കേരളത്തിന്‍റെ സ്പാർട്ടക്കസ്
text_fieldsസാധാരണഗതിയിലുള്ള അസമത്വത്തിനും സങ്കീർണമായ േശ്രണീകൃത അസമത്വത്തിനും തമ്മിലുള്ള അകലം തിരിച്ചറിയുമ്പോഴാണ്, രണ്ടിന്റെയും സ്വഭാവം തമ്മിലുള്ള വ്യത്യാസം മനസ്സിലാക്കുമ്പോഴാണ്, മഹാത്മ അയ്യൻകാളി സ്പാർട്ടക്കസ്സിനും മുകളിൽ ആണെന്ന് വ്യക്തമാവുന്നത്. ചരിത്രത്തെ ചുവപ്പിച്ച രണ്ട് മഹാന്മാരായ വിപ്ലവകാരികൾക്ക് മാർക്കിട്ട് േഗ്രഡ് തിരിക്കാനുള്ള അപ്രസക്ത ശ്രമത്തിന്റെ ഭാഗമായിട്ടല്ല; ജാതിവ്യവസ്ഥ അടിമത്തത്തേക്കാൾ എത്രയോ ഭയാനകവും ബീഭത്സവുമാണെന്ന സത്യംമാത്രം പരിഗണിച്ചാണ് ഇപ്രകാരം പറയുന്നത്
ഞങ്ങൾ മാനന്തവാടിക്ക് പോവുകയാണ്. ഒന്നരമാസത്തിനുശേഷമുള്ള ഒരു വായനാടൻ യാത്ര, പച്ചപ്പുകൾ ഒരുക്കുന്ന നിശ്ശബ്ദനിർവൃതിയിൽ പുളകിതമായി. പെട്ടെന്നായിരുന്നു അത് പൊളിച്ചൊരു ഫോൺ വന്നത്. ഫോണിനപ്പുറം പുലയ മഹാസഭയുടെ സമുന്നത നേതാവായ പ്രിയ പുന്നല ശ്രീകുമാർ. കുറച്ചുസമയത്തെ സൗഹൃദസംഭാഷണത്തിനുശേഷം അദ്ദേഹം ഈ മാസം, അതായത് ജൂൺ 18ന് വെങ്ങാനൂരിൽ നടക്കുന്ന അയ്യൻകാളി അനുസ്മരണത്തിൽ എങ്ങനെയെങ്കിലും എത്തിച്ചേരാനാവുമോ എന്ന് ചോദിക്കുന്നു. സത്യത്തിൽ ഞാൻ വല്ലാത്തൊരു ധർമസങ്കടത്തിലായി. പോവാൻ തിടുക്കപ്പെട്ട മനസ്സ്. പക്ഷേ ഒരു വിധേനയും പോവാനാവാത്ത അവസ്ഥ! കാര്യം പുന്നലക്ക് മനസ്സിലായി. അപ്പോൾ ഓർമയിൽ വന്നത്, മുമ്പൊരിക്കൽ അയ്യൻകാളി അനുസ്മരണത്തിന് വെങ്ങാനൂരിൽ പോയപ്പോഴുണ്ടായ വേറിട്ട ഒരനുഭവമാണ്. പുരോഗമന കലാസാഹിത്യസംഘത്തിന്റെ നേതൃത്വത്തിലുള്ള ഒരനുസ്മരണമായിരുന്നു അത്. കവിയും പ്രഭാഷകനുമായ വിനോദ് വൈശാഖിയായിരുന്നു അന്ന് സംഘാടകരിലൊരാൾ. ഏറക്കുറെ പത്ത്കൊല്ലം കഴിഞ്ഞുകാണും. പതിവുപോലെ അന്ന് അയ്യൻകാളിയെക്കുറിച്ചും