ഒരു ചിത്രകാരനെക്കുറിച്ച്
text_fieldsഎനിക്കിന്ന്
നിങ്ങളോട് സംസാരിക്കാനുള്ളത്
ഒരു ചിത്രകാരനെക്കുറിച്ചാണ്.
എന്നെയും നിന്നെയും
ഒരേ കാൻവാസിൽ വരച്ചിട്ടവൻ.
രണ്ടു ദിശയിലേക്കൊഴുകിയ
കപ്പൽ സഞ്ചാരികൾ നമ്മെ
എകാന്തതയുടെ
ഒറ്റത്തുരുത്തിൽ നങ്കൂരമിടീച്ചവൻ.
അവൻ വല്ലാത്തൊരു
ചിത്രകാരൻ തന്നെ.
തുടക്കമോ ഒടുക്കമോ
ഇല്ലാത്ത ഒരു സമയ മാപിനിയുടെ
പെന്റുലത്തിന്റെ രണ്ടു വശങ്ങളിലായി
എന്നെയും നിന്നെയും
കോർത്തിട്ടവൻ.
ഏതോ ഒരു മെഴുകുതിരി
വെട്ടത്തിലേക്ക് കുതിക്കാൻ വെമ്പുന്ന
മനുഷ്യജന്മങ്ങൾ നമ്മൾ.
അവൻ ഒരു ഭയങ്കര
ചിത്രകാരൻ തന്നെ.
നിറക്കൂട്ട് കൊണ്ട്
കാൻവാസിൽ അത്ഭുതം
തീർക്കുന്നവൻ.
ചിത്രം വരച്ചും
മായ്ച്ചും വീണ്ടും വരച്ചും
ഹരം കൊള്ളുന്നവൻ
ഒരു ഭ്രാന്തൻ ചിത്രകാരൻ.
നിങ്ങൾ നോക്കൂ,
അവനൊരു കടൽ വരക്കുന്നു
സന്ധ്യയെയും.
കടൽ തീരത്തു ഓടിക്കളിക്കുന്ന
കുട്ടികളെയും.
മരച്ചുവട്ടിൽ കമിതാക്കളെയും.
ബലൂൺവിൽപ്പനക്കാരിയെയും
കടലവിൽപ്പനക്കാരനെയും വരക്കുന്നു.
എന്നിട്ടവൻ ആരുമറിയാതെ
കടലിലൊരു കൂറ്റൻ
തിരമാലയെക്കൂടി
വരച്ചുചേർക്കുന്നു.
വിണ്ടുകീറി ചുളുങ്ങിയ
ഒരു തരിശുഭൂമിയിൽ
അവനൊരു പുൽനാമ്പു
വരക്കുന്നു
ചുറ്റും പച്ചപ്പിനെയും.
ചുവപ്പ് മഞ്ഞ വയലറ്റ്
നിറങ്ങളിലവൻ
പൂക്കളെ വരക്കുന്നു
പൂമ്പാറ്റകളെയും.
പിന്നെയവൻ
ആരും കാണാത്ത വിധം
ഒരു തെമ്മാടി കാറ്റിനെയും
വരച്ചിടുന്നു.
അവനൊരു വല്ലാത്ത ചിത്രകാരൻ തന്നെ
ഈ ഇടവഴിയിൽ രണ്ടു കമിതാക്കൾ
നടന്നുപോവുന്നതവൻ
വരക്കുന്നു
നിറഞ്ഞു തുളുമ്പുന്ന പ്രണയത്തെയും
അവരുടെ വഴിയിലെവിടെയോ അവൻ
അവരുപോലുമറിയാതെ
ഒരു മരണവണ്ടിയെയും വരച്ചിടുന്നു.
അവൻ മനുഷ്യപ്പറ്റില്ലാത്ത
ഒരു ചിത്രകാരൻ തന്നെ
രംഗമോ രംഗബോധമോ ഇല്ലാതെ
ചിത്രങ്ങളിലവൻ
വേഷപ്പകർച്ചകൾ നടത്തുന്നു.
എന്നോ മാഞ്ഞുപോയേക്കാവുന്ന
രണ്ടു ചിത്രങ്ങൾ നമ്മൾ
എങ്കിലും ഇത്തിരിനേരം
നിറകൂട്ടുകളായി ഈ കാൻവാസിൽ
ഇവിടെ അങ്ങനെയിരിക്കട്ടെ.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.