മല്ലിക സാരാഭായ് ഇന്ന് കലാമണ്ഡലത്തിലെത്തും; വള്ളത്തോൾ സമാധിയിൽ പുഷ്പാർച്ചന നടത്തും
text_fieldsചെറുതുരുത്തി: കലാമണ്ഡലം കൽപിത സർവകലാശാല ചാൻസലർ ഡോ. മല്ലിക സാരാഭായി തിങ്കളാഴ്ച കലാമണ്ഡലത്തിലെത്തും. ഉച്ചതിരിഞ്ഞായിരിക്കും ചാൻസലറുടെ സന്ദർശനം. ജനുവരി ആറിന് ചാൻസലറായി ചുമതല ഏറ്റെടുത്തെങ്കിലും കലാമണ്ഡലത്തിൽ എത്തിയിരുന്നില്ല. ഉച്ചതിരിഞ്ഞ് നിള കാമ്പസിലെ വള്ളത്തോൾ സമാധിയിൽ പുഷ്പാർച്ചന നടത്തിയശേഷമാണ് കലാമണ്ഡലത്തിലെത്തുക. നാലുദിവസത്തോളം തങ്ങിയതിനുശേഷമേ തിരിച്ചുപോവുകയുള്ളൂ. ചാൻസലറെ വരവേൽക്കാൻ കലാമണ്ഡലം ഒരുക്കം പൂർത്തീകരിച്ചതായി രജിസ്ട്രാർ അറിയിച്ചു.
സംസ്ഥാന സർക്കാർ മല്ലിക സാരാഭായിയെ ചാൻസലറായി നിയമിച്ചിട്ട് കാലമേറെയായെങ്കിലും ഇതുവരെ കലാമണ്ഡലത്തിലെ ഗുരുതരമായ പ്രശ്നങ്ങളിൽ ഇടപെടാനോ, മറ്റ് ഭരണപരമായ കാര്യങ്ങളിൽ ശ്രദ്ധ ചെലുത്താനോ സാരാഭായി തയാറായിരുന്നില്ല. ജീവനക്കാർ ശമ്പളമില്ലാതെ ജോലി ചെയ്യേണ്ടിവന്നിട്ടും ഇടപെടലുകൾ ഉണ്ടായില്ലെന്നും ആരോപണമുണ്ട്. നേരത്തേ ഗവർണർ ആരിഫ് മുഹമ്മദ് ഖാനായിരുന്നു ചാൻസലർ. സർക്കാർ-ഗവർണർ പോരിനെതുടർന്ന് കാലാവധി കഴിഞ്ഞതോടെ പ്രത്യേക അധികാരം ഉപയോഗിച്ച് ആരിഫ് മുഹമ്മദ് ഖാനെ പദവിയിൽനിന്ന് ഒഴിവാക്കുകയും മല്ലികാ സാരാഭായിയെ നിയമിക്കുകയുമായിരുന്നു. തിരുവനന്തപുരത്ത് നടന്ന ജനാധിപത്യമഹിള അസോസിയേഷൻ അഖിലേന്ത്യ സമ്മേളനം ഉദ്ഘാടനം ചെയ്യാനെത്തിയപ്പോഴായിരുന്നു ചുമതലയേറ്റെടുക്കൽ. ചാൻസലറുടെ വരവോടെ കലാമണ്ഡലത്തിന് പുതിയ മാറ്റങ്ങൾ ഉണ്ടാവും എന്നാണ് കലാസ്നേഹികൾ വിചാരിക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.