കളിപ്പന്തുകൾ
text_fieldsലാൽഗുഡി സ്റ്റേഷനിൽ നിന്നോ മറ്റോ ആണ് ആ വൃദ്ധ എ.സി കമ്പാർട്ട്മെന്റിന്റെ വാതിലിനരികിൽ കയറിക്കൂടിയത്. കുറച്ചുനേരം തന്റെ ഭാണ്ഡക്കെട്ടും മടിയിൽവെച്ച് കുത്തിയിരിക്കുകയായിരുന്ന അവർ തീവണ്ടിയുടെ വേഗത്തിലും കുലുക്കത്തിലും അസ്വസ്ഥയായി തുണിക്കെട്ട് നിലത്തിറക്കിവെച്ച് അതിനുമുകളിൽ ചാരിക്കിടന്നു.
ട്രെയിൻ ശ്രീരംഗം സ്റ്റേഷനിൽ എത്തിനിന്നപ്പോൾ കോച്ചിന്റെ തണുത്ത വാതിൽ തുറന്ന് കറുത്ത കോട്ടു ധാരിയായ ടിക്കറ്റ് പരിശോധകൻ ഇറങ്ങിവന്നു. വൃദ്ധയുടെ കിടപ്പുകണ്ട് അയാളുടെ ഉള്ളിൽ ഈർഷ്യ നുരഞ്ഞു. കൈയിലുള്ള പാഡുകൊണ്ട് വൃദ്ധയുടെ പുറത്ത് തട്ടിയപ്പോൾ ക്ലിപ്പിൽ ഉറപ്പിച്ചിട്ടുള്ള റിസർവേഷൻ ചാർട്ട് വൃദ്ധയുടെ കഴുത്തിൽ തൂവൽപോലെ ഇക്കിളിപ്പെടുത്തി.
മയക്കം മുറിഞ്ഞ നീരസത്തോടെ അവർ തലയുയർത്തി ആഗതനെ നോക്കി.
‘‘വേഗം ഇറങ്ങാൻ നോക്ക്. ഇത് എ.സി കോച്ചാണ്’’, ഒട്ടും കരുണയില്ലാതെ പരുക്കൻ സ്വരത്തിൽ അയാൾ പറഞ്ഞു. പക്ഷേ ആ ശബ്ദത്തിലെ ആജ്ഞ അനുസരിക്കാൻ ശരീരം അനുവദിക്കാത്തതുകൊണ്ടാവാം ആ വൃദ്ധ അതേ കിടപ്പുകിടന്നു.
‘‘പറഞ്ഞത് കേട്ടില്ലേ തള്ളേ, ഇറങ്ങിപ്പോണം വേഗം’’, ഒട്ടും മയമില്ലാത്ത വാക്കുകൾ വീണ്ടും ഉയർന്നു.
ഇപ്പോൾ വൃദ്ധയുടെ അടഞ്ഞ കണ്ണുകൾക്കകത്ത് നേർത്ത ചലനമുണ്ടായി. ആ നരച്ച കൺപീലികൾ പതിയെ വിടർന്ന് അയാളെ ഒന്ന് നോക്കി. വാടിയ മുഖം പോലെ തന്നെ ആ കണ്ണുകളും വല്ലാതെ തളർന്നിരുന്നു. അവ്യക്തമായി എന്തോ പുലമ്പിക്കൊണ്ട് വീണ്ടും വൃദ്ധ കണ്ണടച്ചു.
ടിക്കറ്റ് പരിശോധകൻ പൊടുന്നനെ വൃദ്ധ തലയണയാക്കിവെച്ച തുണിക്കെട്ട് കറുത്ത് മിനുങ്ങുന്ന ഷൂസിട്ട കാലുകൊണ്ട് തോണ്ടിയെടുത്ത് നിർദയം പുറത്തേക്ക് തട്ടി. ഒരു കളിപ്പന്തുപോലെ അതുരുണ്ടുരുണ്ട് തൊട്ടപ്പുറത്തെ റെയിൽ പാളത്തിൽ ചെന്നുവീണു.
നിന്നെപ്പോലുള്ളവരെ താനെത്ര കണ്ടിരിക്കുന്നു എന്ന ഭാവത്തിൽ അയാൾ അടുത്ത കമ്പാർട്ട്മെന്റിലേക്ക് പോയി. പൊള്ളലേറ്റ പോലെ വൃദ്ധ എണീറ്റ് തലനീട്ടി പുറത്തെ പാളത്തിലേക്ക് നോക്കി. പിന്നെ പ്രയാസപ്പെട്ട് പതിയെ താഴേക്കൂർന്നിറങ്ങി തുണിക്കെട്ട് കുനിഞ്ഞെടുത്ത് അതിനകത്തുനിന്നും ചില്ലിട്ട ഒരു ഫോട്ടോ പുറത്തെടുത്തു. ഫ്രെയിമിനകത്ത് ചിരിച്ചു നിൽക്കുന്ന ഒരു വൃദ്ധനുണ്ടായിരുന്നു. അയാൾക്ക് ഉടവൊന്നും പറ്റിയിട്ടില്ല എന്ന് ഉറപ്പുവരുത്തിയ ശേഷം തുണക്കെട്ടിനകത്തേക്കുതന്നെ ഭദ്രമായി വെക്കുമ്പോൾ വൃദ്ധയുടെ പീളകെട്ടിയ കൺകോണുകളിലൂടെ കണ്ണീരൊഴുകാൻ തുടങ്ങി. ആ തുണിക്കെട്ട് നെഞ്ചോട് ചേർത്തുപിടിച്ച് അതിൽ മുഖമമർത്തി അവർ കൊച്ചുകുട്ടിയെപ്പോലെ വിതുമ്പി വിതുമ്പിക്കരയാൻ തുടങ്ങി. അപ്പോൾ ആ പാളത്തിലൂടെ ഇരമ്പിവന്ന തീവണ്ടിയുടെ നിർത്താത്ത ചൂളംവിളി അവർ കേട്ടില്ല.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.