മനഃശ്ശാസ്ത്ര രഹസ്യങ്ങളിലേക്ക് ഒരു യാത്ര
text_fieldsമനുഷ്യന് ലഭിച്ച ഏറ്റവും വലിയ ഉപകരണമാണ് മനസ്സ്. മനുഷ്യകുലത്തിന്റെ സകല പുരോഗതിക്കും അടിത്തറയായത് മനസ്സിന്റെ ബുദ്ധി വൈഭവവും യുക്തി ബോധവുമാണ്. എന്നാൽ ഇതേ മനസ്സ് യുക്തിരഹിതമായ ഒട്ടനവധി പ്രവണതകളുടെ അടിമയാണെന്ന് നിങ്ങൾക്കറിയാമോ? അബോധതലത്തിൽ പ്രവർത്തിക്കുന്ന ഇത്തരം പ്രവണതകൾ നമ്മളറിയാതെ നമ്മുടെ ചിന്തകളെയും തീരുമാനങ്ങളെയും പ്രവൃത്തികളെയും സ്വാധീനിക്കുന്നുണ്ടെന്നതാണ് സത്യം. എന്നാൽ ഈ രഹസ്യ പ്രവണതകളെ ശരിയാം വണ്ണം മനസ്സിലാക്കിയാൽ നമ്മെയും മറ്റുള്ളവരെയും ശരിയായി നിരീക്ഷിക്കാനും വിലയിരുത്താനും സ്വാധീനിക്കാനും കഴിയുമെന്നത് ഒരു സന്തോഷ വാർത്ത തന്നെയല്ലേ? അത്തരം രഹസ്യ പ്രവണതകൾ പരിചയപ്പെടുത്തി മനഃശാസ്ത്ര പരിശീലകനും മെന്ററുമായ അസ്‌കർ ഹസ്സൻ രചിച്ച കൃതിയാണ് ‘41 മനഃശാസ്ത്ര രഹസ്യങ്ങൾ’. ഇതിലെ ചില ആശയങ്ങൾ നമ്മുടെ സാമാന്യ ബോധത്തിൽ (common sense) നേരത്തേ അറിയുന്നതായിരിക്കാം. അതിന്റെ മനഃശാസ്ത്ര പശ്ചാത്തലം അറിയുമ്പോൾ ആ അറിവിന് ഗരിമ കൂടും. ചിലത് പുതിയതും സാമാന്യബോധത്തിന് നേരെ പല്ലിളിക്കുന്നവയായിരിക്കും.
സ്വന്തത്തെക്കുറിച്ച് നമുക്കുള്ള പ്രതീക്ഷയും ശുഭാപ്‌തി വിശ്വാസവും നമ്മിലുണ്ടാക്കുന്ന മാറ്റത്തെക്കുറിച്ച് നമുക്ക് ഏവർക്കും അറിയാം. എന്നാൽ, മറ്റുള്ളവരെ കുറിച്ച് നമുക്കുള്ള പ്രതീക്ഷയും വിശ്വാസവും അവരിൽ പ്രകടമായ മാറ്റം ഉണ്ടാക്കുമെന്ന് പറഞ്ഞാലോ? ഗ്രീക് മിത്തോളജിയിലെ പിഗ്മാലിയൻ എന്ന ശിൽപിയുടെ കഥയുമായി ബന്ധപ്പെടുത്തി മനഃശാസ്ത്രത്തിലെ പിഗ്മാലിയൻ പ്രഭാവത്തെ അവതരിപ്പിച്ചുകൊണ്ടാണ് ‘പ്രതീക്ഷയാണ് പ്രചോദനം’ എന്ന ആദ്യ അധ്യായം ആരംഭിക്കുന്നത്. തുടർന്നുള്ള അധ്യായങ്ങളിൽ നഷ്ട വൈമുഖ്യം, ഹൈപ്പർബോളിക് ഡിസ്കൗണ്ടിങ് തുടങ്ങി സാമൂഹിക തെളിവ്, വൈകാരിക പ്രഭാവം, വഞ്ചനാ പ്രഭാവം തുടങ്ങിയ 41 പ്രവണതകളുടെ രഹസ്യങ്ങളിലേക്ക് രചയിതാവ് നമ്മെ കുട്ടിക്കൊണ്ടുപോകുന്നു.
ഓരോ അധ്യായവും ഓരോ മാനസിക പ്രവണതകളെക്കുറിച്ചുള്ള കേവല വിവരണത്തിൽ ഒതുക്കുന്നതിന് പകരം ആ അറിവിനെ നിത്യ ജീവിതത്തിൽ എങ്ങനെ പ്രയോഗവത്കരിക്കാമെന്നുകൂടി ഉദാഹരണ സഹിതം വിവരിക്കുന്നുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.