സർക്കാർ ജീവനം; സാമൂഹിക പ്രവർത്തനം; പാട്ടെഴുത്തിലും മധു കാവുങ്കൽ...
text_fieldsമണ്ണഞ്ചേരി: ഔദ്യോഗിക ജീവിതതിരക്കുകൾക്കിടയിലും കവിത രചന വ്രതമാക്കി മൃഗസംരക്ഷണ വകുപ്പ് ഉദ്യോഗസ്ഥൻ. ജില്ല വെറ്ററിനറി കേന്ദ്രത്തിൽ ഫീൽഡ് ഓഫിസറായ സി.ജി. മധു കാവുങ്കൽ ആണ് ഒഴിവു ദിവസങ്ങൾ സാമൂഹിക പ്രവർത്തനങ്ങൾക്കും വായനയ്ക്കും എഴുത്തിനുമായി മാറ്റിവെക്കുന്നത്. കാരുണ്യ പ്രവർത്തനത്തിന് കൂടി സമയം നീക്കിവെക്കുന്ന ഇദ്ദേഹത്തിെൻറ 200 കവിതകളാണ് ഇതിനകം പുറത്തുവന്നത്. വിവിധ ആൽബങ്ങളിലായി 60 ഗാനങ്ങൾ. സിനിമക്കു വേണ്ടിയും പാട്ടെഴുതി . കവിതകൾ പ്രസിദ്ധീകരണങ്ങളിലും സമൂഹമാധ്യമങ്ങളിലും ലൈവ്.
കോളജിൽ പഠിക്കുന്ന കാലത്ത് ആകാശവാണിക്ക് ലളിതഗാനം എന്ന നിലയിലാണ് ആദ്യമായി പാട്ടെഴുതുന്നത്. 2010ൽ ആദ്യ ആൽബം പുറത്തുവന്നു. ശ്രീ ഓഡിയോസ് പുറത്തിറക്കിയ 'പവിഴമാല' എന്ന ഓഡിയോ ആൽബത്തിൽ വിജയ് യേശുദാസ്, എം.ജി. ശ്രീകുമാർ സുധീപ് കുമാർ എന്നിവരാണ് ആലാപനം നിർവഹിച്ചത്. പിന്നീട് 10 ഗാനങ്ങൾ അടങ്ങിയ സുധിപ് കുമാർ പാടിയ 'ശരണ സാഗരം'എന്ന ആൽബം. സുനിൽ പള്ളിപ്പുറം, മധുവിെൻറ എൻജിനീയറിങ് വിദ്യാർഥിനിയായ മകൾ ലക്ഷ്മി എന്നിവരാണ് ഇതിൽ പാടിയത്. ' മറ്റ് നിരവധി ആൽബങ്ങൾക്കും പാട്ടെഴുതി.
സിനിമ ആൻഡ് ടി.വി ആർട്ടിസ്റ്റ് അസോസിയേഷനായി രണ്ട് കവിതകൾ പ്രിയ ഷൈൻ സംവിധാനം നിർവഹിച്ച് പുറത്തിറക്കി. ശുഭശ്രീ ഫിലിംസിെൻറ പുതിയ സിനിമക്കായും പാട്ടെഴുതി. പിന്നണി ഗായകൻ സുധീപ് കുമാറും ആതിര മുരളിയും ചേർന്ന് പാടിയ ഗാനം ഓഡിയോ റീലിസിങ് കഴിഞ്ഞു. ഇപ്പോൾ മറ്റൊരു സിനിമയുടെ പാട്ടെഴുത്തിലാണ്. വേൾഡ് ഡ്രാമാറ്റിക് സ്റ്റഡി സെൻറർ ഏർപ്പെടുത്തിയ ഭരതൻ സ്മാരക സംസ്ഥാന അവാർഡ് ഉൾപ്പെടെ നിരവധി അംഗീകാരങ്ങൾ ലഭിച്ചു.
കാവുങ്കൽ ഗ്രാമത്തിൽ 30 വർഷങ്ങൾക്ക് മുമ്പ് തന്നെ രക്തദാന പ്രസ്ഥാനത്തിന് രൂപം നൽകി.സർവിസ് സംഘടന രംഗത്തും സാമൂഹിക പ്രവർത്തന രംഗത്തും സജീവമാണ് മധു കാവുങ്കൽ. ഭാര്യ : ജയ. പാർവതി ആണ് മറ്റൊരു മകൾ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.