ആപ്പിളും മരവും പിന്നെ മലേഷ്യയും
text_fieldsലോകപ്രശസ്ത മലേഷ്യൻ ആക്ടിവിസ്റ്റും എഴുത്തുകാരിയുമാണ് മറീന മഹാതീർ. ആധുനിക മലേഷ്യയുടെ രൂപീകരണത്തിലും വളർച്ചയിലും പ്രധാന പങ്കുവഹിച്ച മുൻ പ്രധാനമന്ത്രി മഹാതീർ മുഹമ്മദിന്‍റെ മകളാണ് എന്നതിലുപരി സ്ത്രീപക്ഷ ഇടപെടലുകളിലൂടെയും കാമ്പയിനുകളിലൂടെയും ഇവരുടെ നാമം പ്രശസ്തമാണ്.
മാസങ്ങൾക്ക് മുമ്പ് 97ാം വയസ്സിൽ തെരഞ്ഞെടുപ്പിനിറങ്ങി ചരിത്രത്തിൽ ആദ്യമായി പരാജയമറിഞ്ഞ് മഹാതീർ മുഹമ്മദിന്‍റെ രാഷ്ട്രീയ ജീവതത്തിന് തിരശ്ശീല വീണപ്പോൾ തെക്കുകിഴക്കൻ രാജ്യ ചരിത്രത്തിലെ ഒരുഘട്ടമാണ് അവസാനിക്കുന്നത്. രണ്ടുവട്ടം രാജ്യത്തിന്‍റെ പ്രധാനമന്ത്രിയായി, ആദ്യ അവസരത്തിൽ 22 വർഷവും 2018ൽ രണ്ടാമത് രണ്ടു വർഷവുമായി 24വർഷം ഭരണത്തിലിരുന്നിട്ടുണ്ട് അദ്ദേഹം. നിലവിൽ ഹൃദ്രോഗത്തെ തുടർന്ന് ചികിത്സയിൽ കഴിയുന്ന മഹാതീറിന്‍റെ ആരോഗ്യ വിവരങ്ങളും മറ്റും മാധ്യമങ്ങളെ അറിയിക്കുന്നത് മകൾ മറീനയാണ്.
സ്ത്രീകളുടെ അവകാശങ്ങൾക്കും ലിംഗസമത്വത്തിനും മതസ്വാതന്ത്ര്യത്തിനും നീതിക്കും വേണ്ടി നിർഭയമായി ശബ്ദമുയർത്തിയ ആക്ടിവിസ്റ്റ് എന്ന നിലയിലാണ് ആഗോള തലത്തിൽ മറീന പരിചയപ്പെടുത്തപ്പെടുന്നത്. 1993-2005 കാലഘട്ടത്തിൽ മലേഷ്യൻ എയ്ഡ്‌സ് കൗൺസിലിന്‍റെ പ്രസിഡന്‍റായിട്ടുണ്ട്. 30 വർഷത്തിലേറെയായി ‘ദി സ്റ്റാർ’ ദിനപത്രത്തിൽ സ്ഥിരം എഴുത്തുകാരിയായ ഇവരുടെ ചിന്തകൾ ‘ഇൻ ലിബറൽ ഡോസ്’, ‘ടെല്ലിംഗ് ഇറ്റ് സ്‌ട്രൈറ്റ്’, ‘ഡാൻസിങ് ഓൺ തിൻ ഐസ്’ എന്നീ പുസ്തകങ്ങളിലായി സമാഹരിച്ചിട്ടുണ്ട്.
മഹാതീർ മുഹമ്മദിന്‍റെ മകളെന്ന നിലയിലെ സ്വന്തം ജീവിതത്തെയും ആശയരൂപീകരണത്തെയും അടയാളപ്പെടുത്തിയ ‘ദ ആപ്പ്ൾ ആൻഡ് ട്രീ: ലൈഫ് ആസ് ഡോ. മഹാതീർസ് ഡോട്ടർ’ എന്ന പുസ്തകവും ശ്രദ്ധേയമാണ്. 2010ൽ ഐക്യരാഷ്ട്രസഭ യു.എൻ പേഴ്‌സൺ ഓഫ് ദ ഇയർ ആയി ഇവരെ തിരഞ്ഞെടുത്തിട്ടുണ്ട്. സ്ത്രീകളെ ലോകം ചുറ്റി സഞ്ചരിക്കാൻ പ്രോത്സാഹിപ്പിക്കുക എന്ന ലക്ഷ്യത്തോടെ Zafigo.com എന്ന വെബ്‌സൈറ്റ് സ്ഥാപിച്ചു.