സമകാല സാംസ്കാരിക അവസ്ഥയെക്കുറിച്ചുമൊക്കെ സംസാരിച്ച് തിരുവനന്തപുരത്തുനിന്നും കോഴിക്കോട്ടേക്ക് തിരിച്ചുപോന്നു. വീട്ടിലെത്തിയ ഉടനെ ആദ്യത്തെ ഫോൺ വിനോദ് വൈശാഖിയുടേതായിരുന്നു. ഔപചാരികമായ ഒരു ഹലോയും കിലോയുമൊന്നുമില്ല. ചിരിയോട് ചിരി. ചിരി നിൽക്കുന്നേയില്ല. ആദ്യം എനിക്കൊന്നും മനസ്സിലായില്ല. പിന്നെ ഒരൊറ്റ ചോദ്യം. ആരാണ്ടാ ഈ കെ.ഇ.എൻ? വീണ്ടും ചിരി. ഈ വിധമുള്ള വികാരവിക്ഷോഭങ്ങളെല്ലാം അവസാനിച്ചപ്പോൾ വിനോദ് വൈശാഖി കാര്യത്തിലേക്ക് കടന്നു. ഞാൻ നിർവഹിച്ച അയ്യൻകാളി അനുസ്മരണപ്രഭാഷണം വെങ്ങാനൂരിലുണ്ടാക്കിയ പുകിൽ അദ്ദേഹം വിവരിച്ചു. അതിലൊന്ന്, നവോത്ഥാനത്തെക്കുറിച്ച് പറയുമ്പോൾ ആദ്യം പറയേണ്ട അത്ര മുന്തിയ പേരൊന്നുമല്ല അയ്യൻകാളിയുടേത് എന്നൊരു മാന്യന്റെ അഭിപ്രായമായിരുന്നു! പറയാനാണെങ്കിൽ മന്നത്ത് പത്മനാഭൻ മുതൽ എത്രപേരുണ്ട് എന്നൊരു ജഗജില്ലി സ്റ്റഡിക്ലാസും അയാളുടെ വക! ഒടുവിൽ ഇതൊന്നും തിരിയാത്ത എന്നെ ഉദ്ദേശിച്ച് ആരാണ്ടാ ഈ കെ.ഇ.എൻ എന്നൊരു ഗമണ്ടൻ ചോദ്യവും! പിന്നീട് എപ്പോഴൊക്കെ അയ്യൻകാളിയെക്കുറിച്ച് പരാമർശിക്കേണ്ടിവരുമോ അപ്പോഴൊക്കെ വിനോദ് വൈശാഖിയും ഞങ്ങളും ഇതോർത്ത് കുറേ ചിരിക്കും!
അന്ന് ഇവ്വിധം പ്രതികരിച്ച ആ മൂപ്പിലാനെ അലോസരപ്പെടുത്തിയത് അയ്യൻകാളിയുടെ പേര് ആദ്യം പറഞ്ഞതൊന്നുമല്ല, അയ്യൻകാളി അനുസ്മരണത്തിൽ ചക്ക മാങ്ങ എന്നൊന്നും ആദ്യം പറയാനാവില്ലല്ലോ. കേരളംകണ്ട ഇന്ത്യകണ്ട ഒരുപക്ഷേ ലോകം തന്നെയും കണ്ട, അഭൂതപൂർവമായ ഒരു മഹാസമരത്തിന് നേതൃത്വം കൊടുത്ത കേരളത്തിന്റെ സ്പാർട്ടക്കസ്സാണ് അയ്യൻകാളി എന്ന തരത്തിലുള്ള അവതരണമാണ്, മേൽപറഞ്ഞ വർഗീയവാദിയെന്നോ ജാതിവാദിയെന്നോ പേരെടുത്ത് വിളിക്കാനാവാത്ത ആ നല്ല