മലയാള നോവൽ പ്രസ്ഥാനത്തിന്റെ നാൾവഴികൾ
text_fieldsമലയാള സാഹിത്യവിമർശന രംഗത്തെ സജീവ സാന്നിധ്യമാണ് പ്രസന്നരാജന്റേത്. ആധുനികതയുടെ മധ്യാഹ്നത്തിലാണ് അദ്ദേഹം വിമർശനരംഗത്തേക്കു കടന്നുവരുന്നത്. ‘‘അരക്കിട്ടുറപ്പിച്ച യുക്തിബോധത്തോടെയല്ല വിമർശനകല ചലിക്കുന്നത്. മറിച്ച് അയഞ്ഞതും ചലനാത്മകവുമായ സൗന്ദര്യ ബോധത്തോടെയാണ്.’’ ഇതാണ് വിമർശനകലയെക്കുറിച്ചുള്ള അദ്ദേഹത്തിന്റെ കാഴ്ചപ്പാട്.
തുടക്കത്തിൽ ഉറച്ചുപോയ സൈദ്ധാന്തിക നിലപാടുകളിൽനിന്ന് മാറാൻ കഴിയാത്ത വിമർശകനാണ് കാലഹരണപ്പെട്ടു പോകുന്നത്. എന്നാൽ മാറുന്ന കാലത്തിന്റെ അഭിരുചിക്കും ഭാവുകത്വത്തിനും ഒപ്പം സഞ്ചരിക്കുന്ന വിമർശന പ്രതിഭയാണ് പ്രസന്നരാജന്റേത്. തന്റെ സൗന്ദര്യബോധത്തെയും ഭാഷയെയും അദ്ദേഹം നിരന്തരം നവീകരിച്ചുകൊണ്ടിരിക്കുന്നു. അതുകൊണ്ടുതന്നെ അദ്ദേഹത്തിന്റെ നിലപാടുകളും നിരീക്ഷണങ്ങളും വർത്തമാനകാല ധൈഷണിക ലോകത്തെ കാലാവസ്ഥാ വ്യതിയാനങ്ങളെ സജീവമായി തരണം ചെയ്യുന്നു.
ഇതിന്റെ ഏറ്റവും മികച്ച ദൃഷ്ടാന്തമാണ് സമീപകാലത്ത് ഭാഷാ ഇൻസ്റ്റിറ്റ്യൂട്ട് പുറത്തിറക്കിയ ‘മലയാള നോവൽ ഇരുപത്തിയൊന്നാം നൂറ്റാണ്ടിൽ’ എന്ന അദ്ദേഹത്തിന്റെ പുസ്തകം. നാല് ഭാഗങ്ങളായി തിരിച്ചിരിക്കുന്ന ഈ പുസ്തകത്തിൽ 22 ലേഖനങ്ങളുണ്ട്. കാവ്യവിമർശകനായാണ് പ്രസന്നരാജൻ ഈ രംഗത്തേക്കു കടന്നുവരുന്നത്. അതിനെക്കുറിച്ച് ഈ പുസ്തകത്തിന്റെ മുഖവുരയിൽ സൂചിപ്പിക്കുന്നുണ്ട്.
പേര് സൂചിപ്പിക്കുന്നതുപോലെ ഇരുപത്തിയൊന്നാം നൂറ്റാണ്ടിൽ മലയാളത്തിൽ പിറന്ന നോവലുകളാണ് പുസ്തകത്തിൽ പ്രധാനമായും വിലയിരുത്തപ്പെടുന്നത്. എന്നാൽ അതു മാത്രമല്ല ഈ പുസ്തകത്തിന്റെ പ്രസക്തിയും പ്രാധാന്യവും. മലയാള നോവലിന്റെ ആരംഭം മുതൽ വർത്തമാനകാലം വരെയുള്ള അവസ്ഥാവിശേഷങ്ങളിലൂടെ കടന്നുപോകുന്നു എന്നതാണ്. അങ്ങനെ ഈ പുസ്തകം മലയാള നോവൽ പ്രസ്ഥാനത്തിന്റെ നാൾ വഴിയായി മാറുന്നു. ഒന്നാം ഭാഗത്തിലെ മൂന്ന് ലേഖനങ്ങൾ നോവലിന്റെ പൊതുസ്വഭാവത്തെ വിലയിരുത്തുന്നവയാണ്. ‘നോവൽ യാഥാർഥ്യങ്ങളും മാന്ത്രിക ഭാവനകളും’ എന്ന ആദ്യ ലേഖനത്തിൽ നോവൽ വായനയുടെ സാഫല്യത്തെക്കുറിച്ച് ചർച്ച ചെയ്യുന്നു. അർഥങ്ങൾക്കു വേണ്ടിയുള്ള തീർഥാടനമാണ് വായനയെന്ന നിഗമനത്തിലാണ് ഗ്രന്ഥകാരൻ എത്തിച്ചേരുന്നത്.