കഴിഞ്ഞ നവംബറിൽ നടന്ന തെരഞ്ഞെടുപ്പിൽ മഹാതീർ നേതൃത്വം നൽകിയ പാർട്ടി ഒരു സീറ്റു പോലും നേടാതെ പുറത്താവുകയും പ്രതിപക്ഷ നേതാവായിരുന്ന അൻവർ ഇബ്രാഹീം പ്രധാനമന്ത്രിയായി അധികാരമേൽക്കുകയും ചെയ്തിരിക്കയാണ്. ദുബൈയിൽ സംഘടിപ്പിക്കുന്ന എമിറേറ്റ്സ് ലിറ്ററേച്ചർ ഫെസ്റ്റിവലിന് മുഖ്യാഥിതിയായി പങ്കെടുക്കുന്ന മറീന മഹാതീർ മലേഷ്യൻ രാഷ്ട്രീയത്തിലെയും സമൂഹത്തിലെയും മാറ്റങ്ങളെ കുറിച്ചും എഴുത്തു ജീവിതത്തെ കുറിച്ചും അഭിപ്രായങ്ങൾ പങ്കുവെക്കുകയാണ്.
എഴുത്തുകാരിയും ആക്ടിസ്റ്റും എന്ന നിലയിലാണ് മറീന മഹാതീർ അറിയപ്പെടുന്നത്. എഴുത്തു ജീവിതത്തെ കുറിച്ച് പറഞ്ഞു തുടങ്ങാമോ?
ഞാൻ സ്കൂൾ കാലം മുതൽ എഴുത്തിനെ ഇഷ്ടപ്പെടുന്നയാളാണ്. മാധ്യമപ്രവർത്തകയാവുക എന്നത് എന്‍റെ വലിയ അഭിലാഷമായിരുന്നു. ആദ്യം ഒരു വനിതാ മാഗസിനിൽ പ്രവർത്തിക്കാൻ അവസരം ലഭിച്ചെങ്കിലും പിന്നീട് പബ്ലിക് റിലേഷൻ മേഖലയിലേക്ക് തിരിഞ്ഞു. എന്നാൽ എഴുത്തു തുടർന്നിരുന്നു. 1990കളുടെ ആരംഭത്തിൽ ‘ദ സ്റ്റാർ’ എന്ന ഇംഗ്ലീഷ് പത്രത്തിൽ കോളം ചെയ്യാൻ എനിക്ക് അവസരം ലഭിച്ചു. അന്നുമുതൽ അവർക്ക് വേണ്ടി എഴുതിക്കൊണ്ടിരിക്കുന്നു. വളരെ ആസ്വദിച്ചാണ് ഈ കോളത്തിലേക്ക് ഒരോ തവണയും എഴുതി നൽകിയത്. 30വർഷമായി തുടരുന്ന കോളത്തിലെ പ്രസക്തമായ എഴുത്തുകൾ സമാഹരിച്ച് മൂന്ന് പുസ്തകങ്ങൾ പുറത്തിറക്കിയിട്ടുണ്ട്. ലേഖനങ്ങൾക്ക് ഉപരിയായി പുസ്തകമെഴുത്ത് ആലോചനയിൽ വന്നതോടെ ഞാൻ ഈസ്റ്റ് ആഗ്ലിയ സർവകലാശാലയിൽ ചേർന്ന് ‘ബയോഗ്രഫി ആൻഡ് നോൺ ഫിക്ഷനി’ൽ മാസ്റ്റേഴ്സ് ബിരുദം നേടി. 2018ലാണിത്. ഒരു വർഷത്തിനകം കോഴ്സ് പൂർത്തീകരിച്ചു. 2020ഒക്ടോബറിൽ പെൻഗ്വിൻ റാണ്ടം ഹൗസ് മഹാതീർ മുഹമ്മദിന്‍റെ മകളെന്ന നിലയിലെ ഒരു പുസ്തകമെഴുതാൻ ആവശ്യപ്പെട്ടു. ആ പരിശ്രമമാണ് 2021ൽ പുറത്തിറങ്ങിയ ‘ദ ആപ്പ്ൾ ആൻഡ് ട്രീ: ലൈഫ് ആസ് ഡോ. മഹാതീർസ് ഡോട്ടർ’ എന്ന പുസ്തകം.
