മിഴികൾ നിറയില്ല
text_fieldsഅച്ഛനെയും അമ്മയെയും വൃദ്ധസദനത്തിൽ വിട്ടു വന്നിട്ട് അനിലിന്റെ മനസ്സിൽ ഒട്ടും വിഷമം ഇല്ലായിരുന്നു. ഉപയോഗം ഇല്ലാത്ത ഒരു സാധനം വലിച്ചെറിഞ്ഞ പോലെയായിരുന്നു. തന്നെ പത്തു മാസം നൊന്തുപെറ്റ അമ്മയും പോറ്റിവളർത്തിയ അച്ഛനും ഒരു നിമിഷംപോലും അതൊന്നും ഓർത്തില്ല. അവന്റെ ഓരോ വളർച്ചയും സന്തോഷത്തോടെ മാത്രം നോക്കിക്കണ്ട അവന്റെ അമ്മ...
കാഷും സുഖജീവിതവും ആയപ്പോൾ അമ്മയും അച്ഛനും വെറും പേപ്പർ കടലാസിൽ എഴുതിയ രണ്ടക്ഷരം മാത്രമായി... രാജശേഖരനും ഭാര്യ നളിനിയും വളരെ കഷ്ടപ്പെട്ടാണ് അവരുടെ മകൻ അനിലിനെ പഠിപ്പിച്ച് ഒരു നിലയിലെത്തിച്ചത്. അവന്റെ വിവാഹ ശേഷം അവൻ വല്ലാതെ മാറി. അവന് രണ്ട് കുട്ടികൾകൂടി ആയി സ്വത്തുക്കൾ എല്ലാം തന്റെ പേരിൽ എഴുതിക്കിട്ടിയ അന്നുമുതൽ അവന് അവരെ വേണ്ടാതായി.
എന്തായാലും അവൻ അച്ഛനെയും അമ്മയെയും പിരിച്ചില്ല. വൃദ്ധ സദനത്തിൽ ഒരു റൂം തന്നെ ബുക്ക് ചെയ്തിരുന്നു രണ്ടാൾക്കും കൂടി. വെറുതെ ഓരോന്ന് ഓർത്തിരിക്കുന്ന ഭർത്താവിനോട് നളിനി ‘‘സാരമില്ല, വിഷമിക്കണ്ട... നമ്മളെ അവൻ പിരിച്ചില്ലല്ലോ. നമുക്ക് ഇവിടെ ജീവിക്കാം സമാധാനത്തോടെ.’’ രാജശേഖരൻ നളിനിയുടെ മുഖത്തോട്ട് നോക്കി. ആ കണ്ണുകളിൽനിന്നു കണ്ണുനീർ ഒഴുകുന്നുണ്ടായിരുന്നു. ‘‘കുഞ്ഞുങ്ങളെ പിരിഞ്ഞിരിക്കാൻ കഴിയുന്നില്ല, അവർ എന്തെങ്കിലും കഴിച്ചുകാണുവോ രാജേട്ടാ.’’
‘‘അവർക്ക് ഇഡലിയും ദോശയുമാണ് ഇഷ്ടം ലക്ഷ്മിക്ക് അതൊന്നും ഉണ്ടാക്കാൻ അറിയില്ല. അവൾ അവർക്കു രാവിലെ നൂഡിൽസായിരിക്കും കൊടുത്തത്.’’
‘‘നീ അതോർത്തു വിഷമിക്കണ്ട നാളിനീ. അവരുടെ മക്കളുടെ കാര്യം അവർ നോക്കിക്കൊള്ളും. നീ അവനെ കൊഞ്ചിച്ചു വളർത്തി. ഞാനും ഒരുപാട് സ്നേഹിച്ചതാ അവനെ. അതൊന്നും ഓർത്തില്ലല്ലോ അവൻ.’’ അനിൽ ജോലി കഴിഞ്ഞുവന്ന് ക്ഷീണിച്ചു സോഫയിൽ ഇരുന്നു. ഭാര്യ ലക്ഷ്മി ചായ കൊടുത്തു. അവൻ ചായ വാങ്ങിക്കുടിച്ചു. അവൾ അനിലിനോട് ചോദിച്ചു. ‘‘ഒരു സെർവന്റിനെ വെക്കാൻ ഞാൻ രണ്ട് ദിവസമായി പറയുന്നു. നിങ്ങൾ കേൾക്കുന്നില്ലല്ലോ.’’ അതിന്റ മറുപടിയായി അനിൽ ‘‘ഇവിടെ അമ്മ ഉണ്ടായിരുന്നപ്പോൾ എല്ലാ ജോലിയും അമ്മയല്ലായിരുന്നോ ചെയ്തത്?