‘മലയാള നോവൽ പാരമ്പര്യം: ചരിത്രവും വിലയിരുത്തലും’ എന്ന രണ്ടാമത്തെ ലേഖനത്തിൽ മലയാള നോവലിന്റെ വികാസപരിണാമങ്ങളെ വിലയിരുത്തുന്നു. മലയാള നോവലിന്റെ ചരിത്രവും വർത്തമാനവും കൈയടക്കത്തോടെ ഈ ലേഖനത്തിൽ സംഗ്രഹിച്ചിരിക്കുന്നു. വിയോജിപ്പുകളെ ആകർഷിക്കുന്ന ചില നിരീക്ഷണങ്ങൾ ഈ ലേഖനത്തിലുണ്ട്. ചന്തുമേനോന്റെ ഇന്ദുലേഖയേയും സി.വി. രാമൻപിള്ളയുടെ ആഖ്യായികകളേയും വിലയിരുത്തുന്നിടത്താണ് ഇത് സംഭവിക്കുന്നത്. അതിനെക്കുറിച്ച് വിശദമായ ഒരു ചർച്ചക്ക് ഇവിടെ മുതിരുന്നില്ല. സി.വിയുടെ കൃതികളെ ശരിയായി വിലയിരുത്തുമ്പോൾത്തന്നെ അവക്കു തുല്യമാണ് ഇന്ദുലേഖയുമെന്ന് കാര്യകാരണങ്ങളില്ലാതെ പറയുന്നു.
ഇംഗ്ലീഷ് വിദ്യാഭ്യാസം, സ്ത്രീകളുടെ വിദ്യാഭ്യാസം എന്നിവയെക്കുറിച്ച് അക്കാലത്ത് നിലനിന്നിരുന്ന യാഥാസ്ഥിതിക ധാരണകളേയും കൂട്ടുകുടുംബ വ്യവസ്ഥയുടെ ജീർണതകളേയും നമ്പൂതിരി സംബന്ധം പോലുള്ള അസംബന്ധങ്ങളേയും ഇന്ദുലേഖയിൽ വിമർശനാത്മകമായി അവതരിപ്പിക്കുന്നുണ്ടെന്നതു ശരിതന്നെ. ആ നിലക്ക്, അത് പുരോഗമനോന്മുഖം തന്നെ. എന്നാൽ, ജീവിതത്തിന്റെ നാനോന്മുഖമായ ആഴങ്ങളെ ഇന്ദുലേഖ സ്പർശിക്കുന്നതേയില്ല.
എന്നാൽ, സി.വി തന്റെ അതിരില്ലാത്ത ഭാവനയിൽ വിളഞ്ഞ കഥാപാത്രങ്ങളിലൂടേയും കഥാസന്ദർഭങ്ങളിലൂടേയും മനുഷ്യ ജീവിതത്തിന്റെ ആന്തരിക യാഥാർഥ്യങ്ങളേയും അതിന്റെ സങ്കീർണതകളേയും വിശദാംശത്തിൽത്തന്നെ അവതരിപ്പിച്ചിരിക്കുന്നു. ചന്തുമേനോൻ കണ്ട ലാളിത്യത്തോടെയല്ല സി.വി ജീവിതത്തെ കണ്ടത്. സമ്പത്തിനോടും അധികാരത്തിനോടുമുള്ള മനുഷ്യന്റെ ആർത്തി, അവ നേടുന്നതിനും നിലനിർത്തുന്നതിനുള്ള മുള്ള അവന്റെ പരിശ്രമങ്ങൾ, അതിനു വേണ്ടിയുള്ള പടയോട്ടങ്ങൾ, അസൂയ, വഞ്ചന, സ്നേഹം എന്നിങ്ങനെ മനുഷ്യന്റെ നൈസർഗികമായ വാസനാവിശേഷങ്ങളടങ്ങിയ ജീവിതത്തെ അതിന്റെ സമുദ്ര വിസ്തൃതിയോടെ സി.വി തന്റെ കൃതികളിൽ ആവിഷ്‍കച്ചിരിക്കുന്നു.
ഇന്ദുലേഖയിൽ നാം കാണുന്നത് സംഭവങ്ങളുടെ ഉപരിപ്ലവമായ വിവരണമാണ്. ഇത് പ്രസന്നരാജനും ബോധ്യമുണ്ടെന്നു വേണം കരുതാൻ. അതുകൊണ്ടാണ് സി.വിയുടെ കൃതികൾക്ക് പുതുമയുടെ ലഹരിയുണ്ടെന്ന് വിശദമായി സ്ഥാപിച്ചതിനു ശേഷം ചന്തുമേനോന്റെ നോവലിനും ഈ നിത്യനൂതനത്വമുണ്ടെന്ന് ഒരൊഴുക്കൻ മട്ടിൽ പറഞ്ഞു പോകുന്നത്. സത്യത്തിൽ ഇന്നു നോക്കുമ്പോൾ വെറും ചരിത്രപരമായ പ്രാധാന്യം മാത്രമേ ഇന്ദുലേഖക്കുള്ളൂ.