‘ദ ആപ്പ്ൾ ആൻഡ് ട്രീ’യുടെ എഴുത്തിലും ഉള്ളടക്കത്തിലും സംതൃപ്തി അനുഭവപ്പെട്ടോ?
പുസ്തകം ആഴത്തിൽ ഞാനുമായി ബന്ധപ്പെട്ടതാണെങ്കിലും ഇത് ഏറെ തെറ്റിദ്ധരിക്കപ്പെട്ടുവെന്ന് തോന്നിയിട്ടുണ്ട്. സുദീർഘമായ കാലം മലേഷ്യയുടെ പ്രധാനമന്ത്രി പദത്തിലിരുന്ന ഒരാളുടെ നിഴലിൽ വളർന്ന മകളുടെ സ്വത്വം രൂപപ്പെടുത്തിയെടുക്കാനുള്ള പോരാട്ടമാണതിൽ പറയാൻ ശ്രമിച്ചത്. തീർച്ചയായും വലിയ ‘പ്രിവിലേജു’കൾ നിറഞ്ഞ ജീവിതമായിരുന്നെങ്കിലും, അതിന് അതിന്‍റേതായ തിരിച്ചടികളുമുണ്ടായിരുന്നു.
ഓരോ എഴുത്തുകാരനും പ്രചോദനം പകർന്ന മറ്റു ചില എഴുത്തുകാരുണ്ടാകും. അത്തരത്തിൽ ആലോചിച്ചാൽ പറയാൻ കഴിയുന്ന പേരുകൾ ഏതെല്ലാമാണ്?
ഞാൻ അതിയായി ഇഷ്ടപ്പെടുന്ന നിരവധി എഴുത്തുകാരുണ്ട്. ഭാഷയെ അതിമനോഹരമായി ഉപയോഗിക്കുന്ന, മികവുറ്റ കഥകൾ പറയുന്ന നേവലിസ്റ്റുകളാണ് അവരിൽ മിക്കവരും. ജീനറ്റ് വിന്‍റേഴ്സൻ, ബർബറ കിംഗ്‌സോൾവർ, അരുന്ധതി റോയി തുടങ്ങിയ സ്ത്രീ എഴുത്തുകാരെയാണ് ഞാൻ കൂടുതലായും ഇഷ്ടപ്പെട്ടത്. പക്ഷേ സൽമാൻ റുഷ്ദിയുടെ നോവലുകൾ എനിക്ക് വേറിട്ട ഒന്നായി അനുഭവപ്പെട്ടു. ഇപ്പോൾ ഞാൻ പാശ്ചാത്യേതര, കുടിയേറ്റ എഴുത്തുകാരായ പുതിയ തലമുറയെയാണ് കൂടുതലും വായിക്കുന്നത്. അവരെല്ലാം വളരെ മനോഹരമായി എഴുതുന്നു. അതെല്ലാം വായിക്കുമ്പോൾ ഞാനെത്ര ചെറുതാണെന്ന് അനുഭവപ്പെടുന്നു.
ആദ്യമായി എഴുതിയത് ഓർക്കുന്നുണ്ടോ? അപ്പോൾ പിതാവിന്‍റെ പ്രതികരണം എന്തായിരുന്നു?