നിന്റെ വാക്ക് കേട്ടാ ഞാൻ അവരെ ശരണാലയത്തിൽ കൊണ്ടാക്കിയത്...ഒരു ജോലിക്കാരിക്ക് മാസം ഇരുപതിനായിരം രൂപ കൊടുക്കണം.’’ അപ്പോൾ ലക്ഷ്മി പറഞ്ഞു: ‘‘സാരമില്ല. ഇരുപതിനായിരം ഞാൻ തരാം. എനിക്ക് സാലറി കിട്ടുമ്പോൾ’’. തൈലത്തിന്റ മണം എനിക്ക് പിടിക്കില്ല. പിന്നെ നിങ്ങളുടെ അച്ഛന്റെ സ്വഭാവവും. നിങ്ങളുടെ അമ്മയെക്കൊണ്ട് ഞാൻ ഇവിടെ വീട്ടുജോലി ചെയ്യിക്കുവാണെന്നല്ലേ അങ്ങേരുടെ പരാതി. ഇപ്പോൾ എല്ലാ പ്രശ്നവും മാറി’’ എന്ന് പറഞ്ഞ് അവൾ റൂമിലേക്ക് പോയി.
കുറച്ചു സമയം കഴിഞ്ഞ് അനിൽ ശരണാലയത്തിലേക്കു വിളിച്ചു. അമ്മയെയും അച്ഛനെയും അവിടെ കൊണ്ടുവിട്ടിട്ട് പോന്നതാ. രണ്ടുവട്ടം അവിടന്ന് ഇങ്ങോട്ട് വിളിച്ചിട്ട് ഫോൺ എടുത്തതും ഇല്ല. അങ്ങേ തലക്കൽ ഒരാൾ ഫോൺ എടുത്തു. അനിൽ അമ്മയുടെയും അച്ഛന്റെയും വിവരങ്ങൾ അന്വേഷിച്ചു. ‘‘അച്ഛനും അമ്മയും സുഖമായിരിക്കുന്നോ?’’ അതിന് മറുപടിയായി അവിടത്തെ മാനേജർ പറഞ്ഞു: ‘‘അച്ഛനും അമ്മയും ഇവിടെ ഇല്ല. അവർ നിങ്ങൾ ഇവിടെ കൊണ്ടുവിട്ട ദിവസംതന്നെ ഇവിടന്നു പോയി. ഞാൻ നിങ്ങളെ രണ്ടുതവണ വിളിച്ചു.
നിങ്ങൾ ഫോൺ എടുത്തില്ല...നിങ്ങൾക്ക് തരാൻ ഒരു എഴുത്ത് എഴുതി വെച്ചിട്ട് ആണ് അവർ പോയത്... കവറിന്റെ മുകളിൽ നിങ്ങളുടെ പേര് എഴുതിയിരിക്കുന്നതുകൊണ്ട് ഞങ്ങൾ അത് പൊട്ടിച്ചു വായിച്ചില്ല.’’ അനിൽ അപ്പോൾതന്നെ ശരണാലയത്തിലേക്ക് പുറപ്പെട്ടു. അവിടെ ചെന്നപ്പോൾതന്നെ മാനേജർ കവർ അനിലിനെ ഏൽപിച്ചു. അയാൾ അത് തുറന്നു വായിക്കാൻ തുടങ്ങി.
‘‘സ്നേഹം നിറഞ്ഞ ഞങ്ങളുടെ മകൻ അനിലിന്. നിന്നെ ഞങ്ങൾ ഒരുപാട് സ്നേഹിച്ചാണ് വളർത്തിയത്. ഞങ്ങളുടെ സ്നേഹം അല്ല പണം ആണ് നിനക്ക് വേണ്ടത് എന്ന് ഞങ്ങൾ തിരിച്ചറിഞ്ഞു, നിന്റെ പ്രവൃത്തിയിലൂടെ. അതുകൊണ്ട് മുൻകൂട്ടി ഞങ്ങൾ കാര്യങ്ങൾ ചെയ്തു. ഞാൻ സർവിൽനിന്നു പിരിഞ്ഞു പോന്നപ്പോൾ കിട്ടിയ രൂപകൊണ്ട് ഒരു വീടും കുറച്ചു വസ്തുവും വാങ്ങി ഇട്ടിരുന്നു..നിന്റെ അമ്മയെ പോലും ഞാൻ അറിയിച്ചിരുന്നില്ല.
നീ ഞങ്ങളെ ശരണാലയത്തിൽ കൊണ്ടുവിട്ടു അന്നുതന്നെ ഞാൻ നിന്റെ അമ്മയുടെ കൈപിടിച്ച് ഞങ്ങൾ ഇവിടെ വാങ്ങിയിട്ട വീട്ടിൽ വന്നു. നീ ഞങ്ങളെ തിരക്കി ഇങ്ങോട്ട് ഇനി വരേണ്ട. നിനക്ക് വേണ്ടത് എല്ലാം ഞങ്ങൾ തന്നുകഴിഞ്ഞു.. ഇനി ഉള്ള ഞങ്ങളുടെ സമ്പാദ്യം ഞങ്ങളുടെ മരണ ശേഷം ഏതെങ്കിലും വൃദ്ധസദനത്തിന് എഴുതിവെക്കാൻ ഞങ്ങൾ തീരുമാനിച്ചു’’
എന്ന് സ്നേഹപൂർവം,
നീ ഉപേക്ഷിച്ച, ഇപ്പോൾ നിന്നെ ഉപേക്ഷിച്ച നിന്റെ അച്ഛനും അമ്മയും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.