അൽഷിമേഴ്‌സ്
text_fieldsഅൽഷിമേഴ്‌സ്
ഒരു മറവിരോഗം അല്ലായിരിക്കും.
ചിതലെടുക്കാത്ത
കാതലുള്ള ഓർമകളെ മാത്രം
ഫ്രെയിം ചെയ്തു
മറവിയുടെ വിള്ളൽ ഏൽക്കാത്ത
അറകളിൽ സൂക്ഷിക്കുന്ന
അപൂർവ മനുഷ്യരുടെ
ഹൃദയതാളത്തിന്റെ
പേരാവാം അത്.
എൺപതുകളെ
എട്ടിലേക്ക് അവരോഹണം ചെയ്യുന്ന
സൂത്രവാക്യം.
ഓത്ത് വിട്ട് ഓടിവന്ന്
കാദർ സായ്വിന്റ തയ്യൽക്കടേല്
അരച്ചക്രം
മിട്ടായി കാശിനു
ഒറ്റക്കാൽ മാറിമാറിച്ചവിട്ടി
ചിണുങ്ങുന്ന
പുന്നാരമോൾ ബീവാനെ
കൗതുകത്തിൽ നോക്കുന്നുണ്ട്
കുഞ്ഞിസ്മായിൽക്കാടെ
ചായപ്പീടിയേന്ന്
കുഞ്ഞുവെള്ളേപ്പം
നുണഞ്ഞിറക്കുന്ന
മൊല്ലാക്കടെ എളേ മോൻ.
മാർക്ക കല്യാണത്തിന്റന്ന്
ഒസാന്റൊപ്പം
വെള്ളത്തുണി മടക്കീം
നൂല് ചുറ്റീം
ഒപ്പം കൂടിട്ടൊടുക്കം
മലർത്തി കെടത്യേപ്പ
‘അള്ളോന്റുമ്മോ
മൊമ്മാക്കാക്കെന്നെ
അറക്കാൻ കൊടുക്കല്ലെ’ന്നു
അലറിയതിന്റെ
നാലാമത്തെ
വെള്ളിയാഴ് ച്ചെം കഴിഞ്ഞു
പുതിയാപ്ല ചമഞ്ഞു
ഇരിക്കേണ് ചെക്കൻ.
ചെക്കനിപ്പോ
എൺപതിന്റെ നിറവിൽ
ഒരു മറവിയാണ്.
മറന്നു മറന്നൊടുക്കം
ഒടുങ്ങാൻ ഒരു
തണൽവീടിൻ ചോലയിലാണ്.
തണൽ തേടുന്നൊരെ തേടി
ഞാൻ ചെന്നപ്പോ
തിളങ്ങുന്നൊരു വെല്ലുപ്പ.
വേര് തേടിപ്പോയപ്പോ
പള്ളീം പള്ളിക്കൊളോം കണ്ടു.
ഓത്തു പള്ളീടടുത്ത്
പ്രസ്ഥാനക്കാരൻ
കാദർക്കാടെ തയ്യൽക്കടയുടെ
നല്ലോർമകളും...
ഒപ്പം,
എട്ടും പൊട്ടും
തിരിയാത്തൊരു എട്ടിൽ
മൊല്ലാക്കടൊപ്പം ദേശം വിട്ട്
പിൻതിരിഞ്ഞു നോക്കിപ്പോകുന്ന
എളേ മോനുമുണ്ട്.
കാദർക്കാടെ പേരക്കുട്ടീന്നറിഞ്ഞപ്പൊ
എട്ടാം വയസ്സിലെ നട്ടപ്രാന്തിൽ
ഒറ്റക്കാൽ മാറിമാറിച്ചവിട്ടി
ചിണുങ്ങുന്ന
ചുരുൾ മുടിക്കാരീടെ
ഓർമ ചിത്രം മാത്രം
ശ്വാസമെടുക്കാതെ
വരച്ചിടുന്നുണ്ട്,
മൊല്ലാക്കാടെ എളേ മോൻ
എൺപതു നിറഞ്ഞ
മറവിക്കാരൻ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.