ജാതിമനുഷ്യനെ അസ്വസ്ഥമാക്കിയത്. അയ്യൻകാളി യജമാനൻ, പുലയരാജാവ് എന്നൊക്കെയായിരുന്നു പറഞ്ഞിരുന്നതെങ്കിൽ, പോട്ടെപുല്ല് എന്ന് കരുതി അദ്ദേഹവും സമാനഹൃദയരും സഹിക്കുമായിരുന്നു. ഇനി അതൊക്കെ പോട്ടെ വെങ്ങാനൂരിന്റെ മുത്ത് അല്ലെങ്കിൽ അനന്തപുരിയുടെ അഭിമാനം എന്ന് പറഞ്ഞാലും അവർ സഹിക്കുമായിരുന്നു. ഇത് അതൊന്നുമല്ല. കേരളത്തിൽ കർഷക തൊഴിലാളി സംഘടനകളൊന്നും രൂപംകൊള്ളാത്ത കാലത്ത്, 1907ൽ, അവരുടെ വിദ്യാഭ്യാസ അവകാശത്തിനുവേണ്ടി നടന്ന അതിഗംഭീരമായ, ഒരുകൊല്ലം നീണ്ടുനിന്ന സമരത്തെ അത്യന്തം ക്ലേശങ്ങൾ സഹിച്ച് വിജയത്തിലെത്തിക്കുന്നതിന്റെ നേതൃത്വമായി മാറിയ മഹാത്മ അയ്യൻകാളിയെ ഈവിധം അടയാളപ്പെടുത്തി എന്നുള്ളതാണ് അങ്ങോർക്ക് പ്രകോപനമായത്.
സമരകാല പട്ടിണി ഇല്ലാതാക്കാൻ മത്സ്യത്തൊഴിലാളികളും കാർഷികത്തൊഴിലാളികളുമുണ്ടാക്കിയ അക്കാലത്തെ മുന്നണി കേരളചരിത്രത്തിലെ പ്രതിസന്ധികാലത്തെ ശരിക്കുള്ള മഹാസൗഹൃദത്തിന്റെ പ്രകാശഗോപുരമായി ഇന്നും സ്മരണയിൽ ഉയർന്നുനിൽക്കും. അത്ര ഗാംഭീര്യമുണ്ടതിന്. അതൊന്നും ആ അർഥത്തിൽ, അതാവശ്യപ്പെടുന്ന വൈകാരിക തീവ്രതയിൽ അടയാളപ്പെടുത്താൻ ഇന്നും നമുക്കായിട്ടില്ല. പ്രസ്തുത മഹാസമരത്തിൽ പട്ടിണികിടന്ന് മരിക്കേണ്ടിവന്ന, കർഷകത്തൊഴിലാളി സമരത്തിലെ രക്തസാക്ഷി കോന്തിയെക്കുറിച്ചും കവിതയോ നോവലോ സിനിമയോ ആയി ഒന്നും കാണാനില്ല. പറഞ്ഞുവരുന്നത് 1907ലെ സമരം, ആ സമരം അർഹിക്കുംവിധം ഇപ്പോൾപോലും അതിന്റെ സമഗ്രതയിൽ രേഖപ്പെടുത്തപ്പെട്ടിട്ടില്ല എന്നാണ്. ആ വിധം രേഖപ്പെടുത്തിയിരുന്നെങ്കിൽ അടിമകലാപ നേതാവായ സ്പാർട്ടക്കസ്സിനും എത്രയോ മുകളിലാണ് മഹാത്മ അയ്യൻകാളിയുടെ സ്ഥാനമെന്ന് നമുക്കെളുപ്പം മനസ്സിലാക്കാൻ കഴിയുമായിരുന്നു.