ഇന്ദുലേഖയുടെ രചനയെ,1888ൽ ശ്രീനാരായണഗുരു അരുവിപ്പുറത്തു നടത്തിയ ശിവപ്രതിഷ്ഠയോടാണ് പ്രസന്നരാജൻ ഉപമിക്കുന്നത്. ‘ചന്തുമേനോന്റെ ശിവപ്രതിഷ്ഠയാണ് ഇന്ദുലേഖ’യെന്ന് അർഥശങ്കക്കിടയില്ലാത്ത വിധം പറയുന്നുണ്ട്. ഉപരിപ്ലവമായി നോക്കുമ്പോൾ ഇത് പുതുമയുള്ള ഒരു നിരീക്ഷണമായിത്തോന്നാം. എന്നാൽ, നിവർന്നു നിൽക്കാൻ തുടങ്ങുമ്പോൾത്തന്നെ തളർന്നു വീണു പോകുന്ന ഒരു നിരീക്ഷണമാണിത്. അനേകം മാനങ്ങളുള്ള ഒരു ആത്മീയ കർമമാണ് ഗുരുവിന്റെ ശിവപ്രതിഷ്ഠ.
അന്ന് നിലവിലുണ്ടായിരുന്ന ആചാരങ്ങളെ പരസ്യമായി നിഷേധിച്ചതിലൂടെ അത് ആരാധനാ സ്വാതന്ത്ര്യത്തിനു വേണ്ടിയുള്ള ഒരു വിപ്ലവ ക്രിയയായി മാറുന്നുണ്ട്. എന്നാൽ, അതിന്നപ്പുറത്തെ ചില ദാർശനിക മാനങ്ങളും അതിനുണ്ട്. ബ്രാഹ്മണ്യം ജന്മം കൊണ്ട് സിദ്ധിക്കുന്നതല്ലെന്നും അത് കർമം കൊണ്ട് ആർജിക്കുന്നതാണെന്നുമുള്ള ഭാരതീയ ദർശനത്തിന്റെ പരസ്യ ആവിഷ്‍കാരമായി അതിനെ വ്യാഖ്യാനിക്കുന്നതിൽ തെറ്റില്ല. ഒ.വി. വിജയനെ ഓർത്തുകൊണ്ട് പറഞ്ഞാൽ ഗുരു ശൂദ്രിമയെ എങ്ങനെ അഭിജാതമാക്കാം എന്ന് കാട്ടിത്തരുകയാണുണ്ടായത്. അദ്ദേഹത്തിന്റെ പിൽക്കാല പ്രവർത്തനങ്ങളും ആ ദിശക്കായിരുന്നു. അത്തരത്തിലുള്ള ബഹുമുഖ മാനങ്ങളൊന്നും ഇന്ദുലേഖക്കില്ല.
ഒന്നാം ഭാഗത്തിലെ അവസാന ലേഖനമാണ് ‘മലയാള നോവൽ ഇരുത്തിയൊന്നാം നൂറ്റാണ്ടിൽ’. മലയാള നോവലിന്റെ വർത്തമാനകാല സ്വഭാവ സവിശേഷതകൾ ലോക സാഹിത്യവുമായി ബന്ധപ്പെടുത്തി പരിശോധിക്കുന്ന ഈ ലേഖനം ശ്രദ്ധേയമാണ്.
രണ്ടായിരാമാണ്ടിനു ശേഷം മലയാളത്തിലുണ്ടായ നോവലുകളിൽനിന്ന് തിരഞ്ഞെടുത്ത ചില കൃതികളെ ഗ്രന്ഥകാരൻ ഇവിടെ രാഷ്ട്രീയമായി അപഗ്രഥിക്കുന്നു. രാഷ്ട്രീയം എന്നതുകൊണ്ട് ഇന്നത്തെ കക്ഷി രാഷ്ട്രീയമല്ല ഉദ്ദേശിക്കുന്നത്. അധികാരം മനുഷ്യ സ്വാതന്ത്ര്യത്തെയും അവന്റെ വ്യക്തിത്വത്തെയും എങ്ങനെ അവമതിക്കുന്നു എന്നന്വേഷിക്കുന്ന സൂക്ഷ്മ രാഷ്ട്രീയമാണ്.
