ചേറുമീൻ
text_fieldsമൂന്നു വർഷത്തിനുശേഷമാണ് വിനീത് നാട്ടിൽ തിരിച്ചെത്തുന്നത്, ഓളും കുട്ട്യോളും ഒന്നും ഇല്ലല്ലോ,
ഒരു വർഷംകൂടി നിന്നിട്ട് മൂന്നുമാസം ലീവ് എടുത്തോ എന്ന് അർബാബ് പറഞ്ഞതനുസരിച്ചാണ് ലീവ് നീണ്ടു പോയത്.
മറുനാട്ടിൽനിന്നും സ്വന്തം നാട്ടിൽ എത്തിയാൽ ആദ്യം മണക്കുന്നത് നനഞ്ഞ മണ്ണ് ആണ്, താൻ വരുന്നു എന്ന് അറിഞ്ഞ് സമയംതെറ്റി പെയ്ത മഴ.
എ.സിയിൽനിന്നും എ.സിയിലേക്കുമാത്രം പറിച്ചുനട്ട മൂന്നു വർഷങ്ങൾക്കുശേഷം നാട്ടിൽ എത്തിയപ്പോൾ വിനീത് ശ്വാസം ഒന്ന് അകത്തേക്കു വലിച്ചു. കാറിൽ കയറിയപാടെ സുഹൃത്ത് രഞ്ജൻ ഗ്ലാസ് താഴ്ത്തി എ.സി ഇട്ടു, വിനീത് എ.സി ഓഫ് ചെയ്തു ഗ്ലാസ് മുകളിലേക്ക് ഉയർത്തി തല അൽപം പുറത്തേക്ക് ഇട്ട് വീണ്ടും ശ്വാസം ഉള്ളിലേക്ക് എടുത്തു.
ചെറിയ മഴ ആ സമയം വീണ്ടും വരവേറ്റു.
കണ്ണുകൾ മെല്ലെ ഇറുക്കി അടച്ചു. മനസ്സിൽ നാട്ടിലെ പുഴ തെളിഞ്ഞു വന്നു. പുഴയിൽ പോയി വിശാലമായി ഒന്ന് കുളിക്കണം. മൂഴി പാറയിൽ പോയി നല്ല ചേറുമീനിനെ പിടിക്കണം. ചേറുമീൻ പിടിക്കുന്നത് മിനക്കെട്ട പണിയാണ്, ക്ഷമയുടെ നെല്ലിപ്പടി കാണും.
ആ നെല്ലിപ്പടികൾക്ക് അവസാനം ചൂണ്ടയിൽ ചേറുമീൻ കുടുങ്ങും. അഞ്ചു കിലോക്ക് മുകളിലുള്ള അവനെ പിടിച്ചു പൊന്തിക്കുമ്പോൾ കിട്ടുന്ന ഒരിതും ബുർജ് ഖലീഫക്ക് മുകളിൽ പോയി താഴോട്ട് നോക്കുമ്പോൾ കിട്ടില്ല.
ചേറുമീൻ ഉള്ള സ്ഥലം നേരത്തേ കണ്ടെത്തും, അവ മാളത്തിൽനിന്നും പുറത്തിറങ്ങുമ്പോൾ കുമിളകൾ പുറപ്പെടുവിക്കും, ആ സ്ഥലത്തെ പാറയിൽ ഇരുന്നു, ഗൾഫിൽ പോകുന്നത് സ്വപ്നം കണ്ട് ഇരിക്കും. ഇരുന്നു ഇരുന്നു കാല് കഴക്കും. കാല് കഴച്ചു കഴച്ചു അപ്രതീക്ഷിതമായി വിസ വരുന്നപോലെ അതാ മുന്നിൽ ഏറ്റവും വലിയ ചേറുമീൻ നിന്നു കരയുന്നു!
