ബേട്ടി ബചാവോ
text_fields‘പതിനഞ്ചാം നൂറ്റാണ്ടിലായിരുന്നു ജിയർനാഡോ ബ്രൂണോ ജീവിച്ചത്. സൂര്യൻ ഒരു നക്ഷത്രമാണെന്നു ബ്രൂണോ വാദിച്ചു. അയാൾ കള്ളം പറയുകയാണെന്ന് ഇറ്റലിയിലെ സഭയും. ഏഴുവർഷം വിചാരണ. അതും ഏകാന്തതടവ്. ഒടുവിൽ ബ്രൂണോയെ ചുട്ടുകൊന്നു. അയാൾ പറഞ്ഞത് സത്യമാണെന്നു പിന്നീട് തെളിഞ്ഞു. സൂര്യൻ നക്ഷത്രമാണെന്നു ശാസ്ത്രലോകം വിധിയെഴുതി’.
യശ്പാൽ നിർത്തിയിടത്തുനിന്ന് വിപാസന പൂരിപ്പിച്ചു. ‘പാവം പ്രുണോ... ചുട്ടുകൊല്ലുമ്പോ വേദനിച്ചിട്ടുണ്ടാകും’.
എന്താണ് വിചാരണയന്നോ എന്താണ് തടവെന്നോ അവൾക്ക് മനസ്സിലായില്ല. എന്നിട്ടും ഒരാളെ ചുട്ടുകൊന്നു എന്നതിന്റെ ആഴം അവളെ വേട്ടയാടി.
‘കൊല്ലുമെന്നറിഞ്ഞിട്ടും താൻ കണ്ടെത്തിയ സത്യം ബ്രൂണോ മാറ്റിപ്പറഞ്ഞില്ല. കാലം കഴിഞ്ഞാലും ഒരിക്കൽ സത്യം പുറത്തുവരും. മോളും അങ്ങനെ വേണം. സത്യം തെളിയിക്കാൻ അവസാനംവരെ പൊരുതണം’. യശ്പാൽ അവളുടെ തലയിൽ തലോടി. വിപാസന വീണ്ടും ആലോചനയിൽ മുഴുകി.
‘എന്നാലും പ്രുണോയെ ചുട്ടുകൊന്നില്ലേ...’
അവളുടെ സങ്കടം കണ്ടു യശ്പാൽ കഥ മാറ്റി. കുഞ്ഞു വിപാസനക്ക് വേഗം മനസ്സിലാവുന്ന കഥ.
‘പണ്ടു പണ്ട്, അമ്മയുടെ മടിയിൽ കിടക്കുവായിരുന്നു ഭീമൻ. പെട്ടെന്നെന്തോ അലർച്ചകേട്ടു. അമ്മ കുന്തീദേവി പേടിച്ചു. ആ ഞെട്ടലിൽ കുഞ്ഞ് താഴെ വീണു. കുട്ടിക്ക് എന്തോപറ്റി എന്ന് അച്ഛനും അമ്മയും ഭയന്നു. പക്ഷേ, ഭീമൻ വീണയിടത്ത് പാറ പൊടിഞ്ഞിരുന്നു’.
‘കൊള്ളാലോ ഈ പീമൻ. ഇന്നലെയും പറഞ്ഞല്ലോ ഈ പീമന്റെ വേറൊരു കഥ’. വിപാസന കൗതുകം പൂണ്ടു. ആ കൗതുകം തുടരാൻ യശ്പാൽ വീണ്ടും പറഞ്ഞു .
‘ഭീമന് ഭയങ്കര ശക്തി അല്ലെ. ആരെയും തോൽപിക്കും’.
‘ഇന്നലെ അല്ലെ വേറെ കഥ പറഞ്ഞത്. രണ്ടു കുട്ടികൾ പായസത്തിൽ വിഷം കൊടുത്തു കൊല്ലാൻ നോക്കി. പീമൻ അവുടുന്നൊക്കെ രച്ചപ്പെട്ടു’.
