദേഹം അന്നാ വേദിയിൽനിന്ന് മടങ്ങിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.