ഖബറിനുള്ളിലെ ഹൃദയം സ്പന്ദിക്കുന്നു
text_fieldsപരിത്യക്തരുടെ ജീവിതത്തിന്റെ അനുഭവതീക്ഷ്ണതയെ സാന്ദ്രസുന്ദരമായി ആവിഷ്കരിക്കുന്നവയാണ് ജി. ഹരി നീലഗിരിയുടെ കവിതകൾ. കവിത പുതിയതാണോ പഴയതാണോ എന്നു നിശ്ചയിക്കുന്നത് ആണ്ടുപിറവികളെയും കവിത രചിക്കപ്പെടുന്ന മുഹൂർത്തങ്ങളെയും ആസ്പദമാക്കി അല്ല എന്നും കവിതയുടെ നവീനതയാണ് അതിന്റെ മാനദണ്ഡമെന്നും ഹരിയുടെ കവിതകൾ ദാർശനികമായി അടിവരയിടുന്നു. കവിത ജീവിതത്തിന്റെ വിമർശനം മാത്രമല്ല, സമാന്തര ജീവിതത്തിന്റെ സൃഷ്ടികൂടിയാണ് എന്ന് സ്പഷ്ടമാക്കുന്ന കവിതകളുടെ അപൂർവ സമാഹാരമാണ് ‘ആമി എന്നു പേരുള്ള ഒരുമ്മ’. ജി. ഹരിയുടെ കവിതകളിൽ ഉപമകളോ ബിംബങ്ങളോ ഇല്ല. ആധുനികതയുടെയും ആധുനികോത്തരതയുടെയും കവിതാ സങ്കൽപത്തെ, കവി അരിഞ്ഞുവീഴ്ത്തുന്നത് പ്രപഞ്ചകേന്ദ്രിത ദർശനത്തിന്റെ മൂർച്ചയേറിയ ഖഡ്ഗംകൊണ്ടാണ്.
‘ഹരി ഒരു ഭീകരകവിയാണ്’ എന്ന കവിതയിൽ കവി സ്വയം പരിഹസിക്കുകയാണെന്ന് തോന്നിപ്പിക്കുമെങ്കിലും അതിന്റെ ധ്വനിസാന്ദ്രത മറ്റൊരു മാനത്തിലാണ് പ്രകാശിക്കുന്നത്. കവി സത്യം പറയുകയാണ്. ഭീകരതയെന്നാൽ കൊലയും കൊള്ളിവെപ്പും മാത്രമാണ് എന്നു ധരിക്കുന്ന പൊതുബോധത്തെ ആഴത്തിൽ പൊള്ളലേൽപിക്കുന്ന കവിതയാണിത്.
ക്ലാസിക് കാവ്യ സംസ്കൃതിയുടെ പൊലിമയും ആധുനികോത്തര കാവ്യഭാവനയുടെ നവീനതയും സൂഫി കാവ്യകലയുടെ മിസ്റ്റിക് സംഗീതാനുഭൂതിയും ലയിക്കുന്ന ‘സാനിയാ ഓ സാനിയാ...’ എന്ന കവിത അവാച്യമായ വായനാനുഭവമാണ് നൽകുന്നത്.
ജി. ഹരി നീലഗിരിയുടെ കവിതകൾ അനന്തതയിലേക്കുള്ള ഉന്മാദയാത്രകളാണ്. അവിടെ വിജയപരാജയങ്ങളോ സുഖദുഃഖങ്ങളോ ഒന്നുമില്ല. ജീവിതത്തിന്റെ നിർവചിത വികാരങ്ങളെയും വിചാരധാരകളെയും തീവ്രമായി നിഷേധിച്ചുകൊണ്ട് പിറവിയെടുക്കുന്ന സർഗാത്മകതയുടെ ഉത്സവമാണത്. കവി ഏകാന്തതയിൽ അല്ല സഞ്ചരിക്കുന്നത്. അങ്ങനെയെങ്കിൽ ജി. ഹരി കേവലം കാൽപനിക കവിയായി മാറുമായിരുന്നു. അന്യാദൃശമായ ജീവിതാനുഭവങ്ങൾ കവിയുടെ വാക്കുകൾക്ക് നൽകുന്ന കനപ്പും അദൃശ്യലാവണ്യവും ഈ കവിതകളെ അത്രമേൽ അനുപമ സുന്ദരമാക്കുന്നു.