‘എന്റെ മോള് വലുതാവുമ്പോ മഹാഭാരതത്തിലെ ഭീമനെപോലെ വേണം. എതിരാളികളെ ഇടിച്ചുശരിയാക്കണം’. യശ്പാൽ അന്നത്തെ കഥ നിർത്തി. പിന്നെയും അയാൾ കഥകളെമ്പാടും പറഞ്ഞു. വിപാസനയുടെ ഒമ്പതാം വയസ്സിൽ അയാളുടെ കഥകൾ നിലച്ചു. അതിനൊപ്പം നിശ്ചലനായ യശ്പാലിനെ പിന്നെയൊരിക്കലും വിപാസന കണ്ടില്ല.
2
സ്ഥലം: ന്യൂഡൽഹി
‘നിനക്ക് കേൾക്കണോ, ആത്മഹത്യക്കുമുമ്പ് എന്റെ മകൻ ഒരു കത്തെഴുതി. എന്റെ സ്വാർത്ഥത കാരണമാണുപോലും അവൻ മരിക്കുന്നതെന്ന്’. -തോളിലെ കാവി മേലങ്കി ഒന്നുകൂടെ ഒതുക്കിയശേഷം മിഥുൻ സിക്കന്ദർ സിങ് പറഞ്ഞു തുടങ്ങി.
‘അവൻ പോയി. പക്ഷേ, എന്റെ രാഷ്ട്രീയ ജീവിതം ഉപേക്ഷിക്കാൻ പറ്റുമോ. ശക്തനായിതന്നെ ഞാനിവിടെയുണ്ട്’. അയാളുടെ കത്തുന്ന നോട്ടങ്ങളിൽ പതറി വിപാസന യശ്പാൽ മിണ്ടാതിരുന്നു. താടി ഉഴിഞ്ഞു കൊണ്ട് മിഥുൻ സിക്കന്ദർ തുടർന്നു.
‘ഒരിക്കൽ ഇത് പോലെയായിരുന്നു അനാമിക വന്നിരുന്നത്. കരിയറിന്റെ സ്വപ്നങ്ങളെക്കുറിച്ചാണ് അവൾ സംസാരിച്ചത്. ഞാനൊന്നു അവളെ തൊട്ടുതലോടി. ആ തലോടലിൽ കൈ ഒന്ന് താഴോട്ടു പോയി. അതിനാണ് ആ ഫൂളിഷ് ഗേൾ ഇത്രയും വിലപിച്ചത്’.
‘ഒരിക്കൽ സത്യം തെളിയും. എത്ര പേരെ നിങ്ങൾ...’ വിപാസനക്ക് വാക്കുകൾ ഇടറി. കണ്ണുതുടച്ചു കൊണ്ട് അവൾ തുടർന്നു.
‘ഞങ്ങളുടെ കണ്ണീരിന് ഒരിക്കൽ അറുതിവരും. ഞങ്ങൾക്ക് കഴിയുന്നിടത്തോളം പൊരുതും’. വിപാസനയുടെ തൊട്ടടുത്തിരുന്ന് അപരാജിത സിങ് അവളുടെ കൈ മുറുകെപ്പിടിച്ചു. അവരെ ചുഴിഞ്ഞു നോക്കിക്കൊണ്ട് അയാൾ കസേരയിൽ നിന്നെഴുന്നേറ്റു. ചുമരിൽ അയാളുടെ സർക്കാറിന്റെ ‘ബേട്ടി ബചാവോ, ബേട്ടി പഠാവോ’ പ്രചാരണത്തിന്റെ ഒരു ചിത്രം തൂങ്ങിക്കിടന്നു. അത് ശ്രദ്ധിക്കാതെ, അതിനരികിലൂടെ നടന്ന് അയാൾ വെല്ലുവിളിച്ചു.
‘ഇനി എനിക്കെതിരെ നീ ശബ്ദമുയർത്തരുത്’.
