കൊടുങ്കാറ്റുകളുടെ മൂളിപ്പാട്ട്
text_fieldsഗസ്സയിൽ ബോംബുകൾ പൊട്ടിത്തെറിക്കുമ്പോഴും
നീ കവിതയെഴുതുന്നു.
കവിതയിലെ കൂർത്ത അക്ഷരങ്ങൾ
ശത്രുസൈന്യത്തിന്റെ
കണ്ണുകൾ കുത്തിപ്പൊട്ടിക്കുന്നു.
ഗസ്സയിലെ സാമിർ മൻസൂറിന്റെ
പ്രശസ്തമായ പുസ്തകപ്പുരയിലെ
ഒരു മൂലയിലിരുന്ന്
നീ വാക്കുകൾകൊണ്ട്
തോക്കുകളെ തോൽപിക്കുന്നു.
ഗസ്സ പോയട്രി സൊസൈറ്റിയിലെ
സുഹൃത്തുക്കളോട് സല്ലപിച്ച്
കഹ്‍വ മൊത്തിക്കുടിച്ച്
നീ കവിത ചൊല്ലുന്നു.
പെട്ടെന്ന് വലിയ ശബ്ദത്തോടെ
ലൈബ്രറിക്കു മേലെ ബോംബ് വീഴുന്നു.
എല്ലാം കത്തിയെരിയുമ്പോഴും
മഹമൂദ് ദർവീഷിന്റെയും
ഗസാൻ കനഫാനിയുടേതുമടക്കം
പുസ്തകങ്ങൾക്ക് തീപിടിക്കുന്നേയില്ല.
നദീന മുർതജയെന്ന കവയിത്രി
പറയുന്നത് നീ കേൾക്കുന്നു.
‘‘ഞങ്ങളുടെ ഉടഞ്ഞുപോയ
ജാലകച്ചില്ലുകൾക്കിടയിലൂടെ,
ഒരിക്കൽ വീടായിരുന്നിടത്തെ കല്ലുകൾക്കിടയിലൂടെ
ഞാൻ നടന്നുകൊണ്ടിരിക്കുകയാണ്,
ഒത്തുതീർപ്പില്ലാതെ.’’
അവർ കെട്ടിപ്പൊക്കിയ
വിഭജനത്തിന്റെ
വലിയ മതിലുകളിൽ
നീ പേനകൊണ്ട് കുത്തുന്നു.
മതിൽ പൊളിഞ്ഞുവീഴുന്നു.
ആയുധക്കൂമ്പാരങ്ങളിൽ
അടയിരിക്കുന്നവർക്കു നേരെ
കുഞ്ഞുങ്ങൾ കവിതയുടെ
കൂർത്ത കല്ലുകളെറിയുന്നു.
അവരുടെ ആയുധപ്പുരകൾക്ക് തീപിടിക്കുന്നു.
ഇപ്പോൾ
ആറുകളൊഴുകും
ആരാമത്തിലിരുന്ന്
നിങ്ങൾ കവിതകൾ മൂളുന്നു.
നിങ്ങൾ കെട്ടഴിച്ചുവിടുന്ന
കൊടുങ്കാറ്റുകളെ അതിജീവിക്കുന്ന
ഒരു ഏകാധിപതിയും
ഭൂമിയിൽ
പിറന്നുവീണിട്ടില്ല.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.