താക്കോൽ
text_fieldsഹൃദയം പൂട്ടി, താക്കോൽ എവിടെയോവച്ചു മറന്നു,
അതും നോക്കി നടക്കുകയാണ്,
താക്കോൽ കിട്ടി തുറന്നിട്ടു വേണം
അത് ആർക്കെങ്കിലും വേണോ
എന്ന് ചോദിച്ച് കൊടുക്കാൻ.
ചുമരില്ലാത്ത അറകളിൽ
വർണ ചിത്രങ്ങൾ വരയ്ക്കാൻ കഴിയില്ല.
സ്വപ്നച്ചൂണ്ടകൾ കൊരുത്ത്
പൂമീനുകൾ വാരിക്കൂട്ടാം.
നിണപ്പാടുകൾ വീണ അരികുകളിൽ
മെതിച്ചുകൂട്ടുന്ന സ്നേഹവിത്തുകൾ
പൊട്ടിമുളയ്ക്കുന്നു...
പൊന്മലരുകൾ വിരിയുന്ന ഇണച്ചെടികൾ.
അസ്തിവാരത്തിൽ നക്ഷത്രക്കുഞ്ഞിന്റെ
പൊട്ടുവെളിച്ചം മിഴിതുറന്നിട്ടുണ്ട്.
പാഴ് കിനാവിന്റെ ശകലം തേച്ചുമിനുക്കി
മോന്തായത്തിൽ സൂക്ഷിച്ചിട്ടുണ്ട്.
മഞ്ഞുപക്ഷിയുടെ തൂവൽകൊണ്ടെഴുതിയ വാക്ക്
തറയുടെ മൂലയിൽ ചാരിയിരിക്കുന്നു.
മച്ചിലെ ആർദ്രശലഭങ്ങൾ
പാറാൻ പാടുപെടുന്നു.
ഒരു തേനരുവി ചാലിട്ടൊഴുകി താളം തേടുന്നു.
മൗനത്താഴ്വരയിൽ കാറ്റടിച്ചു,
പൂങ്കുലകൾ സുഗന്ധം പകർന്നുവീർപ്പുമുട്ടുന്നു.
എങ്കിലും, ഇതൊന്നു തുറക്കാൻ
ആ താക്കോലെവിടെ?
സ്നേഹദ്രവ്യത്താൽ ഉരുക്കിപ്പണിയിച്ച
ആ താക്കോൽ...
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.