1980ൽ ‘ഹെർ വേൾഡ്’ മാഗസിനിൽ പ്രവർത്തിക്കുമ്പോഴാണ് ഞാൻ ആദ്യ ലേഖനം എഴുതിയതെന്നാണ് ഓർക്കുന്നത്. എന്തിനെ കുറിച്ചാണ് എഴുതിയതെന്ന് കൃത്യമായി ചികഞ്ഞെടുക്കാൻ എനിക്ക് കഴിയുന്നില്ല. പിതാവ് അത് വായിച്ചിട്ടുണ്ടോ എന്നത് എനിക്ക് സംശയമാണ്. അദ്ദേഹം വളരെ തിരക്കുള്ള വ്യക്തിയായതിനാൽ എന്‍റെ എഴുത്തുകൾ വളരെയൊന്നും വായിക്കാറില്ല എന്നതാണ് ശരി. 1997ൽ എന്‍റെ ലേഖന സമാഹാരത്തിന് ഒരു ആമുഖം എഴുതാൻ അദ്ദേഹത്തോട് ആവശ്യപ്പെട്ടപ്പോൾ, എന്‍റെ ചില ലേഖനങ്ങളുടെ സാമ്പിൾ ചോദിക്കുകയുണ്ടായി. അതിൽ നിന്ന് എന്‍റെ എഴുത്തിനെ ശരിയായി പലന്തുടർന്നില്ല എന്ന് മനസിലാക്കാം.
എഴുത്തിലൂടെയും ആക്ടിവിസത്തിലൂടെയും മറീന വെല്ലുവിളിക്കാൻ ശ്രമിച്ച വീക്ഷണങ്ങളും വിശ്വാസങ്ങളും എന്താണ്?
എന്‍റെ രാജ്യത്തെ പീഡനങ്ങളെയും അനീതികളെയും ചൂണ്ടിക്കാണിക്കനാണ് ഞാൻ ശ്രമിച്ചത്. എന്തുകൊണ്ടാണ് ഒരു പൗരൻ, അല്ലെങ്കിൽ ഓരോ മനുഷ്യനും, മറ്റൊരാളെ കഷ്ടടപ്പെടുത്തുന്നത് എന്നെനിക്ക് മനസിലാകുന്നില്ല. ജനങ്ങളെ പട്ടിണിക്കിടുന്നതും വിദ്യഭ്യാസം നേടാൻ അനുവദിക്കാത്തതും മുഖ്യധാരാ സമൂഹത്തിന്‍റെ ഭാഗമല്ലാത്തതിനാൽ മാത്രം തൊഴിലിൽ നിന്ന് പുറന്തള്ളുന്നതും തീർച്ചയായും പീഡനവും അനീതിയുമാണ്. സ്ത്രീകളെ നിയമങ്ങളാൽ നിയന്ത്രിച്ച് സംതൃപ്തമായ ജീവിതം നയിക്കുന്നതിൽ നിന്ന് തടയുന്നതും, യുവാക്കൾക്ക് കാര്യങ്ങളെ കുറിച്ച് മനസിലാക്കാൻ അവസരം നിഷേധിക്കുന്നതും, ചില വിഭാഗങ്ങളെ ജീവിത ശൈലികളുടെ പേരിൽ അപരവൽകരിക്കുന്നതും ഒക്കെ എന്‍റെ എഴുത്തിൽ വിഷയങ്ങളായി. തീർച്ചയായും ഇത്തരം കാര്യങ്ങൾ ചിലരെ അസ്വസ്ഥരാക്കി. മറ്റു ചിലരിൽ വെറുപ്പുള്ളവരും.
ലോകമറിയപ്പെട്ട ഒരു രാഷ്ട്രീയക്കാരനായ പിതാവിന്‍റെ മകളായിട്ടും എന്തുെകാണ്ടാണ് ആ വഴിയിൽ പോകാതിരുന്നത്?
കക്ഷി രാഷ്ട്രീയത്തോട് എനിക്ക് ഒരിക്കലും താൽപര്യം തോന്നിയിട്ടില്ല. എന്‍റെ പിതാവ് പ്രോൽസാഹിപ്പിച്ചിട്ടുമില്ല. എന്നാൽ എന്‍റെ രാജ്യത്തെ ‘രാഷ്ട്രീയ’ത്തിൽ തൽപരയായിരുന്നു. ഒരാളെ പിന്തുടർന്ന് രാഷ്ട്രീയത്തിൽ വളരാൻ ശ്രമിച്ചിട്ടില്ല. സിവിൽ സൊസൈറ്റി ആക്ടിവിസ്റ്റാവുക എന്നതായിരുന്നു എന്‍റെ മുൻഗണന. ഈ രീതിയിലാകുമ്പോൾ തെറ്റു ചെയ്യുന്നവരെ രാഷ്ട്രീയം നോക്കാതെ വിമർശിക്കാൻ കഴിയുമെന്നതാണ് ഞാൻ കണ്ട മെച്ചം. അത്തരത്തിൽ എന്‍റെ രാഷ്ട്രീയ ജീവിതം കരുപ്പിടിപ്പിക്കുകയായിരുന്നു.
