പ്രിയപ്പെട്ട കഥാകൃത്തിന്
text_fieldsഅത്ര വൃത്തിയില്ലാത്ത അക്ഷരങ്ങളിൽ എഴുതിയ മഞ്ഞ നിറമുള്ള കാർഡ് കഥാകൃത്ത് തിരിച്ചും മറിച്ചും നോക്കി. ആരാണ് ഇക്കാലത്ത് കത്തയക്കാൻ, അതും പോസ്റ്റ് കാർഡിൽ... പണ്ടൊക്കെ ആകെ കാർഡ് കിട്ടിയിരുന്നത് പ്രസിദ്ധപ്പെടുത്തുമോ ഇല്ലയോ എന്നറിയാൻ കഥയുടെകൂടെ വെച്ച് പ്രസിദ്ധീകരണങ്ങൾക്ക് അയച്ചിരുന്ന കാർഡുകൾ തിരിച്ചു വന്നിരുന്നതാണ്. അങ്ങനെ കിട്ടിയ എത്രയോ മറുപടിക്കാർഡുകൾ ഇപ്പോഴും അയാളുടെ ശേഖരത്തിലുണ്ട്.
ഇപ്പോൾ ഈ കാർഡ് ആരുടെതായിരിക്കും, ഇക്കാലത്ത് ഇ മെയിൽ വഴിയാണ് സൃഷ്ടികർമവും പത്രാധിപന്മാരുടെ മറുപടിയും എന്നിരിക്കെ ആരാണ് കാർഡ് അയക്കാൻ... അയാളുടെ ആകാംക്ഷ കൂടിക്കൂടിവന്നു.
കുനെകുനെ എഴുതിയിരിക്കുന്ന അക്ഷരത്തെറ്റു നിറഞ്ഞ വരികൾ വല്ല വിധേനയും അയാൾ വായിച്ചെടുത്തു.
‘‘എന്റെ പ്രിയപ്പെട്ട കഥാകൃത്തിന്,
ചിലപ്പോൾ ഈ കത്ത് കിട്ടുമ്പോഴേക്കും മാഷ് അത്ഭുതപ്പെട്ടേക്കാം, ഇങ്ങനൊരു കാർഡ് ഒരിക്കലും പ്രതീക്ഷിച്ചിട്ടുണ്ടാവില്ല. കുറച്ചുകാലം എന്നോടൊപ്പം ഇവിടുണ്ടായിരുന്ന മാഷിന്റെ നാട്ടുകാരനാണ് മാഷിനെപ്പറ്റി എന്നോട് പറയുന്നത്. അതുപറയാൻ ഒരു കാരണമുണ്ടായി. ലൈബ്രറിയിൽനിന്ന് ഞങ്ങൾക്ക് പുസ്തകങ്ങൾ വായിക്കാൻ തരും. ഒരിക്കൽ മാഷിന്റെ കഥകളുടെ സമാഹാരം വായിച്ചു കൊണ്ടിരിക്കെ അത് വാങ്ങി നോക്കിയിട്ടാണ് അവൻ പറയുന്നത്, ഇത് എന്റെ നാട്ടുകാരനാണെന്ന്.
മാഷിന്റെ കഥകളുടെ പുസ്തകം ഉണ്ടെങ്കിൽ ഈ അഡ്രസ്സിൽ അയച്ചുതരണം, അഡ്രസ്സിനോടൊപ്പം ഇതിനൊപ്പമുള്ള കോഡ് നമ്പരും ചേർക്കണം. ഒരിക്കലും അയക്കാതിരിക്കരുത്. അറിയാമല്ലോ മാഷേ, ഇവിടുത്തെ ജീവിതം വല്ലാത്ത വിരസമാണ്, അതിനിടയിൽ ഒരാശ്വാസമാണ് ലൈബ്രറിയിൽ നിന്ന് കിട്ടുന്ന പുസ്തകങ്ങൾ. ഇവിടെനിന്ന് ഇറങ്ങിയാൽ തീർച്ചയായും ഞാൻ മാഷിനെ വന്ന് കാണുന്നുണ്ട്.