മനസ്സ് തുള്ളിച്ചാടിയ നിമിഷം, ദുബൈയിൽ പോയി രക്ഷപ്പെട്ട ജലീൽ, സഹപാഠി റനീഷ് എന്നിവർ ഒക്കെയാണ് മനസ്സിൽ നിറയെ. അവരെക്കാളും വലിയ ചേറുമീനിനെ പിടിക്കണം. ചളിക്കിടയിൽ പതുങ്ങി അവ എങ്ങനെയാണ് ഇത്ര വലുപ്പം വെക്കുന്നതെന്നു എത്ര ആലോചിച്ചിട്ടും പിടികിട്ടിയില്ല.
ക്ഷമിക്കാൻ പഠിച്ചത് അന്നുമുതലാണ്, പ്രീഡിഗ്രി അവസാന വർഷം. ആദ്യ വർഷം ചോരത്തിളപ്പിന്റെ കാലമായിരുന്നു. കോളജിൽ അടിപിടിയുടെ കാലം, രണ്ട് ചേരികളായി തല്ലു കൊടുത്തും കൊണ്ടും നടന്ന കാലം.
‘‘അവനെ ഇടിക്കണം. വന്നു കയറിയില്ല വന്നപാടെ തുടങ്ങി അവന്റെ സംഘടനാ പ്രവർത്തനം.’’ സ്വന്തം നാട്ടിൽ നിന്നും വന്നവനെ മൂക്കിൽ ഇടിച്ചുവീഴ്ത്തി. അതിന് പ്രതികാരം വലുതായിരുന്നു, വീട്ടിലെ കിണറ്റിൽ ചത്ത പൂച്ചയെ കൊണ്ടിട്ടു എതിർ പാർട്ടിക്കാർ. വെള്ളംകുടി മുട്ടി, അതോടെ പാർട്ടി പ്രവർത്തനവും.
‘‘നീ ശരിയാവില്ല, നിനക്ക് നല്ലത് ഗൾഫ് ആണ്. അവിടെ പോയാലെ നീ പഠിക്കൂ’’ അച്ഛന്റെ അന്ത്യശാസനം! അതിൽ വിനീത് വീണു. ഗൾഫ് എന്ന സ്വപ്നം പണം കായ്ക്കുന്ന മരംപോലെ മനസ്സിൽ തഴച്ചുവളർന്നു. അന്ന് സ്മാർട്ട് ഫോൺ ഇല്ലായിരുന്നു. അതുണ്ടായിരുന്നെങ്കിൽ അതിന്റെ ഫോട്ടോ ഇൻസ്റ്റയിൽ ഇട്ട് അഞ്ഞൂറ് ലൈക്ക് എങ്കിലും വാങ്ങിയേനെ.
ചേറുമീൻ പിടിച്ചപ്പോൾ അന്നത്തെ 1000 രൂപ അതായത് ഇന്നത്തെ 5000 തരാം എന്ന് നാട്ടിലെ ബസ് മുതലാളി ഖാദർക്ക പറഞ്ഞതാ, പക്ഷേ എന്തോ കൊടുക്കാൻ തോന്നിയില്ല. അത് അച്ഛനും അമ്മയും വീട്ടുകാരും തിന്നണം എന്ന് അന്ന് വിചാരിച്ചു. അങ്ങനെ വീട്ടിലെ ചട്ടിയിൽ അത് കിടന്നു പിടഞ്ഞു. രാത്രിയിൽ ചോറിനും, രാവിലെ ദോശക്കും കറിയായി അവൻ അലിഞ്ഞുചേർന്നു.
നങ്കീസ്സും കൊക്കയും ഇനി മേലാൽ ചേറുമീൻ കൊത്തില്ല, കൊതി കൊണ്ടല്ല, വിശപ്പ് കൊണ്ടാണ്, ഇരയിൽ വായ അമർത്തിയത് പക്ഷേ....
പെട്ടു എന്ന് പറഞ്ഞാൽ മതിയല്ലോ, ശരിക്കും പെട്ട്!
അർബാബ് നൂൽ അഴിച്ചുവിട്ടു, വിനീത്, ഇര നോക്കി കുതിക്കാൻ തുടങ്ങി.