മലേഷ്യയുടെ സിവിൽ പൊളിറ്റിക്സിൽ സജീവമായി ഇടപെട്ട ആളെന്ന നിലയിൽ, രാജ്യത്തിന്‍റെ ഭാവിയെകുറിച്ച് ശുഭാപ്തി വിശ്വാസമാണോ ഇപ്പോഴുള്ളത്?
കഴിഞ്ഞ കുറച്ച് വർഷങ്ങളിലൂടെയും ഒരു പൊതു തെരഞ്ഞെടുപ്പിലൂടെയും കടന്നുപോയതോടെ എനിക്ക് വലിയ ശുഭാപ്തി വിശ്വാസം രാജ്യത്തിന്‍റെ ഭാവിയെ കുറിച്ച് നിലവിലില്ല എന്നു പറയേണ്ടിവരും. കഴിഞ്ഞ തെരഞ്ഞെടുപ്പിന് ശേഷം ഒരു യഥാസ്ഥിതിക വലതുപക്ഷ സർക്കാർ രൂപീകരിക്കപ്പെടുന്നതിൽ നിന്ന് നേരിയ വ്യത്യാസത്തിലാണ് രാജ്യം രക്ഷപ്പെട്ടത്. ഭാവി മലേഷ്യയുടെ മുന്നോട്ടുപോക്ക് തെരഞ്ഞെടുപ്പ് ഫലത്തിൽ പ്രതിഫലിക്കുന്നുണ്ട്. അതെന്നെ ഏറെ ആകുലപ്പെടുത്തുന്നതാണ്. ഇത്തവണ വോട്ട് ചെയ്യാനുള്ള പ്രായം 21ൽനിന്ന് 18ലേക്ക് മാറ്റിയിരുന്നു. എന്നാൽ ചെറുപ്പക്കാർ പുരോഗമന പാർട്ടികൾക്ക് വോട്ട് ചെയ്തില്ല. ഇത് വളരെ അൽഭുതപ്പെടുത്തുന്നതും ആശങ്കപ്പെടുത്തുന്നതുമായ വിഷയമാണ്. ഇതിനെതിരെ ശക്തമായ ഇടപെടലുണ്ടായില്ലെങ്കിൽ മലേഷ്യയുടെ ഭാവി ഭാസുരമാകില്ലെന്നാണ് എന്‍റെ അഭിപ്രായം.
സ്ത്രീ ശാക്തീകരണം ലക്ഷ്യംവെച്ചും മറ്റും നിരവധി കാമ്പയിനുകൾക്ക് താങ്കൾ നേതൃത്വം നൽകി. പാർശ്വവൽകൃത സമൂഹങ്ങളുടെ രാജ്യത്തെ അവസ്ഥയെന്താണ്?
നിരവധി കാമ്പയിനുകളുടെ ഭാഗമായിട്ടുണ്ട് ഞാൻ. എന്നാൽ അഭിമാനത്തോടെ ഓർക്കുന്നത് മലേഷ്യൻ സമൂഹത്തെ എച്ച്.ഐ.വി/എയ്ഡ്സ് സംബന്ധിച്ച് ബോധവൽകരിക്കുന്നതിനും രോഗികൾക്ക് മികച്ച ചികിൽസ ലഭിക്കുന്നതിനും വേണ്ടി നയിച്ച കാമ്പയിനാണ്. ഇപ്പോൾ രാജ്യത്ത് രോഗവ്യാപനം ഗണ്യമായി കുറഞ്ഞു എന്നുമാത്രമല്ല, എച്ച്.ഐ.വി ബാധിതർക്ക് സൗജന്യ ഫസ്റ്റ് ലൈൻ ചികിൽസയും ലഭ്യമാക്കുന്നുണ്ട്. മയക്കു മരുന്നിന് അടിമകളായവരെ മോചിപ്പിക്കാനും നിരവധി സംവിധാനങ്ങളുണ്ട്. മയക്കുമരുന്ന് ഉപയോഗിക്കുന്നവർ, എൽ.ജി.ബി.ടി ആളുകൾ, കുടിയേറ്റ തൊഴിലാളികൾ, അഭയാർഥികൾ തുടങ്ങിയ ഏറ്റവും ദുർബലരായ വിഭാഗങ്ങൾക്കെതിരായ വിവേചനം അവസാനിപ്പിക്കാൻ ഇനിയും ഇടപെടലുകളുണ്ടാകേണ്ടതുണ്ട്. സ്ത്രീ ശാക്തീകരണവുമായി ബന്ധപ്പെട്ട്, ശൈശവ വിവാഹം വിലക്കുന്നതിന് ലൈംഗികാതിക്രമ നിരോധന നിയമം കൊണ്ടുവരണമെന്നാണ് ഞങ്ങൾ ആവശ്യപ്പെടുന്നത്. ഇതിനായി സ്ത്രീയുടെയും പുരുഷന്‍റെയും വിവാഹപ്രായം 18ആക്കണം.
