കേൾവി
text_fieldsപെട്ടെന്നാണ് അവൾക്ക് തന്റെ കേൾവി നഷ്‌ടപ്പെട്ടതായി തോന്നിയത്. അവൾ അടുക്കളയിൽ വളരെ തിരക്കിലായിരുന്നു. ഭർത്താവിന് ഓഫിസിലേക്കും മക്കൾക്ക് സ്‌കൂളിലേക്കും പോകുവാനുള്ള സമയം അടുത്തടുത്തു വരുന്നു. നിത്യവുമുള്ള ഭർത്താവിന്റെ കൂടെക്കൂടെയുള്ള ശകാരങ്ങളും മക്കളുടെ പരിഭവങ്ങളും അവളുടെ സമനില തെറ്റിക്കാറുണ്ട് എല്ലാ ദിവസവും. അത്തരമൊരു സമനില തെറ്റിയ ദിവസമാണ് പെട്ടെന്ന് അവൾക്ക് അവളുടെ കേൾവി നഷ്‌ടപ്പെടുന്നത്, അല്ലെങ്കിൽ നഷ്‌ടപ്പെട്ടതായി തോന്നിയത്. ചുറ്റുമുള്ള ഒരു ശബ്‌ദവും തനിക്ക് കേൾക്കാൻ പറ്റുന്നില്ല. പെട്ടെന്നെന്താ ഇങ്ങനെ വരാൻ കാര്യം? അവൾ രണ്ടു ചെവിക്കുള്ളിലും വിരലുകൾ കയറ്റി തല അങ്ങോട്ടുമിങ്ങോട്ടും ആട്ടിനോക്കി. ഒരു മൂളക്കംപോലും ഇല്ല. പൂർണ നിശ്ശബ്‌ദത.
പതിവുപോലെ ഭർത്താവിന്റെ ശകാരങ്ങൾ അയാളുടെ ചുണ്ടനക്കത്തിൽനിന്നും അവൾ ഗ്രഹിച്ചെടുത്തു. മക്കളുടെ പരിഭവങ്ങൾ അവരുടെ ശരീരഭാഷയിൽ നിന്നും. എന്തോ പിറുപിറുത്തുകൊണ്ട് ധൃതിയിൽ ഓഫിസിലേക്ക് പോകാനിറങ്ങിയ അയാളുടെ മുന്നിലേക്ക് ഓടിച്ചെന്നുകൊണ്ട് കിതച്ചുകൊണ്ട് അവൾ ഒരുവിധം ഇങ്ങനെ പറഞ്ഞു: ‘‘നോക്കൂ... എന്റെ കേൾവി പോയെന്നാ തോന്നണത്... എനിക്കൊന്നും കേൾക്കാൻ പറ്റണില്ല...’’
ഒരുനിമിഷം അയാൾ പകച്ചു നിന്നു. അവളെ തുറിച്ചുനോക്കി; പിന്നെ വാച്ചിലേക്കും.
‘‘നമുക്കൊന്ന് ഡോക്ടറെ കണ്ടാലോ...’’
അവൾ ദയനീയമായി അയാളെ നോക്കി.
‘‘ഒന്നുമുണ്ടാവില്ല. നിനക്കങ്ങനെ തോന്നിയതാവും...’’ അയാൾ പറഞ്ഞു. പക്ഷേ അയാൾ പറഞ്ഞ വാക്കുകളൊന്നും അവൾക്ക് കേൾക്കാൻ പറ്റിയില്ല. അവൾ കൈയുയർത്തി ആംഗ്യഭാഷയിൽ ‘എന്താ..?’ എന്നു ചോദിച്ചു. അതുകൂടി കണ്ടപ്പോൾ സംഭവം ഗുരുതരമാണല്ലോ എന്നയാൾക്ക് ബോധ്യമായി.
അയാൾ പറഞ്ഞു: ‘‘ഞാൻ ഉച്ചക്ക് നേരത്തേ വരാം. നമുക്ക് ഒരു ഡോക്ടറെ കാണാം...’’