ഒത്തിരി സ്നേഹത്തോടെ
സേതു,
[C-656] സെൻട്രൽ ജയിൽ
അത് അയാൾക്ക് പുത്തൻ അനുഭവം തന്നെയായിരുന്നു, ജയിലിൽനിന്ന് ഒരു വായനക്കാരനെ ഒരിക്കലും പ്രതീക്ഷിച്ചിട്ടില്ല. ഭാര്യക്ക് അത് വായിച്ചപ്പോൾ പേടിയായി. ‘‘നിങ്ങൾ പുസ്തകം അയച്ചു കൊടുക്കാനൊന്നും നിൽക്കണ്ട, അയാൾ ഇറങ്ങുമ്പോൾ ഇങ്ങോട്ട് വരാമെന്ന് എഴുതിയിട്ടുണ്ടല്ലോ, ആർക്കറിയാം അയാൾ വല്ല കൊലക്കേസ് പ്രതിയോ മറ്റോ ആണോയെന്ന്, അതു കൊണ്ട് കത്തിന് മറുപടി എഴുതാനൊന്നും നിൽക്കണ്ട, ഇത് ഇവിടെ വെച്ച് അവസാനിപ്പിച്ചേക്ക്...’’
സത്യത്തിൽ അവൾക്ക് പേടിയായിരുന്നു, ഒരു ജയിൽപുള്ളി എന്റെ പുസ്തകം വായിച്ച് അഭിപ്രായം പറയുക, ഇനിയും വേണമെന്ന് ആവശ്യപ്പെടുക, ജയിലിൽനിന്ന് ഇറങ്ങുമ്പോൾ എന്നെ കാണാൻ വരുമെന്ന് പറയുക. ഒരിക്കലും പ്രതീക്ഷിക്കാത്തതാണല്ലോ അതൊക്കെ. പുസ്തകം കൊടുക്കണ്ടെന്ന് അവൾ പറഞ്ഞത് എന്തായിരിക്കും. ആവശ്യത്തിന് ശിക്ഷ ഇതിനകം അയാൾ അനുഭവിച്ച് കാണുമല്ലോ. ഇനി നിങ്ങളുടെ പുസ്തകം കൂടി കൊടുക്കണോ എന്ന അർഥത്തിലായിരിക്കുമോ, ഏയ്, അങ്ങനെ അല്ലെന്നോർത്ത് സമാധാനിച്ചു.
ഏതായാലും വരുന്നത് വരട്ടെ, എന്നോർത്ത് അയാൾക്ക് മറുപടിയും പുസ്തകവും അയച്ചു, അത് ഭാര്യയോട് പറയാൻ നിന്നില്ല. നാട്ടിൽ ഒരു കഥ വായിച്ച് നല്ല അഭിപ്രായം പറയുന്നവരെ കിട്ടാൻ വലിയ പ്രയാസമാണ്, അപ്പോഴാണ് ജയിലിൽ നിന്നും നല്ല അഭിപ്രായം പറയുന്ന ഒരാളെ കിട്ടുന്നത്. അയാളെ അങ്ങനെ അങ്ങ് ഉപേക്ഷിക്കാൻ കഥാകൃത്ത് തയ്യാറായിരുന്നില്ല. എങ്കിലും വീട്ടിൽ വരുന്നെന്ന് പറഞ്ഞപ്പോൾ ഒരു പേടി തോന്നാതിരുന്നില്ല, കൊലക്കേസ് പ്രതിയൊന്നും ആയിരിക്കില്ല, ചെറിയ കേസ് എന്തെങ്കിലും ആയിരിക്കും എന്നോർത്ത് സമാധാനിച്ചു.
വീണ്ടും അയാളുടെ മറുപടി വന്നപ്പോൾ ഭാര്യ ഇക്കാര്യം കണ്ടു പിടിച്ചു, അവൾക്ക് പേടി കൂടി.
