മണ്ണടിഞ്ഞ കിനാക്കൾ -കഥ
text_fieldsട്രീ ട്രീം ട്രീം...
സുബ്ഹിക്കു മുമ്പ് തന്നെ ഫോണിന്റെ ബെല്ലടിശബ്ദം കേട്ട് ഉറക്കം നഷ്ടപ്പെട്ട ദേഷ്യം പുറത്തുകാണിക്കാതെ കബീർ ഫോണെടുത്തു. മറുതലക്കൽ അനസായിരുന്നു. ഒരു വർഷം മുമ്പ് വരെ കബീറിന്റെ റൂംമേറ്റായിരുന്നു അനസ്. കമ്പനി സ്ഥലം മാറിയപ്പേൾ സാഹചര്യം പ്രതികൂലമായതിനാൽ റൂം മാറിയതാണ് അനസ്.
‘അസ്സലാമു അലൈക്കും കബീർ ഭായ്... നീ അറിഞ്ഞോ, നമ്മളെ കൂടെ താമസിച്ചിരുന്ന നമ്മളെ ഉമ്മർ ഭായ് നമ്മെ വിട്ടുപിരിഞ്ഞിരിക്കുന്നു’ എന്ന് ഒറ്റശ്വാസത്തിൽ അനസ് പറഞ്ഞു.
‘ഇന്നാ ലില്ലാഹ്...’
ആ വാർത്ത കേട്ടതും കബീറിന് പിന്നെ ഉറങ്ങാൻ സാധിച്ചില്ല. 15 വർഷത്തോളം ഒരുമിച്ച് താമസിച്ചിരുന്നതാണ്. നല്ല വ്യക്തിത്വത്തിനുടമ. എല്ലാവരോടും സൗമ്യമായി സംസാരിക്കുന്ന ഉമ്മർ ഭായ് പരിചയപ്പെടുന്ന ഏതൊരാൾക്കും പ്രിയങ്കരനായിരുന്നു. ഒരാഴ്ച മുമ്പാണ് നാട്ടിലേക്ക് പോയത്. പുതുക്കിപ്പണിത വീട് കുടിയിരിക്കലാണെന്നും നാട്ടിൽ പോവാണെന്നും വെള്ളിയാഴ്ച ഭക്ഷണം കഴിക്കുംനേരം ഉമ്മർ ഭായ് എല്ലാവരോടുമായി പറഞ്ഞിരുന്നു. കൂട്ടത്തിലുള്ള ഫൈസൽ, ‘അല്ല, ഉമ്മർ ഭായ് സന്തോഷമുള്ള കാര്യല്ലേ, പഴയ വീട് പൊളിച്ച് പുതിയ വീട്, ഇങ്ങക്കിനി സുഖമായി ഉറങ്ങിക്കൂടേ, പിന്നെന്താ വെഷമം’ എന്ന് പറഞ്ഞപ്പോൾ അതുവരെ അടക്കിപ്പിടിച്ച സങ്കടം നീണ്ടൊരു തേങ്ങലായി മാറി.
നിങ്ങൾക്കറിയോ, ഞാനും ഭാര്യയും ഒരു പാട് സ്വപ്നങ്ങൾ നെയ്ത വീടായിരുന്നു അത്. നീണ്ട 20 വർഷത്തിനുശേഷം കഴിഞ്ഞ വർഷമാണ് അതിന്റെ കടങ്ങളെല്ലാം വീട്ടിയത്. വാടകവീട്ടിൽനിന്ന് പുതിയ വീട്ടിലേക്ക് വരുേമ്പാൾ മകന് എട്ടു വയസ്സും മോൾക്ക് നാലു വയസ്സുമായിരുന്നു. ഇതിനിടയിൽ മക്കളെ പഠിപ്പിച്ചു. മോളെ കെട്ടിച്ച്. മോന് നല്ലൊരു ജോലി ശരിയാക്കിക്കൊടുത്തു. മക്കളുടെ പഠിപ്പും വീട്ടിലെ ചെലവുമെല്ലാമായി വീടിനുവേണ്ടി വാങ്ങിയ കടം വീട്ടാൻ ഇത്രയും സമയമെടുത്തു. 20 വർഷത്തിനിടയിൽ നാട്ടിൽ പോയത് 10 തവണ. ഇതിൽ വീട്ടിൽ നിന്നത് ആകെ 15 മാസം മാത്രം. ഇക്കാലയളവിൽ ഒരു തവണപോലും ശരിക്കുറങ്ങാൻ കടബാധ്യതമൂലം സാധിച്ചിട്ടില്ല. കഴിഞ്ഞ കൊല്ലം കടങ്ങളെല്ലാം വീട്ടിയപ്പം നാട്ടിൽ പോവണം എന്നും സ്വസ്ഥമായി പഴയ സ്വപ്നങ്ങളൊക്കെ പങ്കുവെച്ച് കുട്ടികളുമായി കഴിയണമെന്നും കരുതിയതാ. പക്ഷേ...
കരച്ചിലടക്കാൻ പ്രയാസപ്പെടുന്ന ഉമ്മർ ഭായിയെ കണ്ട് എല്ലാവരും ഫൈസലിനെ തുറിപ്പിച്ചുനോക്കി.
