Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightCulturechevron_rightLiteraturechevron_rightമഞ്ഞുമ്മല്‍ ബോയ്സ്...

മഞ്ഞുമ്മല്‍ ബോയ്സ് സിനിമയെയും മലയാളികളെയും അധിക്ഷേപിച്ച് സാഹിത്യകാരൻ ജയമോഹന്‍: ‘കുടിച്ചുകൂത്താടുന്ന തെണ്ടികൾ’

text_fields
bookmark_border
manjummel boys, jayamohan
cancel

കോഴിക്കോട്: ‘മഞ്ഞുമ്മല്‍ ബോയ്സ്’ എന്ന മലയാള സിനിമ തമിഴ്നാട്ടിലുൾപ്പെടെ വലിയ വിജയം നേടി മുന്നേറുമ്പോൾ മലയാള സിനിമയെയും മലയാളികളെയും അധിക്ഷേപിച്ച് എഴുത്തുകാരനും തിരക്കഥാകൃത്തുമായ ജയമോഹന്‍ രംഗത്ത്. ‘മഞ്ഞുമ്മല്‍ ബോയ്സ്- കുടികാര പൊറുക്കികളിന്‍ കൂത്താട്ടം’ (മഞ്ഞുമ്മല്‍ ബോയ്സ്- കുടിച്ചുകൂത്താടുന്ന തെണ്ടികൾ) എന്ന തലക്കെട്ടില്‍ കഴിഞ്ഞ ദിവസം പ്രസിദ്ധീകരിച്ച ബ്ലോഗിലൂടെയാണ് ജയമോഹന്‍ ത​െൻറ വിമർശനം മ​ുന്നോട്ട് വെക്കുന്നത്.

സിനിമാ വിമർശനമായാണ് ലേഖനം ആരംഭിക്കുന്നതെങ്കിലും മലയാളികളയെും സിനിമയെയും അടച്ച് ആക്ഷേപിക്കുന്ന തരത്തിലാണത് അവസാനിക്കുന്നത്. മദ്യപാനാസക്തിയെയും വ്യഭിചാരത്തെയും സാമാന്യവല്‍ക്കരിക്കുന്ന ഇത്തരം സിനിമകളുടെ സംവിധായകര്‍ക്കെതിരെ നടപടി സ്വീകരിക്കണമെന്നാണ് ജയമോഹന്‍ ആവശ്യപ്പെടുന്നു.

കേരളത്തിലെ വിനോദ സഞ്ചാരമേഖലയെയും ജയമോഹന്‍ തന്‍റെ ബ്ലോഗില്‍ രൂക്ഷമായി വിമർശിക്കുന്നുണ്ട്. കന്യാകുമാരി ജില്ലയിലെ നാഗർ കോവിലിൽ ജനിച്ച ജയമോഹന്‍ മലയാളത്തില്‍ നിരവധി പുസ്തകങ്ങള്‍ രചിച്ചിട്ടുണ്ട്. ഒഴിമുറി, കാഞ്ചി, വണ്‍ ബൈ റ്റു എന്നീ മലയാള സിനിമകളുടെ തിരക്കഥയും രചിച്ചിട്ടുണ്ട്.

ബ്ലോഗിൽ നിന്നുളള പ്രസക്ത ഭാഗങ്ങൾ:

‘‘മഞ്ഞുമ്മൽ ബോയ്‌സ് തന്നെ സംബന്ധിച്ച് അലോസരപ്പെടുത്തുന്ന ചിത്രമായിരുന്നു. കാരണം അത് കാണിക്കുന്നത് കെട്ടുകഥയല്ല. ദക്ഷിണേന്ത്യയിലുടനീളമുള്ള വിനോദസഞ്ചാര കേന്ദ്രങ്ങളിലേക്കെത്തുന്ന കേരളത്തിലെ വിനോദ സഞ്ചാരികൾ ഇതേ മനസ്ഥിതിയാണ് പങ്കിടുന്നത്. വിനോദസഞ്ചാര കേന്ദ്രങ്ങളിൽ മാത്രമല്ല, കാടുകളിലും അവർ എത്താറുണ്ട്. മദ്യപിക്കാനും ഛര്‍ദ്ദിക്കാനും കടന്നുകയറാനും വീഴാനും ഒക്കെ മാത്രം വേണ്ടിയാണ് അത്. മറ്റൊന്നിലും അവര്‍ക്ക് താല്‍പര്യമില്ല. സാമാന്യബോധമോ സാമൂഹികബോധമോ അവര്‍ക്ക് തൊട്ടുതീണ്ടിയിട്ടില്ല.

