ഗാനരചയിതാവ് പൂച്ചാക്കൽ ഷാഹുൽ എൺപതിെൻറ നിറവിൽ, വിവാഹത്തിെൻറ 50ാം വാർഷികം
text_fieldsപൂച്ചാക്കൽ: എൺപതിെൻറ നിറവിലും എഴുത്ത് തുടരുകയാണ് കവിയും ഗാനരചയിതാവുമായ പൂച്ചാക്കൽ ഷാഹുൽ. ഒക്ടോബര് 31നാണ് 80ാം ജന്മദിനം. കഴിഞ്ഞ ഏപ്രിലിൽ അമ്പി ടീച്ചർ എന്ന മറിയം ബീവിയുമായുള്ള അദ്ദേഹത്തിെൻറ വിവാഹത്തിന് അമ്പതാണ്ടും തികഞ്ഞു.
1970കളിൽ ഷാഹുൽ പ്രഫഷനൽ നാടകങ്ങൾക്കായി ഗാനരചന ആരംഭിച്ചു. 300ൽപരം നാടകങ്ങൾക്കായി രണ്ടായിരത്തോളം ഗാനങ്ങളാണ് രചിച്ചത്. തെരഞ്ഞെടുത്ത 281 നാടകങ്ങളിലെ 708 ഗാന സമാഹാരമാണ് 'രംഗഗീതങ്ങൾ'. അത് ഒട്ടേറെ പുരസ്കാരങ്ങളാണ് നേടിയത്. നാടകഗാന വിഭാഗത്തിൽ ഈ കൃതി ഇന്നും ഒന്നാം സ്ഥാനത്തു നിൽക്കുന്നു. അഴിമുഖം, ഹോട്ടൽ കാവേരി, മല്ലനും മാതേവനും, നിന്നെ പിന്നെ കണ്ടോളാം എന്നീ സിനിമകൾക്ക് പാട്ടെഴുതിയിട്ടുണ്ട്. ഗായകനും വില്ലടിച്ചാൻ പാട്ട് കലാകാരനുമായിരുന്ന മാതൃ സഹോദരൻ അബ്ദുൽ ഖാദറാണ് ഇദ്ദേഹത്തിന് സംഗീതവാസന വളർത്തിയത്. എം.എസ്. ബാബുരാജ്, എം.കെ. അർജുനൻ, വി. ദക്ഷിണാമൂർത്തി, കുമരകം രാജപ്പൻ, കലവൂർ ബാലൻ, വൈപ്പിൻ സുരേന്ദ്രൻ, ആലപ്പി വിവേകാനന്ദൻ, ആലപ്പി ഋഷികേശ്, ഉദയകുമാർ അഞ്ചൽ ഉൾപ്പെടുന്ന പ്രഗല്ഭർക്കൊപ്പം പാട്ടൊരുക്കിയിട്ടുണ്ട്. നാടക രചയിതാവും സംവിധായകനുമായ സുന്ദരൻ കല്ലായിക്കൊപ്പം എൺപതിൽപരം നാടകങ്ങൾക്ക് പാട്ടൊരുക്കി. ഹോട്ടൽ കാവേരി എന്ന സിനിമയുടെ സംഗീത സംവിധായകൻ എ.ആർ. റഹ്മാെൻറ പിതാവ് ആർ.കെ. ശേഖർ ആയിരുന്നു.
കേരളത്തിലെ പ്രധാന നാടക സംഘങ്ങൾക്കൊക്കെ പാട്ടെഴുതിയിട്ടുണ്ട്. പൂച്ചാക്കൽ യംങ് മെൻസ് ലൈബ്രററിയാണ് ആദ്യ സാഹിത്യകളരി. 1965ൽ കേരളനാദം പത്രം സംഘടിപ്പിച്ച അഖില കേരള ചെറുകഥ മത്സരത്തിൽ ഒന്നാം സ്ഥാനം നേടി. പുരോഗമന കലാ സാഹിത്യസംഘം, ഇൻസ, ചിന്തന സാഹിത്യവേദി, സംസ്കാര സാഹിതി എന്നിവയുമായി സഹകരിച്ച് സാഹിത്യപ്രവർത്തനം തുടരുന്നു. ഗാന്ധി സ്മാരക കേന്ദ്രം തൈക്കാട്ടുശ്ശേരി ഉപകേന്ദ്രം വൈസ് ചെയർമാനായിരുന്നു. ചേർത്തല സംസ്കാര പ്രസിഡൻറാണ്.
ഒട്ടേറെ അവാർഡുകൾ നേടിയിട്ടുണ്ട്. പൂച്ചാക്കലിൽ 1941 ഒക്ടോബറിലാണ് ജനനം. കോട്ടയം പനച്ചിമൂട്ടിൽ അബു ഹനീഫയും പൂച്ചാക്കൽ കണ്ണാട്ടുവെളിയിൽ ആത്തിക്ക ബീവിയുമാണ് മാതാപിതാക്കൾ. ഭാര്യ മറിയംബീവി ചങ്ങനാശ്ശേരി പെരുന്ന പ്ലാംപറമ്പിൽ അബ്ദുൽഖാദർ റാവുത്തറുടെയും മൈദീൻബീവിയുടെ ഇളയമകളാണ്. റസൽ ഷാഹുൽ ( ചീഫ് ഫോട്ടോഗ്രാഫർ, മലയാള മനോരമ, തൃശൂർ) റാഫി ഷാഹുൽ ( അസി.സെക്ഷൻ ഓഫിസർ- ഹൈകോടതി) എന്നിവരാണ് മക്കൾ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.