കക്ഷി രാഷ്ട്രീയം കൊണ്ട് തന്റെ ചിന്താപരിസരത്തെ ഗ്രന്ഥകാരൻ മലിനമാക്കുന്നില്ല. മനുഷ്യാവസ്ഥയെ സംബന്ധിക്കുന്ന തത്ത്വചിന്താപരമായ വ്യസനങ്ങളല്ല മറിച്ച് മനുഷ്യൻ നേരിടുന്ന സ്വാതന്ത്ര്യത്തിന്റെ പ്രശ്നങ്ങളാണ് ഇന്നത്തെ എഴുത്തുകാരുടെ പ്രശ്നമെന്ന് മുഖവുരയിൽത്തന്നെ പറയുന്നുണ്ട്. അധികാരം വ്യക്തിയുടെമേൽ ആധിപത്യം സ്ഥാപിക്കുന്നു. അത് അവന്റെ സ്വാതന്ത്ര്യത്തെയും സർഗാത്മക ആവിഷ്കാരങ്ങളെയും തടസ്സപ്പെടുത്തുകയോ പരിമിതപ്പെടുത്തുകയോ ചെയ്യുന്നു. അധികാര ആധിപത്യത്തിന്റെ തിന്മകളെ ഓരോ നോവലിസ്റ്റും തങ്ങളുടെ രചനയിൽ എങ്ങനെ ആവിഷ്കരിക്കുന്നു എന്ന അന്വേഷണമാണ് പ്രസന്നരാജൻ ഈ ഗ്രന്ഥത്തിൽ നടത്തിയിരിക്കുന്നത്.
ആനന്ദിന്റെ ‘അപഹരിക്കപ്പെട്ട ദൈവങ്ങൾ’, എം. മുകുന്ദന്റെ ‘ഡൽഹിഗാഥകൾ’, സേതുവിന്റെ ‘മറുപിറവി’, കെ.പി. നിർമൽ കുമാറിന്റെ ‘ജനമേജയന്റെ ജിജ്ഞാസ’, എൻ.എസ്. മാധവന്റെ ‘ലന്തൻബത്തേരിയിലെ ലുത്തിനിയാകൾ’, സാറാ ജോസഫിന്റെ ‘മാറ്റാത്തി’, എൻ. പ്രഭാകരന്റെ ‘തിയൂർ രേഖകൾ’, സി.വി. ബാലകൃഷ്ണന്റെ ‘ദിശ’, കെ.പി. രാമനുണ്ണിയുടെ ‘ദൈവത്തിന്റെ പുസ്തകം’, ഇ. സന്തോഷ് കുമാറിന്റെ ‘അന്ധകാരനഴി’, കെ.ആർ.മീരയുടെ ‘ആരാച്ചാർ’, സുഭാഷ് ചന്ദ്രന്റെ ‘മനുഷ്യന് ഒരു ആമുഖം’, ടി.പി. രാജീവന്റെ ‘കെ.ടി.എൻ. കോട്ടൂർ എഴുത്തും ജീവിതവും’, ടി.ഡി. രാമകൃഷ്ണന്റെ ‘സുഗന്ധി എന്ന ആണ്ടാൾ ദേവനായകി’, സുസ്മേഷ് ചന്ദ്രോത്തിന്റെ ‘പേപ്പർ ലോഡ്‌ജ്’, വി.ജെ. ജെയിംസിന്റെ ‘ആന്റി ക്ലോക്ക്’, ഇ.പി. ശ്രീകുമാറിന്റെ ‘മാംസപ്പോര്’, ബെന്യാമിന്റെ ‘മുല്ലപ്പൂ നിറമുള്ള പകലുകൾ’, പി.എ. ഉത്തമന്റെ ‘ചാവൊലി’, എന്നീ നോവലുകളെ വിലയിരുത്തിക്കൊണ്ടുള്ള ലേഖനങ്ങൾ ചേർത്തിരിക്കുന്നു.
സ്ഥിതിവിവരങ്ങളുടെ ഭ്രാന്തെടുപ്പിക്കുന്ന ബാഹുല്യമോ നീണ്ട ഉദ്ധരണികളോ പ്രസന്നരാജന്റെ ഈ പുസ്തകത്തിലെങ്ങുമില്ല. രൗദ്രഭാവം പൂണ്ട ഘോര പദങ്ങളുടെ പേടിപ്പെടുത്തുന്ന അട്ടഹാസങ്ങളുമില്ല. സൗമ്യവും ശാന്തവുമായ വാക്കുകൾ. അവ മൗനം കൊതിക്കുന്നതായിത്തോന്നും.വിലയിരുത്തുന്ന കൃതികളുടെ ഉള്ളിലേക്ക് ഗ്രന്ഥകാരൻ ധ്യാനാത്മകമായി സഞ്ചരിച്ചതിന്റെ അടയാളമായി നമുക്കിതിനെ കാണാം. അങ്ങനെ ഈ പുസ്തകം വാക്കുകളുടെ ഒരു മൗനജാഥയായി മാറുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.