മലക്കുൽ മൗത്ത്
text_fields''വോട്ടെടുപ്പ് ഒക്കെ കഴിഞ്ഞിട്ട് ദെവസെത്രയായി ഇക്കാ, ആ ജമാൽ മെംബറെ ജയിച്ചു കഴിഞ്ഞ് പിന്നെ ഒന്ന് കണ്ടിട്ട് കൂടിയില്ലാലോ, എണീക്കാൻ പറ്റാത്ത ഇങ്ങടെ വോട്ട് വരെ മ്മള് കൊടുത്തതല്ലേ?''. നബീസയുടെ പരാതിപറച്ചിലിന് താൽക്കാലിക വിരാമമിട്ട് നെടുനീളനൊരു മിന്നലിന്റെ അകമ്പടിയോടെ കനത്തൊരു ഇടി ആകാശത്തിന്റെ ഏതോ കോണിൽനിന്നും ഓടുമേഞ്ഞ വാതിലില്ലാത്ത ആ ഒറ്റമുറി വീടിന്റെ മുകളിൽ വന്നു പതിച്ചു. കരകര ശബ്ദത്തിൽ വേഗതയില്ലാതെ കറങ്ങിക്കൊണ്ടിരുന്ന ചാരനിറത്തിലുള്ള സീലിങ് ഫാനും അന്നേരം നിശ്ശബ്ദമായി കറക്കം അവസാനിപ്പിച്ചു.
നബീസയുടെ പായാരം പറച്ചിൽ വ്യക്തമായി കേൾക്കാൻവേണ്ടി മനഃപൂർവമായിരിക്കും അന്നേരം ഇടിവെട്ടിയതും വൈദ്യുതി നിലച്ചതും. ''പെരുമഴ ആണെന്ന് തോന്നുന്നു വരാൻ പോണത്, ചോരാനിനി ഇടം ബാക്കിയില്ലാ ട്ടോ''. നബീസയുടെ കണ്ണിൽനിന്നും ഇറ്റുവീഴാൻ വെമ്പിയ കണ്ണീർത്തുള്ളി മഴക്കൊപ്പം ആർത്തലച്ചു പെയ്യാനായി കാത്തിരുന്ന പോലുണ്ട്. ''ഇലക്ഷന് വാർഡിലെമ്പാടും നിരത്തിയ ഫ്ലക്സുകളിൽ അഞ്ചാറെണ്ണം കിട്ടിയാൽ വാതിലിന് വാതിലുമായി, അത്യാവശ്യം ചോർച്ചയുള്ളിടം മൂടാനും തെകഞ്ഞേനേ''. നബീസയുടെ മുറുമുറുപ്പുകൾ ശക്തി പ്രാപിച്ചു തുടങ്ങിയ കാറ്റിന്റെയും മഴയുടെയും ഹുങ്കിൽ എവിടെയോ അലിഞ്ഞില്ലാതായി. അയൽപക്കങ്ങളിലെ ധനിക വീടുകളിലും മറ്റും പ്രസവ ശുശ്രൂഷയും അത്യാവശ്യം അടുക്കളപ്പണിയും ചെയ്തിരുന്ന നബീസ, തടിപ്പണിക്കാരനായിരുന്ന ഭർത്താവ് ഉമ്മറിനെ നോക്കാൻ വീട്ടിലാളില്ലാതെ പറ്റില്ലെന്ന അവസ്ഥ വന്നതോടെയാണ് ഒരിടത്തും പോകാതായത്. തികഞ്ഞ അധ്വാനശീലനായിരുന്ന 45 കാരനായ ഉമ്മർ മൂന്നു വർഷമായി കഴുത്തിനു താഴേക്ക് തളർന്നു കിടപ്പിലായിട്ട്.
''ഇങ്ങള് ഞാമ്പറയണത് വല്ലോം കേൾക്കണ്ടോ?''