സാധാരണഗതിയിലുള്ള അസമത്വത്തിനും സങ്കീർണമായ, േശ്രണീകൃത അസമത്വത്തിനും തമ്മിലുള്ള അകലം തിരിച്ചറിയുമ്പോഴാണ്; രണ്ടിന്റെയും സ്വഭാവങ്ങൾ തമ്മിലുള്ള വ്യത്യാസം മനസ്സിലാക്കുമ്പോഴാണ്, മഹാത്മ അയ്യൻകാളി സ്പാർട്ടക്കസ്സിനും മുകളിൽ ആണെന്ന് കൃത്യം വ്യക്തമാവുന്നത്. ചരിത്രത്തെ ചുവപ്പിച്ച രണ്ട് മഹാന്മാരായ വിപ്ലവകാരികൾക്ക് മാർക്കിട്ട് േഗ്രഡ് തിരിക്കാനുള്ള അപ്രസക്ത ശ്രമത്തിന്റെ ഭാഗമായിട്ടല്ല ഇങ്ങനെ പറയുന്നത്. ജാതിവ്യവസ്ഥ അടിമത്തത്തേക്കാൾ എത്രയോ ഭയാനകവും ബീഭത്സവുമാണെന്ന സത്യംമാത്രം പരിഗണിച്ചാണ്, ഇപ്രകാരം പറയുന്നത്. അംബേദ്കർ വിശദമാക്കിയതുപോലെ മുകളിലേക്ക് പോകുംതോറും മാന്യത വർധിക്കുകയും, താഴേക്ക് വരുംതോറും മ്ലേച്ഛത കൂടുകയും ചെയ്യുന്ന ജാതിവ്യവസ്ഥയിൽ പൊരുതുന്നതിലേറെ പൊരുത്തപ്പെടാനുള്ള പ്രവണതയാണ് മുന്നിട്ടുനിൽക്കുന്നത്. ഒരേസമയം ആധിപത്യവും വിധേയത്വവും പ്രയോഗത്തിൽ വരുത്തുന്ന, അക്രമാസക്തമല്ലാതാവുമ്പോഴെങ്കിലും, സ്വാഭാവികമെന്ന് തോന്നിപ്പിക്കുന്ന മർദക സാമൂഹിക സംവിധാനമാണ് ജാതിവ്യവസ്ഥ. അതിനകത്തൊരു സമരഐക്യം സ്ഥാപിച്ചെടുക്കുക എന്നുള്ളത് ഉടമകൾക്കെതിരെ അടിമകളെ കലാപത്തിനൊരുക്കുന്നതിനേക്കാൾ എത്രയെത്രയോ പ്രയാസകരമാണ്. ഇവിടെയാണ് മഹാത്മ അയ്യൻകാളി നവോത്ഥാന ചരിത്രത്തിലെ മഹാത്ഭുതങ്ങളിൽ ഒന്നായി മാറിയത്. അന്നത്തെ സാമൂഹിക സാംസ്കാരിക പശ്ചാത്തലവും ശ്രീനാരായണഗുരുവിെൻറ നാനാപ്രകാരത്തിലുള്ള ഇടപെടലുകളും, എന്തിന് ബ്രിട്ടീഷ് സാന്നിധ്യവും മിഷനറിമാരുടെ പ്രവർത്തനങ്ങളും, പതുക്കെയാണെങ്കിലും സാമൂഹിക ജീവിതത്തിന്റെ നാടുവാഴിത്തത്തിൽനിന്നും മുതലാളിത്തത്തിലേക്കുള്ള മാറ്റവും, അതിന്റെ ഭാഗമായ കൃഷിയുടെ വാണിജ്യവത്കരണവും തോട്ടം കൃഷിയുടെ വ്യാപനവുമെല്ലാം അയ്യൻകാളിയടക്കമുള്ള നവോത്ഥാന നായകർക്ക് ഊർജം പകർന്നിട്ടുണ്ട്.