വീണ്ടും അവൾ കൈയുയർത്തി ആംഗ്യഭാഷയിൽ ‘എന്താ..?’ എന്നു ചോദിച്ചതു കണ്ട് അയാൾ ഓഫിസിലേക്കിറങ്ങി. മക്കൾ സ്‌കൂളിലേക്കും.
അന്ന് ഉച്ചകഴിഞ്ഞ് അയാൾ അവളെയുംകൊണ്ട് നഗരത്തിലെ ഒരു ഇ.എൻ.ടി ഡോക്ടറെ കണ്ടു. ഡോക്ടർ പലവിധ പരിശോധനകളും നടത്തിയിട്ടും കേൾവി നഷ്‌ടമായതിന്റെ കാരണം മാത്രം കണ്ടുപിടിക്കാനായില്ല. ചെവിയിൽ ഒഴിക്കാനുള്ള ഒരു തുള്ളിമരുന്നിന് എഴുതിക്കൊടുത്തിട്ട് ഒരാഴ്ച കഴിഞ്ഞ് വരാൻ ഡോക്ടർ പറഞ്ഞു.
അന്നു രാത്രി ഉറങ്ങുന്നതുവരെ ഭർത്താവിന്റെ ശകാരങ്ങളും മക്കളുടെ പരിഭവങ്ങളും അവളുടെ ചെവിക്കു പുറത്ത് അവളെ പൊതിഞ്ഞുനിന്നു. എല്ലാം അവരുടെ ചുണ്ടനക്കത്തിലൂടെ അവൾ മനസ്സിലാക്കുന്നുണ്ടായിരുന്നു. പിറ്റേന്നും അതിന്റെ പിറ്റേന്നും ആ ചുണ്ടനക്കങ്ങൾ മെല്ലെമെല്ലെ കുറഞ്ഞുവരുന്നതായി അവൾക്കു തോന്നി.
ഒരാഴ്ച കഴിഞ്ഞപ്പോൾ ആ ചുണ്ടനക്കങ്ങൾ പൂർണമായും നിശ്ചലമായതായി അവൾ കണ്ടുപിടിച്ചു. ശകാരങ്ങളും പരിഭവങ്ങളും ഇല്ലാതെ എല്ലാം മുറക്ക് നടക്കുന്നുണ്ട് എന്ന സത്യവും അവൾ മനസ്സിലാക്കി.
അന്നു പകൽ ഭർത്താവ് ഓഫിസിലും മക്കൾ സ്‌കൂളിലും പോയിക്കഴിഞ്ഞതിനുശേഷം അവൾ ഗേറ്റും വാതിലും അടച്ചു കുറ്റിയിട്ടു കിടപ്പുമുറിയിലേക്കു പോയി. ഇയർഫോൺ രണ്ടു ചെവികളിലും തിരുകി മൊബൈലിൽ പഴയ പാട്ടുകൾ തിരഞ്ഞുകൊണ്ട് അവൾ കട്ടിലിലേക്കു മെല്ലെ വീണു.
ആ സമയം അവളുടെ കാതുകളിൽ അവൾക്കേറെ പ്രിയങ്കരമായ ലതാ മങ്കേഷ്‌കറുടെ ഒരു പഴയ ഹിന്ദിഗാനം മെല്ലെ ഒഴുകിയെത്തി.
ആ ഗാനത്തിന്റെ താളത്തിനൊപ്പിച്ച് വിരലുകൾ ചലിപ്പിച്ച്, ഏറെ നാളുകൾക്കുശേഷം മനസ്സിലെ ഭാരക്കെട്ടുകളെല്ലാം എങ്ങോട്ടോ ഒഴുക്കിവിട്ട് ഒരു കുഞ്ഞുമയക്കത്തിലേക്ക് അവൾ പതുക്കെ പതുക്കെ ആഴ്ന്നിറങ്ങി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.