കറക്കം
text_fieldsഞാനും നീയും
നേര്യമംഗലവുമില്ലാത്ത
കവിത എഴുതണം
അതിനായി അകലെയുള്ള
കടല്‍ക്കരയിലെത്തി
മണല്‍പരപ്പിലിരുന്നു.
ഉള്ളില്‍ കടലുപ്പു നിറയുന്നു
അത് വരെയുണ്ടായിരുന്ന
കാട്ടുചൊരുക്ക് തിരയായി മാറി
കടല്‍ നോക്കിയിരുന്നപ്പോള്‍
അക്കരെയുള്ള രാജ്യങ്ങള്‍ കണ്ടു
അവിടെ ഉറങ്ങുകയും
കളിക്കുകയും
ഓഫിസിലും ഫാക്ടറികളിലും
ജോലി ചെയ്യുന്നവരെയും കണ്ടു
പല നിറങ്ങളും പല വേഷങ്ങളും
പല വികാരങ്ങളുള്ളവര്‍...
അവരുടെ ചിരികളെ
കോരിക്കുടിക്കാന്‍ തോന്നി
അവിടങ്ങളിലെ സങ്കടങ്ങളെ
അരികിലിരുത്തി തലോടുവാനും!
അവരെല്ലാം ഓടി വന്ന്
ചുറ്റിലും നിറഞ്ഞു
പല ഭാഷകളില്‍ സ്‌നേഹം
കാറ്റായി ചിറകടിച്ചു
കടല്‍ക്കരയിലെ സന്ധ്യ
കൂടുതല്‍ ചുവന്നു.
ചിരികളും ആര്‍പ്പുവിളികളും
നിലവിളികളും
ഗാനങ്ങളായി പറന്നു നടന്നു
അതെടുത്ത് നൃത്തമാടുന്നവരും
കൂടുതല്‍ വിഷാദം കുടിക്കുന്നവരും
ഒരുമിച്ചിരുന്നു.
ഒറ്റ ഭൂഖണ്ഡമായി,
കടല്‍ക്കര
സകലതുമുള്ള
ലോകമായി മാറി.
ഒരു പന്തുപോലെ ഭൂമി
കാലടികളില്‍ സ്വയം
കറങ്ങാന്‍ തുടങ്ങി
കാല് ചലിപ്പിക്കുന്ന വേഗത്തോടെ
ഭൂമി സ്വയം കറങ്ങുകയാണ്
സൂര്യനെ ചുറ്റി നീങ്ങുന്ന ഭൂമിയെ
കറക്കുന്നതെന്റെ കാലുകള്‍
ദേ...
വീണ്ടും ഞാന്‍ വന്ന്
ഒരാവശ്യവുമില്ലാതെ കവിതയില്‍
കേറി ഞെളിഞ്ഞിരിക്കുന്നു.
അവരെല്ലാം അവരവരുടെ
ഇടങ്ങളിലേക്ക് പോയിക്കാണും!
ആരുമില്ലാതെ കടല്‍ നീലയായി
ഓളങ്ങളുണ്ടാക്കി കളി തുടങ്ങി.
കറങ്ങുന്ന ഭൂമിയില്‍
കുനിഞ്ഞെന്റെ വീട് തേടുന്ന
എന്നെ എങ്ങനെ ഒഴിവാക്കാനാണ്?
നേര്യമംഗലത്തെയെടുത്ത്
മടിയിലിരുത്തിയോമനിച്ച്
കവിത കൊറിക്കുക തന്നെ
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.