സ്വന്തം ശരീരം തമ്പുരാന്റെ ചോറാണെന്ന്, നെല്ല് ഉൽപാദിപ്പിച്ച ഒരു ജനതയെക്കൊണ്ട് സ്വയം സമ്മതിപ്പിക്കുംവിധം ഭീകരമായ ഒരാശയാധികാരവ്യവസ്ഥയെ, അതിനെ ചെറുക്കുന്ന ബദൽ ആശയങ്ങളുടെ അഭാവത്തിൽ നേരിടാൻ കഴിയുമായിരുന്നില്ല. അക്കാലത്ത് അധ്വാനചരിത്രത്തിൽ വിസ്മയം സൃഷ്ടിച്ച പുലയസമൂഹത്തെ സ്വന്തം സൗകര്യത്തിനുവേണ്ടി നാലു വിഭാഗങ്ങളിലാക്കി തമ്പുരാക്കന്മാർ തരാതരംപോലെ ഉപയോഗപ്പെടുത്തുകയും ചെയ്തിരുന്നു. തകഴിയുടെ ‘രണ്ടിടങ്ങഴി’യിൽ പ്രശംസക്ക് വിധേയരായ തലപ്പുലയരെ സത്യത്തിൽ ജീവിക്കുന്ന കാർഷിക സർവകലാശാലകൾ എന്ന അർഥത്തിലാണ് ആഘോഷിക്കേണ്ടത്. തമ്പുരാക്കന്മാർ അവരെ കാര്യമായി ആക്രമിക്കാതിരുന്നത്, അവരുടെ അറിവില്ലെങ്കിൽ കൃഷി വേണ്ടവിധം നടക്കുകയില്ലെന്നവർ, വേണ്ടവിധംതന്നെ അന്ന് തിരിച്ചറിഞ്ഞതുകൊണ്ടാണ്. എന്നാൽ ഇതേ കൃഷി, വെള്ളം കുത്തിയൊലിച്ച് മടവീണ് നശിച്ചുപോവുന്നത് തടയാൻ അന്നവർ കണ്ടുപിടിച്ച സാങ്കേതികവിദ്യ, ജീവിച്ചിരിക്കുന്ന മനുഷ്യരെ ജീവനോടെ കുഴിച്ചുമൂടുംവിധം ഭീകരമായിരുന്നു. മട അടക്കാൻ ആരോഗ്യമുള്ളൊരു പുലയന് മാക്സിമം മദ്യംകൊടുത്ത്, ജീവനോടെ കൈകാൽ വരിഞ്ഞുകെട്ടി ഒന്ന് പിടയാൻപോലും അവസരം നൽകാതെ വെള്ളത്തിലിട്ട്, അതിനുമുകളിൽ ചളികോരിയിട്ടാണ് മട അടച്ചിരുന്നത്. തുലാപ്പുലയർ എന്നാണിവർ അറിയപ്പെട്ടത്! തലപ്പുലയരെ തലോടിയും, തുലാപ്പുലയരെ ജീവനോടെ കുഴിച്ചുമൂടിയും, എന്തും അനുസരിക്കുന്ന തമ്പ്രാൻകരുതികളായ അലസപുലയരെ പരമാവധി പിഴിഞ്ഞും, അപകടകാരികളായ ആത്മബോധമാർജിച്ച പുലയരെ പുലപ്പേടിപോലുള്ള വിചിത്ര ആചാരങ്ങളിൽ തളച്ചും സാമൂഹികക്രമം നിലനിന്ന കാലത്താണ്, അയ്യൻകാളി, അതൊക്കെ പൊളിച്ച്, വിദ്യാഭ്യാസ അവകാശത്തിനും ഭൂമിക്കും കൂലിക്കും മനുഷ്യാവകാശങ്ങൾക്കും വേണ്ടി പൊരുതുന്ന വിപ്ലവകാരികളെ അതേ സമൂഹത്തിൽനിന്നും സൃഷ്ടിച്ചത്. അതോടെയാണ് മലയാളരാജ്യത്ത് അധഃസ്ഥിതരുടെ ചോദ്യം ചെയ്യലിന്റെയും, പ്രതിരോധത്തിന്റെയും തീപ്പന്തങ്ങൾ ഉയർന്നത്. മാർക്സിന്റെ ജീവചരിത്രമെഴുതിയ സ്വദേശാഭിമാനി രാമകൃഷ്ണപിള്ളയല്ല, അയ്യൻകാളിയാണ് മാർക്സിനെ ആദ്യമായി മലയാളിയുടെ ജീവിതത്തിൽ സ്വന്തം അസ്ഥികൊണ്ട് അടയാളപ്പെടുത്തിയത്.