ഊട്ടിയിലും കൊടൈക്കനാലിലും കുറ്റാലത്തുമൊക്കെ മലയാളികളായ മദ്യപാനികള്‍ പൊതുനിരത്തില്‍ മോശമായി പെരുമാറുന്നത് കുറഞ്ഞത് 10 തവണയെങ്കിലും ഞാൻ കണ്ടിട്ടുണ്ട്. അവരുടെ വാഹനങ്ങളുടെ ഇരുവശങ്ങളിലും ഛര്‍ദ്ദില്‍ ആയിരിക്കും. ചിത്രത്തിൽ കാണിച്ചിരിക്കുന്നതുപോലെ കുടിച്ച ശേഷം കുപ്പി വലിച്ചെറിഞ്ഞ് പൊട്ടിക്കും. സംശയമുണ്ടെങ്കിൽ ചെങ്കോട്ട – കുറ്റാലം റോഡോ കൂടല്ലൂർ–ഊട്ടി റോഡോ പരിശോധിക്കുക. വഴിനീളെ പൊട്ടിയതും പൊട്ടാത്തതുമായ കുപ്പികൾ കാണാം. അത് അവർ അഭിമാനത്തോടെ സിനിമയിൽ കാണിക്കുകയും ചെയ്യുന്നു. അവരുമായി ഞങ്ങൾ പലതവണ സംഘർഷത്തിൽ ഏർപ്പെട്ടിട്ടുണ്ട്. ഒരിക്കൽ വാഗമൺ പുൽമേട്ടിൽ ഞങ്ങളോടൊപ്പം വന്ന മദ്രാസ് ഹൈകോടതിയിലെ അഭിഭാഷകനായ സെന്തിൽകുമാർ അവർ എറിഞ്ഞ കുപ്പികൾ പെറുക്കി നീക്കിയിരുന്നു.

ഓരോ വർഷവും കുറഞ്ഞത് 20 ആനകളെങ്കിലും ഈ കുപ്പിച്ചില്ലുകൾ മൂലം കാല് വൃണപ്പെട്ട് ചരിയുന്നുണ്ട്. അതിനെ അപലപിച്ച് ഞാൻ എഴുതിയ ‘ആനവൈദ്യന്‍’ മലയാളത്തിലും ലക്ഷക്കണക്കിന് കോപ്പികൾ വിറ്റഴിഞ്ഞു. എന്നാൽ, ഈ സിനിമയുടെ സംവിധായകൻ ഇത് വായിച്ചിരിക്കാൻ സാധ്യതയില്ല. ഈ സിനിമയിൽ തമിഴ്‌നാട് പൊലീസ് അവരോട് പെരുമാറുന്ന രീതിയും യഥാർഥമാണ്. മർദനമല്ലാതെ അവർക്ക് ഒന്നും മനസ്സിലാകുന്നില്ല. കേരളത്തിൽ കല്യാണത്തിന് പോകുന്നത് ഒരു പരീക്ഷണമായി മാറിയിരിക്കുന്നു. ഏത് കല്യാണത്തിനും ഈ മദ്യപസംഘങ്ങൾ ബഹളമുണ്ടാക്കുന്നു. പന്തലിൽ തന്നെ ഛർദ്ദിക്കുന്നവരും കുറവല്ല. വിവാഹ ചടങ്ങിൽ വരൻ തന്നെ ഛർദ്ദിക്കുന്നത് ഞാൻ കണ്ടിട്ടുണ്ട്.