‘ശബ്ദിച്ചു കൊണ്ടേയിരിക്കും’ വിപാസന എഴുന്നേറ്റു. സുവർണ നേട്ടങ്ങളുടെ കൂട്ടുകാരി അപരാജിത സിങ് അവളെ ചേർത്തുപിടിച്ചു. ഗോദയിൽ അവൾ നേടിയ നേട്ടങ്ങൾ ഒരു മിന്നൽപോലെ മനസ്സിൽ കടന്നുവന്നു. രാജ്യത്തിനായി നേടിയ സ്വർണപ്പതക്കങ്ങൾ, വെള്ളി മെഡലുകൾ, സ്വീകരണങ്ങൾ, അവളെയോർത്ത് അഭിമാനിച്ച ഗ്രാമവാസികൾ, അവളോട് സങ്കടകഥ പറഞ്ഞ സഹതാരങ്ങൾ... എല്ലാം നിമിഷങ്ങളായി അവൾക്ക് മുന്നിൽ കടന്നുപോയി. ഹരിയാനയിലെ കൊച്ചു ഗ്രാമത്തിൽനിന്ന് എത്ര കഠിന മുള്ളുകൾ ചവിട്ടിയാണ് ഗോദയിലെ രാജകുമാരിയായത്. ആ മുള്ളുകൾ തറച്ചതിനെക്കാൾ വേദന ഈ നിമിഷത്തിനാണ്. നേടിയ നേട്ടങ്ങളെല്ലാം പുല്ലുപോലെ കാണുന്ന അധികൃതരുടെ മുന്നിൽനിന്ന് ഒന്നുമില്ലാതെ ഇറങ്ങുമ്പോൾ. പുറത്തു കാത്തുനിൽക്കുന്നുണ്ടായിരുന്നു അവർ -അനാമിക, അവന്തിക, ഭവാനി... ഗോദയിലെ സുവർണ നേട്ടങ്ങൾ സ്വപ്നം കണ്ടവർ. വിപാസന ഇറങ്ങുമ്പോഴേക്കും മാധ്യമങ്ങളും ചുറ്റും കൂടി. അവൾ വിതുമ്പിക്കൊണ്ടു പറഞ്ഞു.
‘ഞങ്ങൾ, രാജ്യത്തിനായി നേടിയ നേട്ടങ്ങൾക്ക് ഒരു വിലയുമില്ല. ഞങ്ങളുടെ മേധാവി ഭീഷണി തുടരുകയാണ്. അയാളെ മാറ്റുന്നതുവരെ സമരം തുടരും. നേടിയ നേട്ടങ്ങളെല്ലാം ഗംഗയിലൊഴുക്കി പ്രതിഷേധിക്കും’.
3
സ്ഥലം: ഗംഗാ തീരം
ഇനി ഞാനൊരു കഥ പറയാം. എന്റെതന്നെ കഥ. ഞാൻ കണ്ട കാഴ്ചകൾ, പടയോട്ടങ്ങൾ, മരണവേദനകൾ. നോക്കൂ, ആ കോട്ട കണ്ടില്ലേ. നൂറ്റാണ്ടുകൾ പഴക്കമുണ്ടതിന്. മുഗളന്റെ സുവർണ കാലത്തെ ശേഷിപ്പുകളിലൊന്ന്. അക്ബറിന്റെ അലഹബാദ് കോട്ട. ഞാനും യമുനയും സരസ്വതിയും ചേരുന്നയിടം. നിങ്ങൾക്കത് ത്രിവേണി സംഗമം. അക്ബറിനെ മറക്കാനാകുമോ. ജോധക്ക് വേണ്ടി ക്ഷേത്രം പണിത അക്ബറിനെ. താൻസെനെ കൊണ്ട് ദീപക് രാഗവും മേഘ് മൽഹാറും പാടിച്ച അക്ബറിനെ. മഹേശ് ദാസ് എന്ന ബീർബലിനെ ഏറ്റവും വിശ്വസ്തനാക്കിയ അക്ബറിനെ. എന്റെ തീരങ്ങൾ അവനും പ്രിയങ്കരമായിരുന്നു.