1938ൽ ചേതൻ എന്ന പുലയനെ ജന്മിമാർ കൊന്നു. അതിനുമുമ്പ് കണക്കില്ലാത്തവിധം എത്രയോ പേരെ കൊന്നിട്ടുണ്ട്. അന്നൊന്നും പക്ഷേ അതൊരു പ്രശ്നമായിരുന്നില്ല. ചോദിക്കാനും പറയാനും ആരുമില്ലായിരുന്നു. കൊല്ലുന്നവരും കൊല്ലപ്പെടുന്നവരും വലിയ അസ്വാരസ്യങ്ങളില്ലാതെ, ഉണ്ടെങ്കിൽത്തന്നെ പ്രകടമാക്കാൻ കഴിയാതെ ജീവിച്ചുപോരുകയായിരുന്നു. അങ്ങനെയിരിക്കെയാണ് മുമ്പേ സൂചിപ്പിച്ച ചേതന്റെ ഭാര്യ ഓമനച്ചി ചേതനെ കൊന്നതിനെതിരെ തമ്പുരാക്കന്മാർക്കെതിരെ കേസ് കൊടുക്കുന്നത്! പുലയനെ കൊന്നാൽ കേസോ? അന്നതുണ്ടാക്കിയ നടുക്കം ഇന്ന് നമ്മളെത്ര ഭാവനാശാലികളായാലും ഊഹിക്കാനാവില്ല.
1892ൽ പോത്തേരി കുഞ്ഞമ്പു എന്ന പ്രതിഭാശാലി ഇവ്വിധം പുലയർക്കെതിരെയുള്ള അതിക്രമങ്ങൾ കണ്ടുള്ള സങ്കടംകൊണ്ടാണ് സരസ്വതീവിജയം എന്ന നോവൽ എഴുതിയത്. പാട്ടുപാടിയതിന് മർദനമേറ്റ മരത്തൻ എന്ന പുലയ യുവാവിന് അഭയമായത് അഞ്ചരക്കണ്ടിയിലെ ബ്രിട്ടീഷ് തോട്ടമായിരുന്നുവെന്നും, മതംമാറി യേശുദാസായി പഠിച്ച് ജഡ്ജിയായി പിന്നീട് അദ്ദേഹം മാറിയെന്നും ആ നോവലിൽ വിവരിക്കുന്നത് ഓർമിക്കുക. അത് നോവലിൽ. എന്നാൽ, നോവലിനെ വർഷങ്ങൾക്കുശേഷം ജീവിതമാക്കി തിരുത്തി എഴുതാനുള്ള നേതൃത്വമായി മാറിയത് മഹാത്മ അയ്യൻകാളിയായിരുന്നുവെന്നും മറക്കാതിരിക്കുക. അധഃസ്ഥിതരുടെ ഇത്തരം സമരശക്തിയെക്കുറിച്ചുള്ള ഓർമിപ്പിക്കലാണ്, അധീശത്വശക്തികളെ അസ്വസ്ഥമാക്കുന്നത്, അല്ലാതെ കണ്ണേ കരളേ മുത്തേ എന്നൊക്കെയുള്ള പുന്നാരവിളികളല്ല. അങ്ങനെ നോക്കുമ്പോൾ ആരാണ്ടാ ഈ കെ.ഇ.