മയക്കുമരുന്നിന് അടിമകളായ എറണാകുളത്തെ ഒരു ചെറുസംഘമാണ് മലയാള സിനിമയുടെ കേന്ദ്രബിന്ദു. മലയാളത്തിലെ മുൻനിര താരങ്ങൾ പോലും മയക്കുമരുന്ന് കേസിൽ കുടുങ്ങുന്നത് പലപ്പോഴും വാർത്തകളിൽ നിറയാറുണ്ട്. ഇവരാണ് മലയാള സമൂഹത്തെ ലഹരിക്ക് അടിമകളാക്കുന്നത്. പത്ത് വർഷം മുമ്പ് കിളി പോയി, ഒഴിവുനേരത്തെ കളി, വെടിക്കെട്ട്, ജെല്ലിക്കെട്ട് തുടങ്ങിയ ചെറുസിനിമകൾ കേരളത്തിൽ ഇറങ്ങി ലഹരിയും മയക്കുമരുന്നും വേശ്യാവൃത്തിയും സാമാന്യവൽകരിച്ചിരുന്നു. അവ ഇൻപുട്ടില്ലാത്ത വ്യാജ ചിത്രങ്ങളാണ്. ഇവയെ പ്രകൃതിദത്ത കലാസൃഷ്‌ടികളായി ബുദ്ധിജീവികൾ ആഘോഷിച്ചു. കേരളത്തി​െൻറ ക്ഷേമത്തിനായി പ്രവർത്തിക്കുന്ന ഒരു സർക്കാരുണ്ടെങ്കിൽ ഈ സിനിമാക്കാർക്കെതിരെ നേരിട്ട് നടപടിയെടുക്കണം. തമിഴ്‌നാട്ടിൽ മയക്കുമരുന്നിന് അടിമപ്പെട്ട സിനിമകൾ ആഘോഷിക്കുന്നവരെ ഞാൻ തെമ്മാടികളോ നീചന്മാരോ ആയി കണക്കാക്കും.

രണ്ട് തരം മലയാളികളാണ് ഉള്ളത്. ഒന്ന് വിദേശത്ത് ചോര വിയര്‍പ്പാക്കുന്നവര്‍. രണ്ട് നാട്ടില്‍ അവരെ വിറ്റ് ജീവിക്കുന്ന മദ്യപാനികള്‍. തമിഴ്നാടും ഇപ്പോള്‍ കേരളത്തിന്‍റെ പാതയിലേക്ക് സഞ്ചരിക്കുകയാണെന്ന് തോന്നുന്നു. ലഹരി ആസക്തിയെ സാമാന്യവല്‍ക്കരിക്കുന്നവരാണ് മലയാളികള്‍. കേരളത്തിലെ ബീച്ചുകളിലേക്ക് ഏഴ് മണിക്ക് ശേഷം പോകരുതെന്ന് സ്ത്രീകളോട് മാത്രമല്ല, സാധാരണ മനുഷ്യരോടും പൊലീസ് പറയാറുണ്ട്.

വാണിജ്യ സിനിമ ഒരു കലയല്ല. പരിശീലനമോ കലാപരമായ അറിവോ ഇല്ലാത്ത വലിയ ജനക്കൂട്ടത്തോട് ഇത് നേരിട്ട് സംസാരിക്കുന്നു. അതിന് ഒരിക്കലും കലാസ്വാതന്ത്ര്യം നൽകരുത്. ആ ദാരിദ്ര്യം ബൗദ്ധികമായ ഒരു ചെറുത്തുനിൽപ്പും നടത്താൻ കഴിയാത്ത സാധാരണക്കാരായ ജനസമൂഹത്തെ അധഃപതിപ്പിക്കും.

മദ്യപിച്ചും കലഹിച്ചും കലാപമുണ്ടാക്കിയും ഛർദ്ദിച്ചും സാധാരണക്കാരനെ അസ്ഥിരപ്പെടുത്തിയും കേരള സിനിമ എന്നും സന്തോഷത്തോടെയാണ് കാണിക്കുന്നത്. മദ്യപിക്കാതെ സന്തോഷത്തോടെ സംസാരിക്കുന്ന നാലുപേരെ മലയാള സിനിമയിൽ കണ്ടിട്ടുണ്ടോ? സിനിമയിലൂടെ ഇതിനെല്ലാം സാമൂഹിക സ്വീകാര്യത പതിയെ സൃഷ്‌ടിക്കപ്പെടുകയാണ്. സാധാരണക്കാരനെ രക്ഷിക്കുന്ന ഒരു തമിഴ് നായകനാണ് ഇന്നത്തെ മലയാള സിനിമയുടെ ഹീറോ...’

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:jayamohancriticismManjummel Boys
News Summary - manjummel boys: Criticism by Jayamohen
Next Story