അതിനു മുമ്പും ഞാൻ ഒഴുകി. സാരാനാഥ് -എന്റെ തീരത്തെ മറ്റൊരു വിസ്മയം. അവിടെ ഒരാൾ വന്നു. കൊട്ടാരം ഉപേക്ഷിച്ചു, വെയിലും മഴയും കൊണ്ട സിദ്ധാർഥ രാജകുമാരൻ. സാരനാഥിലായിരുന്നു അവന്റെ ആദ്യത്തെ പ്രഭാഷണം. ഞാനും മാനുകളും സാക്ഷി. പിന്നെ നോക്കൂ, അടിമകളായിരുന്ന മൗര്യൻ സാമ്രാജ്യം പണിതു. അവന്റെ പടയോട്ടങ്ങൾ, ചോരപ്പാടുകൾ. പിന്നെ അശോകന്റെ മാനസാന്തരം... എല്ലാത്തിനും സാക്ഷി ഞാൻ. ഇവിടെ എന്നിലൂടെയാണ് അശോകന്റെ ശിലാലിഖിതങ്ങൾ മറുകര താണ്ടിയത്.
മകളേ, ഇതിഹാസങ്ങളിൽ ഞാൻ പുണ്യനദി. പക്ഷേ, എന്റെ കുഞ്ഞേ, നൂറ്റാണ്ടുകളായി ആണിന്റെ ചോരക്കൊതിയും അധിനിവേശങ്ങളും വീറുമാണ് ഞാനിവിടെ കണ്ടത്. അവന്റെ ഹുങ്കുകൾ, ജയഭേരികൾ... പെണ്ണിനിവിടെ കണ്ണീരായിരുന്നു. എത്ര കണ്ണീരൊഴുക്കിയാണ് അവിവാഹിതയായ ഒരമ്മ തന്റെ മകനെ എന്റെ ഒഴുക്കിൽ ഉപേക്ഷിച്ചത്. അവൾ കുന്തി, പഞ്ചപാണ്ഡവരുടെ അമ്മ. അവളുപേക്ഷിച്ച കർണനു പിന്നെ തിളക്കം കൂടിക്കൊണ്ടേയിരുന്നു. നിന്റെ കുഞ്ഞിനെപോലെ താലോലിച്ച മെഡൽ നേട്ടങ്ങൾ എന്നിലൊഴുക്കാൻ ഇന്ന് മകളേ, നീയും വന്നു. നിന്നെ മർദിക്കുന്നതു കണ്ടു എന്റെ മനസ്സ് വേദനിക്കുന്നു. അരുത് മകളേ, നിന്റെ അധ്വാനവും നിന്റെ സ്വപ്നങ്ങളുമാണ് ഈ മെഡലുകൾ. നിന്റെ വിജയപതക്കങ്ങൾ എന്നിലൊഴുക്കരുതേ... പെണ്ണിന്റെ രോദനങ്ങൾ കണ്ട് ജീവച്ഛവം പോലെ ഒഴുകുകയാണ് ഞാൻ.
4
സ്ഥലം: ഹരിയാന
ഉറങ്ങാൻ കഴിയുന്നില്ല. അമൽ ഒപ്പം നിൽക്കുന്നതാണ് ഒരാശ്വാസം. വേദനകൾ രണ്ടുദിവസം കഴിഞ്ഞിട്ടും മാറിയില്ല. ചവിട്ടി, ലാത്തിക്കാർ വലിച്ചിഴച്ചു. എത്ര പേരെ തൂക്കിയെടുത്ത് അറസ്റ്റ് ചെയ്തു. എന്നിട്ടും മിഥുൻ സിക്കന്ദർ സിങ്ങിന് ഇളക്കമില്ല. ആലോചനയിൽ മുഴുകി പുലർച്ചയിൽ എപ്പോഴോ അവൾ മയങ്ങി. ഇടക്കിടെ ഞരങ്ങി.
