ഛായാഗ്രാഹി
text_fieldsപൂമരവും പൂക്കളും
നിലാവും നക്ഷത്രങ്ങളും
നിറഞ്ഞാകാശവും
തൂങ്ങിക്കിടക്കുന്ന ചിത്രഗൃഹത്തിൽ
നിറങ്ങളില്ലാത്ത വൃത്തത്താൽ
ചുറ്റപ്പെട്ട് ഒഴിഞ്ഞ മൂലയിലൊരു
ഛായാഗ്രാഹി ചുരുണ്ടിരിക്കുന്നു.
നിശ്ചലരാത്രി,
വിശപ്പ് ശ്വസിക്കുന്ന നാമ്പുകൾ,
വരണ്ട മണ്ണ്,
മരിച്ചുകിടക്കുന്ന ശലഭങ്ങൾ,
വെളിച്ചം കെട്ട ചിത്രങ്ങളവിടെ
ചുറ്റിത്തിരിയുന്നു.
ഇരുട്ടിലേക്ക് ചിതറിവീഴുന്ന
വർണങ്ങളെ ചുംബിച്ചെടുക്കാൻ
എത്ര ശ്രമിച്ചിട്ടുമാവാതെ
കിതച്ചിരിക്കുന്ന
ഛായാഗ്രാഹകന്റെ കണ്ണ്
ചാഞ്ഞും ചരിഞ്ഞും പറക്കുന്ന
പതംഗത്തിലേക്ക് നീളുന്നു.
അടുത്തനിമിഷം
കത്തിക്കരിഞ്ഞ ചിറകുകൾ
തീനിറമുള്ള ഫ്രെയിമിൽ
പതിയുന്നു.
അയാളുടെ വിരലുകളിൽനിന്നുമൊരു
വിലാപമുയരുന്നു.
തെരുവിൽ തീർന്ന ജീവിതങ്ങളുടെ
കണ്ണീരും അവസാനശ്വാസവും
ചേർത്തയാൾ ഒരു ഭൂപടം തുന്നുന്നു.
അതിൽനിന്നുമയാളുടെ ഹൃദയം
ചോരയും ചേർന്നടരുന്നു.
ഇനിയൊരു പ്രവാചകൻ
ജനിക്കില്ലെന്നയാൾ
നിരാശ കൊള്ളുന്നു.
തീർച്ചപ്പെടുത്തിയൊടുവിൽ
ചുവരിനോട് ചേർന്ന പുറത്തെ
സുഷിരത്തിലൂടെ നിലാവിനെയും
നക്ഷത്രങ്ങളെയും കടത്തിവിടുന്നു .
ഒടുവിലയാളൊരു പൊട്ടിക്കരച്ചിലിലേക്ക്
മുങ്ങിപ്പോവുന്നു.
ആ കരച്ചിലിൽ ഭൂമി പിടയുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.