മറുപടിയായി അടുക്കളയിൽ മുൻകൂട്ടി തയാറാക്കിവെച്ചിരുന്ന പാത്രത്തിൽ നിന്നും മഴ വെള്ളം വീഴുന്ന ഒച്ചയാണ് നിസ്സഹായയായ ആ സ്ത്രീക്ക് കേൾക്കേണ്ടി വന്നത്. എല്ലാം കേട്ടെങ്കിലും ഒന്നും മിണ്ടാനാവാത്ത ഉമ്മർ നബീസയറിയാതെ വെറുതെ ഒരു നെടുവീർപ്പിട്ടു.
ആരോരുമില്ലാത്തവര്ക്ക് താങ്ങും തണലുമായി അവനവന് മാത്രമെന്ന്... ഏതൊരു സന്തോഷത്തിനും മാറ്റു കൂട്ടുന്നത് പണമാണെന്ന്... അതില്ലാത്തവരുടെ സ്വപ്നങ്ങള്ക്ക് ഒട്ടും വർണപ്പകിട്ടുണ്ടാവില്ലെന്ന് നബീസക്ക് ബോധ്യപ്പെട്ടത് വർഷങ്ങൾക്ക് മുമ്പിതുപോലെയൊരു തോരാമഴ ദിവസമാണ്. താൽക്കാലികമായി പഞ്ചായത്ത് ഓഫിസിൽ മുറ്റം അടിക്കുന്ന പണി മെംബർ വഴി കിട്ടിയതുകൊണ്ടാണ് ഇപ്പോ രണ്ടുപേരും കഴിയുന്നത്. ഒറ്റക്കാക്കി പോകാൻ ആഗ്രഹമില്ലാഞ്ഞിട്ടും നിവൃത്തികേട് ഏതു മനുഷ്യനെയും എന്തും ചെയ്യിക്കും എന്നത് എത്ര ശരിയാണ്.
പഞ്ചസാരയും പാലും ഇല്ലാത്ത കട്ടൻ ചായ കാച്ചി കുടിച്ചുകൊണ്ടിരിക്കവെ താൻ മുമ്പ് പ്രസവ ശുശ്രൂഷ ചെയ്യാൻ നിന്ന അയൽപക്കത്തെ വീട്ടിൽ നിന്ന് ''ബൂസ്റ്റിടാത്ത ചായ എനിക്ക് വേണ്ട ട്ടാ ഉമ്മാ പറഞ്ഞേക്കാം'' നാല് വയസ്സുകാരൻ ആഷിഖ് മോന്റെ ശബ്ദം. സുഹ്റത്തയുടെ മകൾ ഷാഹിനയുടെ മോനാണ്. ''നിനക്ക് ബൂസ്റ്റ് ഇട്ടത് വേണേൽ പറഞ്ഞാ പോരെ ആശു, അയിനത് ഒഴിച്ചു കളയണോ''. കയ്പ് നിറഞ്ഞ കട്ടൻ ചായയുടെ രുചി നാവിൽനിന്ന് തുടച്ചുകളയാൻ പോലുമാവാതെ തൊണ്ടയിലിരുന്ന് നബീസയെ പൊള്ളിച്ചു. ബൂസ്റ്റിട്ട പതുപതുത്ത പാൽച്ചായ നിറമുള്ള ഒരു സ്വപ്നം കണ്ടിട്ട് കാലമെത്രയായി ''യാ റബ്ബേ'' . വിശപ്പിനാണ് ഏറ്റവും രുചിയെന്ന് ഒരിക്കലും ചിന്തിക്കേണ്ട കാര്യം പോലുമില്ലാത്ത എത്രയോ ആൾക്കൂട്ടങ്ങൾക്കിടയിലാണ് തങ്ങൾ രണ്ടു മനുഷ്യക്കോലങ്ങൾ ജീവിതം ജീവിച്ചുതീർത്തുകൊണ്ടിരിക്കുന്നതെന്ന് ഓർമവന്നത് മനഃപൂർവം തികട്ടിയകറ്റി മറവിയുടെ കാണാക്കയത്തിലേക്ക് നബീസ ഒളിപ്പിച്ചുവെച്ചു.