തൊണ്ടയിൽ കുടുങ്ങി ആ നേരവും ഒരു അമ്പതു മീറ്റർ ഓടി അവസാനം തളർന്നു, മലക്കം മറഞ്ഞു, അപ്പോൾ ചൊട്ടി എടുത്തു, മരുഭൂമിയിൽ വിനീത് കിടന്നു പിടയുന്നു!
‘ഇനി നീ എന്റെ സ്വന്തം’ അറബാബ് വിസ നോക്കി മുരണ്ടു.
പാറപ്പുറത്തേക്ക് വീണ ചേറുമീൻ കിടന്ന് പിടയുന്നു. മീനിനെ നോക്കി വിനീത് പറഞ്ഞു ‘‘നീ ഇന്ന് എന്റെ സ്വന്തം.’’
കരയിൽ വീണ മീൻ ശ്വാസംകിട്ടാതെ പിടഞ്ഞു. മനുഷ്യനാണേൽ ഇതൊക്കെ അതിജീവിച്ചേനെ.
ആടുജീവിതം വായിച്ചു ചിരിച്ച പ്രവാസി ബിനു, ആടുജീവിതം വായിച്ചു കരഞ്ഞ വിനീത്, വായിച്ചാലും വളരും വായിച്ചിേല്ലലും വളരും എന്ന് പറഞ്ഞുനടക്കുന്ന അഷ്റഫ്. ഇവരൊക്കെ ഒരുമുറിയിൽ ജീവിക്കുന്നതാണ് പ്രവാസം.
കാറിന്റെ വേഗത കുറഞ്ഞു, പാടം നികത്തി റോഡാക്കിയ വഴിയിലൂടെ കാർ മെല്ലെ നീങ്ങി. പണ്ട് ആണേൽ ഇറങ്ങി നടക്കേണ്ടിവന്നേനെ, നാട്ടാരുടെ ശ്രമഫലം എന്ന് പറഞ്ഞു വാർഡ് കൗൺസിലർ ഒരു തുക വാങ്ങി, എന്നാലും എന്താ നാട്ടിൽ ഞാൻ ഉണ്ടെങ്കിൽ റോഡ് വെട്ടാൻ മൺവെട്ടിയുമായി ഇറങ്ങേണ്ടി വന്നേനെ. ഇതിപ്പോ.
കാറ് വീടിന്റെ മുന്നിൽ എത്തി,‘‘ഇറങ്ങു വിനീതെ’’ രഞ്ജൻ പറഞ്ഞു. അപ്പുറത്തെ വീട്ടിൽനിന്നും പഴയ കാമുകി എത്തി നോക്കി, അത് കണ്ടപാടെ കൈയിൽ കരുതിയ റെയ്ബാൻ ഗ്ലാസ് എടുത്തു കണ്ണിൽ വെച്ചു.
അവളെ നോക്കി, പഴയതിനെക്കാൾ മെലിഞ്ഞ ശരീരം എല്ലുംകൊട്ടപോലെ തോന്നിച്ചു.
തോർത്ത് എടുത്തു പുഴയിൽ പോകാൻ തുടങ്ങുമ്പോൾ അമ്മയുടെ ശാസന ‘‘പഴയ പുഴ അല്ല പുതിയ പുഴ, ഒഴുക്ക് നിലച്ചു, കുളിച്ചാൽ ചൊറി പിടിക്കും, നിനക്ക് നല്ല ചൂടു വെള്ളം വെച്ചിട്ടുണ്ട് അത് എടുത്തു കുളിച്ചോ...’’
ചൂട് വെള്ളം കോരി ഒഴിക്കുമ്പോൾ കണ്ണിൽനിന്നും തണുത്ത വെള്ളം ഒഴുകിവരാൻ തുടങ്ങി, ബക്കറ്റിൽ കിടന്നു അന്ന് ജീവന് വേണ്ടി പുളഞ്ഞ അതേ ചേറുമീൻ ആയി വിനീത്!
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.