മൈക്രോ കഥകൾ
text_fieldsരണ്ടും
എനിക്ക് മണ്ണും മുത്തശ്ശിയും
ഒരുപോലെയാണ്.
ഇവ രണ്ടും തൊടാൻ
അമ്മ സമ്മതിക്കില്ല..!
ഗുരുത്വം
ഗുരുവിനെ കണ്ട് ഞാൻ
മുണ്ട് മടക്കിക്കുത്തി.
എന്നെ കണ്ടയുടൻ അദ്ദേഹം
മടക്കിക്കുത്തഴിച്ചു..!
നെല്ല്
ഇന്ന് മനോഹരമായ ദിവസമായിരുന്നു. മിസ് നെല്ലിനെ കുറിച്ചും അരിയെ കുറിച്ചുമാണ് പഠിപ്പിച്ചത്. സ്ക്രീനിൽ നെല്ല് പിടിക്കുന്ന മരം കണ്ടപ്പോൾ എനിക്ക് അത്ഭുതമായി! വെക്കേഷന് ഹൈദരാബാദിൽ ടൂറിന് പോകുമ്പോൾ നെൽപാടം കാണിച്ചുതരാമെന്ന് അച്ഛൻ പറഞ്ഞു. എത്ര ചെറിയ ഫലമാണ് മനുഷ്യന്റെ വിശപ്പ് മാറ്റുന്നത്. വീട്ടിലേക്കുള്ള വഴിയിൽ ഞാൻ വീണ്ടും പാടവും നെല്ലും കണ്ടു. ചേറ് പറ്റുമെന്ന് പറഞ്ഞ് അമ്മ യൂട്യൂബ് തുറന്നപ്പോൾ ചേറില്ലാത്ത ചോറ് കണ്ണിൽ നിറഞ്ഞു.
പരിഹാരം
പട്ടിണി കിടന്നാണ്
അയാൾ മരിച്ചത്.
ആയിരം പേർക്ക് അന്നം വിളമ്പി
മക്കൾ ആ സങ്കടവും തീർത്തു..!
കച്ചവടം
ഒരിക്കൽ വിദ്യാലയത്തിൽ
കുറേ പുസ്തകങ്ങളുമായി
അയാൾ വന്നു.
ആരും അയാളോട് മിണ്ടിയില്ല.
മറ്റൊരിക്കൽ വിദ്യാലയത്തിൽ
കുറേ വസ്ത്രങ്ങളുമായി
അയാൾ വന്നു.
എല്ലാവരും അയാളെ പൊതിഞ്ഞു..!
എന്റേത്
പുതപ്പ് മാറ്റി
ഉറ്റവരെ തേടിയ
ആ കണ്ണുകളിൽ
നിറഞ്ഞത്, മുഴുവനും;
ഉറ്റവർ മാത്രമായിരുന്നു..!
കൊലുസ്
രക്ഷാപ്രവർത്തനത്തിനിടയിലും
അയാൾ തേടിയത്
വെള്ളിക്കൊലുസിട്ട;
കുഞ്ഞു കാലുകളായിരുന്നു..!
ചിരിച്ചു ചിരിച്ച്
ചിരിച്ചു ചിരിച്ചായിരുന്നു
അയാളുടെ മരണം.
കരയാൻ ആ കണ്ണുകൾ
എന്നേ വറ്റിയിരുന്നു..!
ഉമ്മ
മൊബൈലിന് പകരം
ഉമ്മ കിട്ടിയന്നു മുതലാണ്
എനിക്കമ്മ ഒന്നാമതായത്!
സ്വപ്നം
ഉണരുമ്പോഴുള്ള
കുചേലനേക്കാൾ
അയാൾക്കിഷ്ടം
സ്വപ്നത്തിലെ
കൃഷ്ണനാകാനായിരുന്നു..!
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.