ഷാഹിന മോനോട് കയർത്ത് സംസാരിക്കുന്നത് നബീസ ഒരിക്കൽപോലും കേട്ടിട്ടില്ല. കൈക്കുഞ്ഞായിരിക്കവേ ഒരുദിവസം രാത്രി ഉറങ്ങാതെ കരച്ചിലോടുകരച്ചിലായ ആഷിഖ് മോനോട് ''വേഗം ഉറങ്ങ്ണ്ടോ, നല്ല അടി വെച്ചു തരൂട്ടാ കുറുമ്പന്'' എന്ന് നബീസ അറിയാതെ പറഞ്ഞത് പോലും ഷാഹിനക്ക് ഇഷ്ടപ്പെട്ടില്ല. ''അതെങ്ങനെയാ, മക്കൾ ഒന്നും ഇല്ലാത്ത കൂട്ടങ്ങൾക്ക് എന്തും പറയാം, ദേ ഉമ്മച്ചീ കുട്ടിയെ നോക്കാൻ വന്നവര് മര്യാദക്ക് അടങ്ങിയൊതുങ്ങി നിന്നാ മതി, എന്റെ കൊച്ചിനെ വഴക്കുപറയാൻ വന്നാൽ ഞാൻ നല്ല വർത്താനം പറയൂട്ടോ അവരോട്''. കുളിക്കാൻവേണ്ടി സ്വന്തം വീടുവരെ പോയി തിരിച്ച് വരവേ ഷാഹിന അവളുടെ ഉമ്മ സുഹ്റയോട് കയറുപൊട്ടിക്കുന്നതാണ് നബീസ കേൾക്കുന്നത്. പെെട്ടന്ന് നബീസ കയറിവന്നപ്പോ സുഹറയും ഷാഹിനയും വല്ലാണ്ടായിപ്പോയി. ''മോളേ, ഇത്ത കൊച്ചുറങ്ങാൻ വേണ്ടി മാത്രം വെറുതെ പറഞ്ഞതാട്ടോ, മോള് പറഞ്ഞത് നേരാ, സ്വന്തായിട്ട് എനിക്ക് മക്കളൊന്നുമില്ലാ, ഒരുപാട് പുള്ളകളെ ഓമനിപ്പിക്കാനും കുളിപ്പിക്കാനും പടച്ചോൻ അവസരം തന്നിട്ടുണ്ട്, മക്കൾ ഉണ്ടാകുക, അവരുടെ കളിചിരി കാണുക അതൊക്കെ ഒരു ഫാഗ്യാ''.
തുളുമ്പി വന്നിട്ടും ഒരിറ്റുകണ്ണീർ പൊഴിക്കാതെ നബീസ അത്രയും പറഞ്ഞൊപ്പിച്ചു. അന്നു നിർത്തിയതാണ് പ്രസവ ശുശ്രൂഷക്ക് വീടുകളിലേക്ക് പോക്ക്. ഒരു സ്ത്രീ അപമാനിക്കപ്പെടാവുന്നതിന്റെ അങ്ങേയറ്റമാണ് മച്ചിയെന്ന പദപ്രയോഗം. എന്നു വെച്ചാ പ്രസവിക്കാത്തവളുമാരൊന്നും പൂർണരല്ലെന്ന്. ശരിയാണോ, മനുഷ്യന്മാരെ തിരിച്ചറിയാതെ പോണ ആളുകളല്ലേ പൂർണരല്ലാത്തത്. തിരിച്ചടികളുടെ, നൊമ്പരങ്ങളുടെ, പട്ടിണിയുടെ വേലിയേറ്റവും ഇറക്കവും ആവോളം അനുഭവിച്ചു കഴിഞ്ഞാൽ പിന്നെ നല്ല ധൈര്യാണ് മനസ്സ് നിറയെ. അവനവനെ മാത്രമേ ഓരോ മനുഷ്യനും ആത്മാർഥമായി സ്നേഹിക്കുന്നുള്ളൂ, ബാക്കിയെല്ലാം മറ്റുള്ളോരെ കാണിക്കാനുള്ള കാട്ടിക്കൂട്ടലുകളാണെന്ന് ഒരിക്കൽപോലും ചിന്തിച്ചിട്ടില്ലാത്തവർ വരെ അങ്ങനെ ചിന്തിക്കുന്നത് സാഹചര്യങ്ങൾ ശ്വാസം മുട്ടിക്കാൻ തയാറെടുപ്പ് നടത്തുമ്പോഴാണോ, ആവോ ആർക്കറിയാം.
