പക്ഷിശാസ്ത്രം
text_fieldsപക്ഷികൾ പകൽ മുഴുവൻ
പറന്നുകൊണ്ടേയിരുന്നു,
മരത്തിൽ നിന്ന് മരത്തിലേക്ക്
കാടുവിട്ടും നാടുവിട്ടും
ഇടങ്ങൾ തേടിയുള്ള സഞ്ചാരം.
തണലിൽ നിന്ന് വെയിൽ തേടി
തിരിച്ച് തണൽ തേടി
പാട്ടുപാടിയും കരഞ്ഞും ചിലച്ചും...
എവിടെപ്പോയാലും
സ്വന്തം ഭാഷയിൽ മാത്രം സംസാരിച്ചു.
സ്വന്തം തൂവലുകളും നിറവും
മറച്ചുവച്ചില്ല, ആരുടെയും അടുത്ത്
അഭയം യാചിച്ചില്ല ഭക്ഷണം തേടിയില്ല...
വഴികൾ തെറ്റാതെ തിരികെയെത്തി
ചേക്കേറുന്ന മരച്ചില്ലയിൽ
ഇലക്കൂട്ടിൽ...
കുഞ്ഞിക്കിളികളുടെ കൂട്ടിൽ...
അമ്മപ്പക്ഷിയുടെ പാട്ടിൽ രാത്രിയുറക്കം.
പക്ഷിയെന്തായിരിക്കും
കൂട്ടിൽ പറഞ്ഞിരിക്കുക?
വഴി നീളെ കണ്ട മനുഷ്യരുടെ
ആർത്തിയെക്കുറിച്ചോ?
അതോ വഴിനീളെ
മുറിച്ചിട്ടിരിക്കുന്ന മരങ്ങളെക്കുറിച്ചോ?
പക്ഷിമാംസം കൊത്തിയരിഞ്ഞു വിൽക്കുന്ന
ചന്തകളെക്കുറിച്ചോ?
എന്നോ കാണാതായ
പക്ഷിശാസ്ത്രക്കാരനെക്കുറിച്ചോ?
ഇതൊന്നുമായിരിക്കില്ലെന്നുറപ്പാണ്.
എല്ലാം കണ്ടും കേട്ടും അനുഭവിച്ചും
വിശപ്പുമാറിയിരിക്കുന്നു.
ലോകം മാറിയിരിക്കുന്നു.
മനുഷ്യർ മാറിയിരിക്കുന്നു.
അവർ അവർക്കുള്ള
കൂടുകളും പണിതു തുടങ്ങിയിരിക്കുന്നു.
നമുക്കിവിടെ നിന്ന്
അകലെയെങ്ങോട്ടെങ്കിലും പറക്കാം.
ചിറകരിയുന്നതിന് മുമ്പ് അവരുടെ
കൂട്ടിലാവുന്നതിന് മുമ്പ്.
മനുഷ്യരെ തിരിച്ചറിയാനാവില്ല
അവർക്ക് പല വേഷം പല ഭാഷ പല നാട്യം
ചിലർ കൊല്ലും ചിലർ തിന്നും അല്ലാത്തവർ
വിൽപനക്കുവെക്കും.
ഇതൊന്നും സംഭവിച്ചിരിക്കാനിടയില്ല.
പിന്നേ, പക്ഷികൾക്ക് ഇതല്ലേ പണി?
നേരം വെളുക്കുന്നതും
ഇരുട്ടുന്നതും മാത്രമറിയുന്നു
മഴയും വെയിലും കാറ്റുമേൽക്കുന്നു
പരാതികളില്ലാത്ത ലോകത്ത് അവ
പറന്നുകൊണ്ടിരിക്കുന്നു.
ഒന്നും മനസ്സിലാവുന്നില്ല,
പക്ഷിശാസ്ത്രമെല്ലാം
എന്നെങ്കിലും പക്ഷികൾ
പഠിച്ചു പറയുമായിരിക്കും...
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.