അതിജീവനം
text_fieldsഒരിക്കലൊരു കൊടുങ്കാറ്റ് വരും
പടിഞ്ഞാറൻ ചക്രവാളങ്ങൾ തുരന്നൊരു
പേമാരി വരും
ആയിരം ഗ്രീഷ്മങ്ങളെ ഗർഭത്തിൽ പേറി
ഒരുഷ്ണ വാതം തികഞ്ഞ് പ്രസവിക്കും
ഭൂമിയുടെ അകക്കാമ്പിൽ കൊളുത്തിയ
വേരുകളൊന്നൊന്നായറ്റു പോകും
ആകാശത്തെ ചുംബിച്ച് മദിച്ച
ചില്ലകളാർത്തലച്ച്
നിലം പൊത്തും
ആർത്തിരമ്പി വരുന്ന ഇന്നലെകൾ
ഒരു കടൽ ശാന്തതപോലെ നിശ്ശബ്ദമാകും
ഉരുക്കു മലകൾ തുരന്ന് ഉറുമ്പുകൂട്ടങ്ങൾ
കൊണ്ടുവന്ന
ഒരേയൊരരി മണി
ഒരു കരിമണിയായി നിറം മാറും
എല്ലാ സ്വപ്നങ്ങളുമൊഴുകി മറഞ്ഞ
പ്രളയത്തിന്റെ പിറ്റെ ദിവസം
ഒരോർമ പുസ്തകത്തിൽ
എന്റെ രക്തം നിന്നെ കുറിച്ചുള്ള
അവസാനത്തെ കവിതയെഴുതും
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.