രാത്രി അതിന്റെ മൂന്നാം യാമത്തിലേക്ക് കടക്കാൻ തുടങ്ങിയിരിക്കുന്നു. നിരന്തരം ഒരു മടുപ്പുമില്ലാതെ സൂര്യൻ അതിരാവിലെ എഴുന്നേറ്റ് വരുന്നത് എത്രയെത്ര മനുഷ്യർക്കാണ് പ്രതീക്ഷ നൽകുന്നത്. വെളിച്ചമുള്ളപ്പോഴും നമുക്കൊപ്പമുണ്ടെങ്കിലും ഇരുട്ട് നിറയുമ്പോൾ മാത്രം കാണാൻ പറ്റണ ഭംഗിയുള്ള നിലാവും, പരകോടി നക്ഷത്രങ്ങളും കാണാൻ സൂര്യന് മാത്രം ഭാഗ്യമില്ല. അതെ, ഈ ഇരുട്ടിന് എന്ത് ഭംഗിയാണ്... എന്നിട്ടും ഇരുട്ടിനെ മറികടക്കാനാണ് എല്ലാവരും ശ്രമിക്കുന്നത്. ചോർച്ച തടയാൻ വെച്ച പഴയ ഫ്ലക്സിനിടയിലൂടെ താഴേക്ക് മഴ വെള്ളം തുള്ളി തുള്ളിയായി വീഴാൻ തുടങ്ങിയിട്ട് മണിക്കൂറായി. നിലത്ത് വിരിച്ച പായയിലോ ഉമ്മറിക്ക കിടക്കുന്ന ആകെ ഉള്ള കട്ടിലിലോ വെള്ളം വീഴാതിരിക്കാൻ വെച്ച പാത്രങ്ങൾ നിറഞ്ഞു തുടങ്ങി. അടുപ്പിൽ തിളപ്പിച്ച് വെച്ചിരുന്ന കഞ്ഞി ഒരു ചെറിയ പ്ലേറ്റിലേക്ക് പകർത്തി നബീസ ഉമ്മറിന് നൽകാൻ തുടങ്ങി. മഴയെ തോൽപിക്കാൻ ഒരു പാത്രം കൂടി കിട്ടാൻ നബീസ ആഗ്രഹിച്ചു. ഇടിയും മഴയും കനക്കുന്നതിനാൽ സാധാരണ നൽകുന്നതിലും സ്പീഡിൽ ഉമ്മറിന് കഞ്ഞി വാരി ക്കൊടുക്കാൻ അവൾ വിഫലശ്രമം നടത്തി. ഉമ്മറാകട്ടെ പതിവിലും പതുക്കെ കഴിക്കാനാണ് ആഗ്രഹിച്ചത്. ''എന്താണിങ്ങനെ വളരെ പതുക്കെ കഴിക്കുന്നത്, വേഗം കഴിക്കൂ...''
