നേരത്തെ വരാൻ സാധിച്ചിരുന്നെങ്കിൽ 'പ്രവാസം' നോവലിൽ സൗദിയും ഇടം പിടിച്ചേനെ -എം. മുകുന്ദൻ
text_fieldsദമ്മാം: സൗദിയിൽ നേരത്തെ വരാൻ സാധിച്ചിരുന്നെങ്കിൽ തെൻറ 'പ്രവാസം' നോവലിൽ ഈ ഭൂമികയും ഇടം പിടിക്കുമായിരുന്നെന്ന് പ്രശസ്ത എഴുത്തുകാരൻ എം. മുകുന്ദൻ. സൗദി മലയാളി സമാജത്തിെൻറ പ്രവാസ മുദ്ര പുരസ്കാരം ഏറ്റുവാങ്ങാൻ ദമ്മാമിലെത്തിയ അദ്ദേഹം 'ഗൾഫ് മാധ്യമ'ത്തോട് സംസാരിക്കുകയായിരുന്നു.
നാടുവിട്ടവെൻറ ജീവിതവും സ്വപ്നങ്ങളും വേദനകളും നിറഞ്ഞ 'പ്രവാസം' നോവൽ ബർമയിൽ തുടങ്ങി, കൊളംബും അമേരിക്കയും ഫ്രാൻസും കടന്ന് ബഹ്റൈനിൽ അവസാനിക്കുകയാണ്. സൗദിയിൽ നേരത്തെ വരാൻ കഴിയുകയും ഇവിടുത്തെ പ്രവാസ അനുഭവങ്ങളെ കാണാൻ സാധിക്കുകയും ചെയ്തിരുന്നെങ്കിൽ നോവൽ സൗദിയിലേക്കും എത്തുമായിരുന്നുവെന്ന് അദ്ദേഹം പറഞ്ഞു.
സൗദി അറേബ്യയിൽ ആദ്യമായാണ് വരുന്നത്. വരാൻ ഏറെ ആഗ്രഹിച്ചിരുന്നതാണ്. പക്ഷെ വഴിയൊരുങ്ങിയത് ഇപ്പോഴാണ്. സൗദിയുടെ വലിയ മാറ്റത്തിെൻറ നടുവിലെത്താൻ കഴിഞ്ഞത് ഏറെ സന്തോഷമായി കാണുന്നതായും അദ്ദേഹം പറഞ്ഞു. പ്രവാസമൊഴിച്ചു നിർത്തി മലയാളികളുടെ ജീവിതം പറയാനാകില്ല. ലോകത്തെവിടെ ചെന്നാലും മലയാളികൾ കാണും. മലയാളികളുടെ നാടെവിടെയെന്ന് ചോദിച്ചാൽ കേരളമെന്ന് മാത്രം പറയാൻ കഴിയാത്ത രീതിയിൽ അവർ ലോകത്തിെൻറ വിവിധയിടങ്ങളിലേക്ക് ചേക്കേറുകയും അവിടങ്ങളിലൊക്കെ സ്വന്തമായ അസ്ഥിത്വം രൂപപ്പെടുത്തുകയും ചെയ്തതായി അദ്ദേഹം പറഞ്ഞു.
1961-ൽ ആദ്യ കഥ പ്രസിദ്ധീകരിച്ച എം. മുകുന്ദൻ എഴുത്തിെൻറ 60 വർഷങ്ങൾ ആഘോഷിക്കുകയാണ്. അതൊരു വലിയ കാലയളവാണ്. എഴുത്തുവഴികളിൽ രൂപപ്പെട്ട മാറ്റങ്ങൾ തന്നെ എന്നെ അത്ഭുതപ്പെടുത്തുന്നതായും അദ്ദേഹം പറഞ്ഞു. താൻ എഴുതിത്തുടങ്ങുേമ്പാൾ പുസ്തകങ്ങൾ മാത്രമായിരുന്നു മാധ്യമങ്ങൾ. ടിവിയില്ല. റേഡിയോകൾ പോലും ആളുകളുടെ ജീവിതത്തിലേക്ക് കടന്നുവന്നിട്ടില്ല. അതുകൊണ്ട് തന്നെ അന്ന് ആളുകൾ പുസ്തകങ്ങൾക്ക് വേണ്ടി കാത്തുനിന്നു. ഇന്ന് പുസ്തകങ്ങൾ വായനക്കാരനെ കാത്തുനിൽക്കുയാണന്നും അദ്ദേഹം പറഞ്ഞു.
2024-ൽ തെൻറ ഏറെ വായിക്കപ്പെട്ട മയ്യഴിപുഴയുടെ തീരങ്ങളിൽ എന്ന നോവൽ പ്രസിദ്ധീകരിച്ചിട്ട് 50 വർഷം പിന്നിടുകയാണ്. മലയാളത്തിൽ ഏറെ വായിക്കപ്പെട്ട ഈ പുസ്തകത്തെക്കുറിച്ച് മലയാള സാഹിത്യലോകം ചർച്ച ചെയ്യുകയാണ്. അതുമൊരു വലിയ അനുഭമാണ്. എഴുത്തിെൻറ അരനൂറ്റാണ്ട് കടന്നുപോയിട്ടും അത് ഇന്നും ആഘോഷിക്കപ്പെടുന്നു എന്നത് ഏറ്റവും വലിയ സൗഭാഗ്യമാണ്. കാലത്തെ അതിജയിക്കുന്ന എഴുത്താണ് ഏറ്റവും വലുത്. മുകുന്ദൻ പറഞ്ഞു. അടുത്ത ദിവസം സൗദിയിലെ എഴുത്തുകാർക്ക് വേണ്ടി മലയാളി സമാജം ഒരുക്കുന്ന സാഹിത്യക്യാമ്പിൽ മലയാളത്തിെൻറ മാറുന്ന എഴുത്തുവഴികൾ എന്ന വിഷയത്തിലും അദ്ദേഹം സംസാരിക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.