‘‘നിങ്ങൾ ഇല്ലാത്ത സമയത്താണ് അയാൾ കാണാൻ വരുന്നതെങ്കിൽ ഞാനും പിള്ളേരും എന്തു ചെയ്യും, ഒരു പുസ്തകമെഴുത്തുകാരൻ നടക്കുന്നു...’’
അവൾ എന്തൊക്കെയോ പറഞ്ഞിട്ട് അകത്തേക്ക് പോയി. അപ്പോൾ എനിക്കും പേടിയായി, അയാൾ പുസ്തകമൊക്കെ വായിച്ചോട്ടെ, അഭിപ്രായമൊക്കെ എഴുതിക്കോട്ടെ, വീട്ടിലേക്ക് വരാതിരുന്നാൽ മതിയായിരുന്നു എന്നായിരുന്നു അപ്പോഴൊക്കെ എന്റെ പ്രാർഥന.. പിന്നെയും ഇടക്ക് അയാളുടെ കത്തുകൾ വന്നുകൊണ്ടിരുന്നു.
‘‘ഇപ്പോഴെന്താണ് സാറെ, മറുപടി അയക്കാത്തത്? സാറിനെ പോലെയുള്ളവർക്ക് തിരക്കായിരിക്കുമെന്ന് അറിയാം, എങ്കിലും സമയം കിട്ടുമ്പോൾ മറുപടിയും പുസ്തകങ്ങളും അയച്ചു തരണേ, ഞങ്ങളെപ്പോലെയുള്ളവർക്ക് അതൊക്കെയല്ലേ സാർ ഒരു സന്തോഷം, ഏതായാലും ജയിലിൽ നിന്ന് ഇറങ്ങുമ്പോൾ തീർച്ചയായും ഞാൻ വീട്ടിൽ വരും, കുറെ കാര്യങ്ങൾ സാറിനോട് നേരിൽ പറയാനുണ്ട്. എന്റെ അനുഭവങ്ങൾ സാറിന് ഒരു നോവൽ എഴുതാൻ മാത്രം കാണും...’’
മറുപടി എഴുതാൻ മനസ്സു വല്ലാതെ കൊതിച്ചെങ്കിലും ഞാൻ നിയന്ത്രിച്ചു, അയാൾ വീട്ടിൽ വരുന്നതിനെക്കുറിച്ച് ഭാര്യ പറഞ്ഞ് പറഞ്ഞ് എനിക്കും പേടിയായി. ഞാൻ മറുപടി എഴുതാതിരുന്നതു കൊണ്ടാണോ എന്തോ പിന്നെ അയാളുടെ കത്തുകൾ കാണാതായി. സത്യത്തിൽ എന്റെ ഒരു വായനക്കാരനെ മനപ്പൂർവ്വം ഇല്ലാതാക്കിയതിൽ ഇപ്പോഴും കുറ്റബോധമുണ്ട്. ചിലപ്പോൾ നിരപരാധിയായ അയാളെ കുറ്റവാളിയാക്കിയതാണെങ്കിലോ, അങ്ങനെയും അനുഭവങ്ങളുണ്ടല്ലോ? അത് പറയാനായിരിക്കുമോ എന്നെ കാണണമെന്ന് അയാൾ പറഞ്ഞത്? ഓരോന്നോർത്ത് എനിക്ക് ഒരു സമാധാനവും കിട്ടിയില്ല, കുറെ നാളുകളോളം എന്റെ ജയിൽ വായനക്കാരൻ എന്റെ മനസ്സിനെ വല്ലാതെ അസ്വസ്ഥമാക്കി.
പിന്നെയും പല ദിവസങ്ങളിലും പകലും രാത്രിയും ഓരോ കോളിങ് ബെൽ മുഴങ്ങുമ്പോഴും തെല്ലൊരു പേടിയോടെ ഞാനും ഭാര്യയും നോക്കും, അത് അയാളെങ്ങാനുമായിരിക്കുമോ? പക്ഷേ, പിന്നീടൊരിക്കലും എന്നെത്തേടി അയാളുടെ കാർഡും വന്നില്ല, അയാളും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.