ആൺ, പെൺ, ഭിന്നലൈംഗികസ്വത്വം എന്ന ഭൗതികവിഭജനങ്ങളെ അതിലംഘിച്ച് പ്രകൃതിയുടെ നിരന്തര ചലനവികാസ പ്രതിഭാസങ്ങളെപോലെ, ഒരിക്കലും ഒരവസ്ഥയിൽ മാത്രം നിലകൊള്ളാത്ത നവീന ലൈംഗികസങ്കൽപം നമ്മുടെ സ്ത്രീപക്ഷ കവിതകൾക്കുള്ള ശക്തമായ വിമർശനംകൂടിയാണ്. മാത്രമല്ല യുക്തിയെയും ഭാവനയെയും ഒരു ജൈവ അഭിസംയുക്തത്തിൽ നിന്നും പിളർക്കാൻ വൃഥാ ശ്രമിക്കുന്ന കവിതകളോടുള്ള സർഗാത്മകമായ കലഹംകൂടിയാണ് ഹരിയുടെ കവിതകൾ. ഓരോ വിശ്വാസവും യുക്തിയുടെ ബലത്തിൽ സൃഷ്ടിക്കപ്പെട്ടതുപോലെ ഓരോ യുക്തിയും ഒരു വിശ്വാസത്തിന്റെ ശിലയിൽ പടുത്തുയർത്തപ്പെടുന്നതാണ്. ഇത് രണ്ടും അവിഭാജ്യമാണ്. പരസ്പരം രൂപം മാറുകയും വിഭജിതമാവുകയും പുനർസമന്വയിക്കപ്പെടുകയും ചെയ്യുന്ന പ്രജ്ഞയുടെ ജൈവപരിണാമ വിസ്മയമാണ് ഓരോ കവിതയും. ‘ആമി എന്നു പേരുള്ള ഒരുമ്മ...’ എന്ന കവിത കമല സുറയ്യയെക്കുറിച്ചുള്ള കവിതയല്ല.
ഒരു വ്യക്തിയെക്കുറിച്ച് കവികൾക്ക് കവിത എഴുതാം. മായക്കോവ്സ്കി, അലക്സാണ്ടർ പുഷ്കിൻ മുതൽ ബാലചന്ദ്രൻ ചുള്ളിക്കാട് വരെ എഴുതിയ (ലെനിൻ മൊസാർട്ട്-സലീറി, എം.എം. ലോറൻസ് എന്നിവരെക്കുറിച്ച് യഥാക്രമം) നിരവധി കവിതകളുണ്ട്. വ്യക്തികളെക്കുറിച്ച് നിങ്ങൾക്ക് ചരിത്രമെഴുതാം. എന്നാൽ, ഒരു വ്യക്തിയെമാത്രം വരിക്കാൻ കഴുത്തുനീട്ടിത്തരുന്ന ധർമവധുവല്ല കവിത. അഥവാ അങ്ങനെ വരിച്ചാലും അവൾ ഒരു സീതയായി നിൽക്കുന്നില്ല. എത്ര വരന്മാരെ വരിച്ചാലും ഒരു ധർമപത്നിയാവാത്ത പ്രതിഭയുടെ പോർക്കളത്തിൽ ദിഗംബരയായി അടരാടുന്ന ജീവസ്വരൂപമാണ് കവിത. അതുകൊണ്ട് കവിതയെ ‘നഗ്നകവിത’ എന്ന് (Blint Poem) വിശേഷിപ്പിക്കുന്നതും അപ്രസക്തമാണ്. കവിത ആജീവനാന്ത ദിഗംബരയാണ്. എന്ത് ആഭരണം അണിയിച്ചാലും എത്ര ആർഭാടവസ്ത്രങ്ങൾ അണിയിച്ചാലും അതെല്ലാം തന്നെ ജൈവ സംയുക്തമായി ഉടലിൽ ഉരുകി ലയിക്കുന്ന വിസ്മയഭാവനാശരീരമാണ് കവിത.
ജീവിതത്തിന്റെ വൈരുധ്യങ്ങളെയും സങ്കീർണതകളെയും മനുഷ്യലോകത്തെ ഭയാനകമായ ഹിംസകളെയും നിഷ്ഠുരമായ കാപട്യങ്ങളെയും രക്തഛവിയാർന്ന ദൃശ്യചാരുതയിലും തീവ്ര ദാർശനികതയുടെ പ്രഹരശേഷിയിലും രൂപപ്പെടുത്തിയ വേറിട്ട സൃഷ്ടികളാണ് ജി. ഹരിയുടെ ‘നീലഗിരിയുടെ ആമി എന്ന് പേരുള്ള ഒരുമ്മ’ എന്ന സമാഹാരം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.