‘ഇതൊരു തുടർച്ചയാണ് കുട്ടീ. കാലങ്ങളായി തുടരുന്ന അനീതി’. ഇരുളിന്റെ ആഴത്തിൽ നീണ്ട മുടിയഴിച്ച് ആരോ അവളോട് മന്ത്രിച്ചു. വേദനയുടെ കടൽ ഒളിപ്പിച്ചു ആ സ്ത്രീ രൂപം തുടർന്നു.
‘ഇതുപോലെ മുടിയഴിച്ച് ഇരിക്കുമ്പോഴാണ് അവൻ എന്റെ മുറിയിലേക്ക് കടന്നുവന്നത്. ഒരു ദയയും കാണിച്ചില്ല. മുടിത്തുമ്പിൽ പിടിച്ചുവലിച്ചു എത്രയാൾക്കു മുന്നിലേക്കാണ് എന്നെ ഇഴച്ചുകൊണ്ടുപോയത്. പരസ്യമായി എന്റെ ഉടയാടകൾ അഴിക്കുമ്പോൾ ഞാൻ നിലവിളിച്ചു. ഹോ... ഇന്നുമത് ഓർക്കാൻ വയ്യ. ഏറെ ബഹുമാനിക്കുന്ന മുത്തച്ഛൻ, രാജാവായ വല്യച്ഛൻ, ഗുരുക്കന്മാർ, ദൈവതുല്യരായി കണ്ട ഭർത്താക്കന്മാർ... എന്റെ കുഞ്ഞേ എല്ലാവരും നിശ്ശബ്ദരായിരുന്നു.
അന്ന് തീരുമാനിച്ചതാണ് ഞാൻ. തോറ്റുമടങ്ങില്ലെന്ന്. എത്ര ചോരയൊഴുക്കിയിട്ടും ആ ദിവസം എന്നെ പൊള്ളിച്ചു കൊണ്ടേയിരുന്നു. എന്റെ കുഞ്ഞേ, പെണ്ണിന്റെ പേരിനു മാത്രമേ മാറ്റമുള്ളൂ. അത് ചിലപ്പോൾ നിർഭയ എന്നാകും. മറ്റു ചിലപ്പോൾ ബിൽക്കീസ് ബാനു എന്നും. അതുമല്ലെങ്കിൽ പേര് വെളിപ്പെടുത്താത്തവർ. പക്ഷേ, അവളുടെ വേദന, അവളുടെ മാനം അതിനു മാത്രം വിലയില്ല. പോരാടുക. അവസാനം വരെയും’. അവർ തലമുടി ഒതുക്കിക്കെട്ടാൻ തുടങ്ങി. വിപാസന കണ്ണ് തുറന്നു. ആരുമില്ല മുന്നിൽ. മർദനത്തിന്റെ തളർച്ചയിൽ അവൾ വീണ്ടും കണ്ണടച്ചു.
‘ഉറങ്ങുന്നില്ലേ..? എന്നാൽ ഇന്ന് വേറൊരു കഥ പറയാം’ യശ്പാൽ പറഞ്ഞുതുടങ്ങി. കുഞ്ഞു വിപാസന അയാളോട് ചേർന്നുകിടന്നു. കഥ പകുതിയായി.
‘അങ്ങനെ ദുശ്ശാസനൻ പാഞ്ചാലിയുടെ മുറിയിലേക്ക് കടന്നുവന്നു. നീണ്ട തലമുടിയും അഴിച്ചിട്ടു ഇരിക്കുകയായിരുന്നു അവൾ. മുടി കുത്തിപ്പിടിച്ച് അവൻ അവളെ രാജസദസ്സിലേക്ക് വലിച്ചിഴച്ചു കൊണ്ടുവന്നു. അവൾ ഉച്ചത്തിൽ കരഞ്ഞു’.
‘എന്നിട്ടോ?’
‘എന്നിട്ട്...’
യശ്പാൽ ഒന്ന് ദീർഘനിശ്വാസം വിട്ടു. അയാൾ കഥ പൂർത്തിയാക്കും മുമ്പ് കുഞ്ഞു വിപാസന ഉറങ്ങിയിരുന്നു. സുഖനിദ്ര.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.