''ഇത് തീർന്നു പോയാലോ, രാവ് പുലരാൻ ഇനീം നേരം ഇല്ലേ, വേഗത്തിൽ ഇത് കഴിച്ച് തീർത്താൽ പിന്നേം എനിക്കു വിശക്കില്ലേ." ഒന്നും മിണ്ടാതെ, അനക്കം ഇല്ലാതെ ആയിട്ട് മൂന്ന് വർഷമായിട്ടും ഉമ്മറിക്ക തനിക്ക് വേണ്ടി മാത്രം സംസാരിക്കുന്നതു പോലെ നബീസക്ക് തോന്നി. എത്ര സങ്കടക്കടലിരമ്പിയാലും ഏതൊരാൾക്കും അവരവർ ആഗ്രഹിക്കുന്ന പോലത്തെ കുഞ്ഞു സുന്ദര നിമിഷങ്ങൾ അനുഭവിക്കാൻ പടച്ചവൻ അവസരം തരും. ഈ മഴയും രാത്രിയും നബീസക്ക് നൽകിയതും അതായിരുന്നു. ഓർമകളും തികട്ടലുകളും മാറി മാറി വീശിക്കൊണ്ടേയിരുന്നു.
കഞ്ഞി കുടിപ്പിച്ച് കൈ കഴുകിപ്പിക്കവേ തന്റെ ഉമ്മറിക്കയുടെ കൈകൾ പതിവില്ലാത്ത വിധം തണുക്കുന്നത്, മരവിക്കുന്നത് നബീസക്ക് ഒട്ടും ഇഷ്ടപ്പെടുന്നേയില്ലായിരുന്നു. നിഴലായും പ്രാണനായും ചേർത്തുനിർത്തിയൊരാളിന്റെ അവസാന പിടച്ചിലും ശ്വാസമില്ലാണ്ടാകുന്നതും അതുെകാണ്ടുതന്നെ, നബീസക്ക് മനസ്സിലായതുമില്ല. രണ്ടു പതിറ്റാണ്ടുകൾക്ക് മുമ്പ് നിറയെ ആൾക്കൂട്ടമുള്ള കല്യാണപ്പന്തലിൽ മൈലാഞ്ചി ചോപ്പണിഞ്ഞ കൈകൾ നീട്ടിവെച്ച് ഒപ്പന പാടുന്ന പെൺകിടാങ്ങൾക്ക് നടുവിലിരുന്ന് കിനാവ് കാണുന്ന 20 കാരിയായി നബീസ തന്റെ ഓർമകളെ വഴിതിരിച്ചു വിട്ടു. ഇനിയങ്ങോട്ട് താനൊറ്റക്കാണെന്ന്, എത്ര വട്ടം മനസ്സിനെ പറഞ്ഞു പഠിപ്പിക്കാൻ ശ്രമിച്ചിട്ടും പറ്റണില്ലാത്ത കൊണ്ടായിരിക്കും ഇരുവശവും നെല്ല് വിതച്ച പാടവരമ്പിന് നടുവിലൂടെ കുതിരയെ പൂട്ടിയ മണി കിലുക്കിയ രഥത്തിൽ മലക്കുൽ മൗത്ത്* വന്നിട്ടും നബീസക്ക് കാണാൻ കഴിയാതെപോയത്.
*മലക്കുൽ മൗത്ത്- ഇസ്ലാമിക വിശ്വാസ പ്രകാരം ഓരോ മനുഷ്യന്റെയും ഭൂമിയിലെ ജീവിതത്തിന് കാലാവധി എത്തിയാല്, അല്ലാഹു അവരുടെ ആത്മാവിനെ പിടികൂടുന്നു. ആത്മാവിനെ പിടികൂടാനുള്ള ചുമതല അല്ലാഹു ഏൽപിച്ചിരിക്കുന്നത് മലക്കുല് മൗത്തിനെയാണ്. വിശുദ്ധ ഖുര്ആനില് മലക്കുല് മൗത്ത് എന്നാണ് പരിചയപ്പെടുത്തിയത്.
(കഥ, കവിത, പുസ്തകാസ്വാദനം തുടങ്ങി വായനക്കാരുടെ സ്വതന്ത്ര രചനകൾ മാധ്യമം ഓൺലൈനിൽ പ്രസിദ്ധീകരിക്കാനായി online@madhyamam.com എന്ന ഇ-മെയിൽ വിലാസത്തിലേക്ക് ഫോട്ടോയും ഫോൺനമ്പറും സഹിതം അയക്കാം...)
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.