മലബാർ ലിറ്ററേച്ചർ ഫെസ്റ്റിവലിന് ഇന്ന് തുടക്കം
text_fieldsകോഴിക്കോട്: മലബാർ ലിറ്ററേച്ചർ ഫെസ്റ്റിവലിന് വ്യാഴാഴ്ച കോഴിക്കോട് ബീച്ചിൽ തുടക്കമാകും. വൈകീട്ട് 6.30ന് പാണക്കാട് സാദിഖലി ശിഹാബ് തങ്ങൾ ഉദ്ഘാടനം ചെയ്യും. എഴുത്തുകാരൻ സുഭാഷ് ചന്ദ്രന് മുഖ്യപ്രഭാഷണം നിർവഹിക്കും. വൈകീട്ട് സൂഫി സംഗീതജ്ഞരായ വാർസി സഹോദരന്മാരുടെ ഖവാലി നിശ അരങ്ങേറും. പുസ്തക ചര്‍ച്ചകള്‍, അഭിമുഖങ്ങള്‍, സംവാദങ്ങള്‍, ഡോക്യുമെന്ററി പ്രദർശനങ്ങൾ, സംഗീത സദസ്സുകൾ, കലാപ്രകടനങ്ങൾ എന്നിവക്കും ഫെസ്റ്റിവൽ വേദിയാകും. മാപ്പിള, ദലിത്, ആദിവാസി ജീവിതങ്ങളെ ഡോക്യുമെന്റ് ചെയ്യുന്ന സമാന്തര സിനിമകളുടെ പ്രദർശനവും തുടർചർച്ചകളും ഫെസ്റ്റിവലിൽ അരങ്ങേറുമെന്ന് ഭാരവാഹികൾ പറഞ്ഞു.
കനിമൊഴി, എന്‍സെങ് ഹോ, നിഷത് സൈദി, ക്രിസ്റ്റഫെ ജാഫ്രിലോ, ടി.ഡി. രാമകൃഷ്ണന്, എസ്. ഹരീഷ്, ഉണ്ണി ആര്, ഫ്രാന്‍സിസ് നൊറോണ, പി.എഫ്. മാത്യൂസ്, സന്തോഷ് ജോര്‍ജ് കുളങ്ങര, മുഹ്സിന് പരാരി, വിധു വിൻസെന്റ്, വിജയരാജമല്ലിക തുടങ്ങിയവർ വിവിധ സെഷനുകളിൽ പങ്കെടുക്കും. കടലാണ് മലബാർ ഫെസ്റ്റിവെലിന്റെ ഇത്തവണത്തെ പ്രമേയം. കടലുമായി ബന്ധപ്പെട്ട് മാത്രം പത്തോളം സെഷനുകള്‍ എം.എൽ.എഫിലുണ്ട്. കോഴിക്കോടിന് ലഭിച്ച യുനെസ്കോ സാഹിത്യ നഗരം പദവിയും മലയാള പ്രസാധനത്തിന്റെ 200ാം വാർഷികവും പ്രധാന വിഷയമായിരിക്കും. ഫെസ്റ്റിവലിന്റെ ഭാഗമായി നടന്ന ‘ദെ മലബാറിക്കസ്’ ഹെറിറ്റേജ് വാക്ക് കോഴിക്കോട് ചൊവ്വാഴ്ച സമാപിച്ചു. പൈതൃക യാത്ര കുറ്റിച്ചിറ, മുച്ചുന്തി പള്ളി, മിശ്ഖാൽ പള്ളി, ഗുജറാത്തി സ്ട്രീറ്റ്, ബോറ മസ്ജിദ്, വലിയങ്ങാടി, മിഠായി തെരുവ്, മാനാഞ്ചിറ എന്നിവിടങ്ങൾ സന്ദർശിച്ചു. മലബാർ ചരിത്രാനുഭവങ്ങൾ തേടി നടത്തിയ യാത്ര തലശ്ശേരി, കണ്ണൂർ, വളപട്ടണം, തളങ്കര, പൊന്നാനി, കൊണ്ടോട്ടി, കൊടുങ്ങല്ലൂർ, തിരൂരങ്ങാടി നഗരങ്ങളിലും നടന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.