നൗഫൽ പറഞ്ഞു: ഉമ്മർ സാഹിബ് പറയാനുള്ളതൊക്കെ പറയട്ടെ, പിന്നെന്തിനാ നിങ്ങൾ നാട്ടിൽ പോവണ്ടാന്ന് വെച്ചത്?
മോന് കല്യാണം കഴിക്കണമെങ്കിൽ ആ വീട് പറ്റില്ലത്രെ, നല്ല ബന്ധം ശരിയാകണമെങ്കിൽ ആ വീട് പൊളിച്ച് പുതിയത് വെക്കണമെന്ന്, പഴഞ്ചൻ വീടാണ്, ഞമ്മക്കിത് പൊളിക്കാന്ന് ഭാര്യയും പറഞ്ഞപ്പോ ആ വീട് പൊളിച്ചുകാണാൻ എനിക്ക് കഴിയില്ലായിരുന്നു നൗഫലേ എന്നു പറഞ്ഞ് വീണ്ടും കരച്ചിലടക്കാൻ പ്രയാസപ്പെടുന്ന ഉമ്മർ ഭായിയെ എല്ലാവരുംകൂടി സമാധാനിപ്പിച്ചു.
കബീർ വാച്ചിലേക്ക് നോക്കി, സമയം പത്തുമണി. നാട്ടിലെ വിവരങ്ങളറിയാൻ കൂട്ടുകാരനായ ഷുക്കൂറിനെ വിളിച്ചു.
‘സുക്കൂറേ, എന്തായി അവിടത്തെ കാര്യങ്ങൾ’ എന്ന് ചോദിച്ചതും തെല്ലൊരു അമർഷത്തോടെ ഷുക്കൂർ പറഞ്ഞു.
‘കബീർ ഭായ്... ഉമ്മർ സാഹിബിന്റെ മയ്യിത്ത് മൂപ്പരെ വീട്ടിലേക്ക് കൊണ്ടുവരാൻ പറ്റില്ലത്രേ. മൂന്നു ദിവസം മുമ്പ് കുടിയിരുന്ന വീടാണ്, ആളുകൾ കൂടിയാൽ സാധനങ്ങളും മറ്റുമൊക്കെ അലങ്കോലമാകും എന്നുപറഞ്ഞ് പാടത്തിന്റെ അക്കരയുള്ള തറവാട് വീട്ടിലാണിപ്പോ മയ്യിത്ത് എത്തിച്ചിരിക്കുന്നത്...’
മറുപടി കേട്ട് ഒന്നും പറയാൻ കഴിയാതെ കബീർ സ്തബ്ധനായി.
തുടർച്ചയായി വിവിധ സുരക്ഷ സ്കീമിൽ ചേർന്നുകൊണ്ടിരുന്ന ഉമ്മർ ഭായ് നോമിനിയായി വെക്കാറുള്ളത് ഭാര്യയെയും മക്കളെയുമായിരുന്നു. മകന് ജോലി കിട്ടി വീട് പൊളിച്ചുകളയാമെന്നു പറഞ്ഞപ്പോ അതിന് എതിരൊന്നും പറയാതിരുന്നതും മക്കളുടെ ഇഷ്ടം നോക്കിയായിരുന്നു. ജീവിത പ്രാരബ്ധങ്ങളുടെ മാറാപ്പുമായി ജീവിതം കരകയറ്റാൻ കടൽ കടന്ന് മറ്റുള്ളവർക്ക് വെളിച്ചമേകി സ്വയം ഉരുകിത്തീർന്ന മെഴികുതിരിപോലെ ഉമ്മർ ഭായ് ഓർമകളായത് ഇനിയും വിശ്വസിക്കാനാവാതെ കബീർ മിഴിനീർ തുടച്ചു.
കമ്പനിയിലേക്ക് വിളിച്ച് ലീവ് ചോദിച്ചു. പുറത്ത് ബെല്ലടിശബ്ദം കേട്ട് വാതിൽ തുറന്നപ്പോൾ പഴയ റൂംമേറ്റുകളെല്ലാവരും ലീവെടുത്ത് ഉമ്മർ ഭായീടെ നല്ല ഓർമകളുള്ള റൂമിലേക്ക് വന്നിരിക്കുന്നു. ഉമ്മർ ഭായീടെ ബെഡിലിരുന്നു സംസാരിക്കുന്നതിനിടയിൽ കബീർ തലയിണ വെറുതെ ഒന്നു പൊക്കിനോക്കിയതും അയാൾ തേങ്ങിക്കരഞ്ഞു. ശബ്ദം കേട്ട് എല്ലാവരും വന്ന് നോക്കുമ്പോൾ കണ്ട കാഴ്ച തലയിണക്കിടയിൽ ഉമ്മർ ഭായീടെ വീടിന്റെയും ഭാര്യയുടെയും മക്കളുടെയും ഫോട്ടോയായിരുന്നു.
മറ്റുള്ളവർക്ക് വെളിച്ചമേകാനുള്ള ബദ്ധപ്പാടിൽ സ്വന്തം കാര്യങ്ങൾ മറന്നുകൊണ്ട് നാളെ ജീവിക്കാം എന്ന സ്വപ്നവുമായി കഴിയുന്ന ഓരോ പ്രവാസികൾക്കുംവേണ്ടി സമർപ്പിക്കുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.