എൻ എന്നുള്ളത് അപ്പോഴെന്നപോലെ ഇപ്പോഴും ഒരു സാംസ്കാരിക പ്രവർത്തകൻ എന്ന നിലയിൽ എനിക്ക് കിട്ടിയ ബഹുമതി വാക്യമാണ്. നമ്മളൊരിടത്ത് പ്രസംഗിച്ചിട്ട്, അല്ലെങ്കിൽ എഴുതിയിട്ട് അല്ലെങ്കിൽ പ്രസക്തമായ ഒരിടപെടൽ നടത്തിയിട്ട് അതൊരിടത്തും അനുകൂലമോ പ്രതികൂലമോ ആയ ഒരു ഇളക്കവും ഉണ്ടാക്കുന്നില്ലെങ്കിൽ, നമ്മൾ ഇത് നിർത്തിയിട്ട് ഇതിനോളമോ ഇതിനേക്കാളോ പ്രസക്തമായ മറ്റ് വല്ല പ്രവർത്തനങ്ങളിലേക്കും തിരിയുന്നതാവും ഉചിതം! എന്തായാലും വെങ്ങാനൂരിലെ ആ ആരാണ്ടാ ചോദ്യം പലസ്ഥലത്തും പലവിധത്തിൽ ആവർത്തിക്കപ്പെടുന്നതിനാൽ ആര് തലകുത്തിനിന്നാലും, നിവർന്നുനിന്ന് ഇപ്പണി നിനക്ക് നിർത്താറായിട്ടില്ല എന്നുതന്നെയാണ്, കാലം എന്റെ കാതിൽ മന്ത്രിക്കുന്നത്.
നിറം കറുപ്പായതിന്റെയും ജാതിയിൽ താഴ്ന്നതിന്റെയും പേരിൽ അയ്യൻകാളി എന്നുവിളിച്ച് ക്ലാസിൽ തങ്ങളെ കളിയാക്കിയതിനെക്കുറിച്ച് ആ നെല്ലിമരം പുല്ലാണ് എന്ന പുസ്തകത്തിൽ രജനി പാലാപറമ്പിൽ പറയുന്നുണ്ട്. എന്നാൽ, ഇന്ന് ആത്മബോധമുള്ള മനുഷ്യർ അതോർത്ത് ചിരിക്കുകയല്ലാതെ അപ്പേരിൽ ആരോടും കയർക്കാൻ പോവില്ല. സമൂഹത്തെയാകെ മുന്നോട്ടു നയിക്കാൻ സഹായിക്കുന്ന പ്രയോഗങ്ങളെ ആശയങ്ങളാക്കി മാറ്റിയ അയ്യൻകാളിയുടെ നെറ്റിയിൽ മഹാത്മ എന്നെഴുതിച്ചേർത്തത് തമ്പുരാനിസത്തിന്റെ നെഞ്ചുതകർത്തൊരു വിപ്ലവകാലമാണ്. ഒരു നൂറ്റാണ്ടിനുംമുമ്പ് അയ്യൻകാളിയുടെ കൈപിടിച്ച് ഊരൂട്ടമ്പലം സ്കൂളിൽ പ്രവേശിച്ച പഞ്ചമിയെ ഇറക്കിവിട്ടതും സരസ്വതീവിദ്യാലയം അശുദ്ധമാക്കിയതിന് ആ സ്കൂളിനുതന്നെ തീവെച്ചതും പഴയ ചരിത്രം. എന്നാൽ, ഇന്ന് അതേ ഊരൂട്ടമ്പലം സ്കൂൾ പഞ്ചമിയുടെ പേരിൽ പ്രശസ്തമായി തീർന്നിരിക്കുന്നു. അന്ന് തമ്പുരാക്കന്മാർ സ്കൂളിന് തീയിട്ടപ്പോൾ പൂർണമായും കത്തിത്തീരാത്ത ബെഞ്ച്, കുതറുന്ന കീഴാള നവോത്ഥാന കരുത്തിന്റെ നിത്യസ്മാരകവും!
