നിഘണ്ടു തയാറാക്കിയതുകൊണ്ട് മലയാളം നിലനിൽക്കില്ല -സച്ചിദാനന്ദൻ
text_fieldsകൊല്ലം: ഇൻസ്റ്റിറ്റ്യൂട്ടിൽ കുറച്ചുപേർ ഇരുന്ന് നിഘണ്ടു തയാറാക്കിയതുകൊണ്ടു മാത്രം മലയാള ഭാഷ നിലനിൽക്കില്ലെന്ന് കവി സച്ചിദാനന്ദൻ. നിത്യവ്യവഹാരത്തിലെ പ്രയോഗമായി മാറിയെങ്കിലേ ഭാഷ നിലനിൽക്കുകയുളളൂ. മലയാളത്തിന്റെ നിലനിൽപിനെകുറിച്ചുള്ള ഉത്കണ്ഠ അവസാനിച്ചിട്ടില്ലെന്നും സമകാലിക വിജ്ഞാനം ആവിഷ്കരിക്കാൻ പ്രാപ്തി നേടിയെങ്കിൽ മാത്രമേ ഭാഷ നിലനിൽക്കുകയുള്ളൂവെന്നും അദേഹം പറഞ്ഞു. ജില്ല ലൈബ്രറി കൗൺസിൽ ഏർപ്പെടുത്തിയ പ്രഫ. ആദിനാട് ഗോപി സാഹിത്യ പുരസ്കാരം സ്വീകരിക്കുകയായിരുന്നു അദ്ദേഹം. എഴുത്തിന്റെ രസതന്ത്രം ഏറ്റവും മനോഹരമായി ആവിഷ്കരിക്കുന്ന സച്ചിദാനന്ദൻ കവിതയിൽ വാക്കിന്റെ കുളിർകാറ്റും തീക്കാറ്റുമുണ്ടെന്ന് പുരസ്കാരം സമർപ്പിച്ച മന്ത്രി ആർ. ബിന്ദു പറഞ്ഞു.
ജില്ല ലൈബ്രറി കൗൺസിൽ പ്രസിഡന്റ് കെ.ബി. മുരളീകൃഷ്ണൻ അധ്യക്ഷതവഹിച്ചു. ഡോക്യുമെന്ററി പ്രകാശനം ഡോ.പി.കെ. ഗോപൻ നിർവഹിച്ചു. എൻഡോവ്മെന്റ് വിതരണം സംസ്ഥാന ലൈബ്രറി കൗൺസിൽ എക്സിക്യുട്ടിവ് അംഗം എസ്. നാസർ നിർവഹിച്ചു. ഡോ. വള്ളിക്കാവ് മോഹൻദാസ് പ്രഫ. ആദിനാട് ഗോപി അനുസ്മരണ പ്രഭാഷണം നടത്തി. ജില്ല ലൈബ്രറി കൗൺസിൽ സെക്രട്ടറി ഡി.സുകേശൻ, ഡോ.കെ.ബി. ശെൽവമണി, എൻ. ഷൺമുഖദാസ്, ഡോ. എ.ജി. ഷിബി, പി. ഉഷാകുമാരി എന്നിവർ സംസാരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.