മലായ് സംസ്കാരം ദുർബലമാകുന്നതിനെ കുറിച്ച് മറീന പലപ്പോഴും സംസാരിച്ചിട്ടുണ്ട്. എന്തുകൊണ്ടാണ് അതിനെക്കുറിച്ച് ഇത്ര ശക്തമായി ഉന്നയിക്കുന്നത്?
മലേഷ്യ ബഹുസ്വര സംസ്കാരമുള്ള ഒരു രാജ്യമാണെങ്കിലും ബഹുഭൂരിപക്ഷവും മലായ് വംശജരാണ്. എന്നാൽ സ്വന്തം സംസ്‌കാരങ്ങൾക്കും പാരമ്പര്യങ്ങൾക്കും ഹാനികരമായ ബാഹ്യ സ്വാധീനങ്ങൾക്ക് ഏറ്റവും കൂടുതൽ വിധേയമാക്കപ്പെടുന്നതും ഈ സമൂഹമാണ്. രാജ്യത്ത് പല പുരാതന നൃത്തരൂപങ്ങളും അവഗണിക്കപ്പെട്ടിട്ടുണ്ട്. മലായ് എഴുത്തുകാരെയും കവികളെയും കുറിച്ച് രാജ്യത്തുള്ളവർക്ക് അറിയാത്ത സാഹചര്യവുമുണ്ട്. അടുത്ത കാലത്തായി യുവസമൂഹം പരമ്പരാഗത കരകൗശല വസ്തുക്കളിലും വസ്ത്രങ്ങളിലും താൽപര്യം പ്രകടിപ്പിക്കുകയും അവയെ ആധുനിക ഉപയോഗത്തിന് അനുയോജ്യമാക്കുകയും ചെയ്തിട്ടുണ്ടെങ്കിലും, മലായ് വസ്ത്രങ്ങൾ സ്ത്രീകളുടെ, പ്രത്യേകിച്ച് ധാർമിക മാനദണ്ഡങ്ങളുമായി പൊരുത്തപ്പെടുന്നില്ലെന്ന് കരുതുന്നവരുണ്ട്. രാഷ്ട്രീയക്കാർ മലായ് ‘ആധിപത്യ’ത്തെ കുറിച്ച് സംസാരിക്കുകയും എന്നാൽ മലായ് കലകളും കരകൗശലങ്ങളും പാരമ്പര്യങ്ങളും സംരക്ഷിക്കപ്പെടുകയും പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്നുവെന്ന് ഉറപ്പാക്കാൻ ഒന്നും ചെയ്യാത്ത കാപട്യമുള്ളവരാണ്. പരമ്പരാഗത കരകൗശലവിദ്യ മരണാസന്നമാണ്. വളരെ കുറച്ചുപേർ മാത്രമാണ് ഇപ്പോഴിത് കൊണ്ടുനടക്കുന്നത്. ഞങ്ങളുടെ ചെറുപ്പക്കാർ ഒരുപക്ഷേ മാക് യോങ്ങോ (പരമ്പരാഗത നൃത്തം)യോ മലായ് പാവനാടകമോ കണ്ടിട്ടുണ്ടാകില്ല. ആ രൂപത്തിലാണ് സംസ്കാരം ഇല്ലാതായി കൊണ്ടിരിക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.