കേരളത്തനിമയായി സംസ്കാരത്തിന്റെ ഭൂപടങ്ങളിൽ അടയാളപ്പെടുത്തേണ്ടത് വെറ്റിലച്ചെല്ലവും, കസവുമുണ്ടും മേലാക്കളുടെ തുപ്പൽ കോളാമ്പിയുമല്ല, സഞ്ചാരസ്വാതന്ത്ര്യ പ്രഖ്യാപനത്തിന്റെ ധീരമാതൃകയായി മാറിയ അയ്യൻകാളിയുടെ ആ പ്രശസ്തമായ വില്ലുവണ്ടിയുടെ ചെറുരൂപങ്ങളാണ്. മലയാളിയുടെ ജീവിതത്തെ സൂക്ഷ്മാർഥത്തിൽ ഏത് തീവണ്ടിയേക്കാളും വേഗത്തിൽ മുന്നോട്ടേക്കുനയിച്ചത് ആ വില്ലുവണ്ടിയാണെന്ന്, എല്ലാം പതുക്കെ മറന്നുതുടങ്ങുന്ന മനുഷ്യരെ നിരന്തരം ഓർമിപ്പിക്കണം. മഹാരാജാക്കന്മാരുടെ ചോരപ്പുഴയൊഴുക്കിയ അശ്വമേധങ്ങളല്ല, മുമ്പ് ജാതിമേൽക്കോയ്മയുടെയും ഇപ്പോൾ നവഫാഷിസ്റ്റുകളുടെയും നേതൃത്വത്തിൽ സംഘർഷം മാത്രം സൃഷ്ടിച്ചുകൊണ്ടിരിക്കുന്ന പശുരക്ത ജൈത്രയാത്രകളല്ല, അലങ്കരിച്ചൊരുക്കിയ രണ്ട് കാളകൾ വലിച്ച ആ കാളവണ്ടിയാണ് കേരളത്തിന്റെ കുതിപ്പിന് വഴിവെട്ടിയത്. നവോത്ഥാനകാലത്തെ ആ സമരവണ്ടിയെ മ്യൂസിയത്തിൽ ചെന്നെങ്കിലും അഭിവാദ്യം ചെയ്യാൻ പുതിയ കുട്ടികൾ താൽപര്യപൂർവം ക്യൂനിൽക്കുന്ന ഒരു കാലം ഉണ്ടായിത്തീരുമ്പോൾ, അനിവാര്യമായും സാംസ്കാരിക ജീവിതത്തിൽ പുതിയൊരൂർജമുണ്ടാവും. എന്റെ പാടത്ത് നെല്ലുണ്ട്, ആയിഷയുടെ വീട്ടിൽ വെള്ളവുമുണ്ട്, കോഴിക്കോട്ട് പോയാൽ ഒരു തീപ്പെട്ടിയും കിട്ടും, അങ്ങനെ ഞങ്ങളെ ആരും പേടിപ്പിക്കേണ്ട എന്ന് മലയാളത്തിന്റെ അഭിമാനമായ നിലമ്പൂർ ആയിഷയെന്ന നാടകപ്രതിഭക്ക് മുസ്‍ലിം മതയാഥാസ്ഥിതികർ വിലക്ക് കൽപിച്ച കാലത്ത്; അതിനെ പ്രതിരോധിക്കാൻ നിലമ്പൂർ കോവിലകം കുടുംബാംഗവും പുരോഗമനവാദിയുമായ കുഞ്ഞിക്കുട്ടൻതമ്പുരാന് പറയാൻ കഴിഞ്ഞത്, അയ്യൻകാളിയുൾപ്പെടെയുള്ളവർ നിർവഹിച്ച നാനാതരത്തിലുള്ള നവോത്ഥാന സമരസംരംഭങ്ങളുടെ തീ തുടർച്ചയിലാണെന്ന്, മഹാത്മ അയ്യൻകാളിയെ അനുസ്മരിക്കും വേളയിൽ മലയാളി ആഴത്തിൽ അറിയണം. അതുപോലെ മറക്കാൻ പാടില്ലാത്ത മറ്റു പലതും!.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.