സാഹിത്യകാരി മാരിസ് കോൻഡെ ഇനി ഓർമ്മ
text_fieldsപാരിസ്: കോളനി വാഴ്ചകളും നരകയാതനകളും അടിമത്തത്തിന്റെ നീറ്റലും വായനക്കാരെ ആവോളം അനുഭവിപ്പിച്ച സാഹിത്യകാരി മാരിസ് കോൻഡെ (90) ഇനി ഓർമ്മ. കരീബിയനിലെ ഗ്വാഡലൂപ്പുകാരിയായ കോൻഡെ ഫ്രാൻസിലായിരുന്നു കഴിഞ്ഞിരുന്നത്. കഴിഞ്ഞ ദിവസം തെക്കൻ ഫ്രാൻസിലെ ആശുപത്രിയിൽ വെച്ചായിരുന്നു അന്ത്യം. ഭർത്താവ് റിച്ചാർഡ് ഫിൽകോക്സാണ് മരണ വിവരം അറിയിച്ചത്. ഫ്രഞ്ച് ഗ്രാമമായ ഗോർഡസിൽ താമസിച്ചിരുന്ന കോൻഡെ, ഒടുവിൽ ഏറെ ശാരീരിക അവശതകൾ നേരിട്ടിരുന്നു.
2018ൽ ലൈംഗീകാരോപണ വിവാദങ്ങൾ മൂലം സ്വീഡിഷ് അക്കാദമി മാറ്റിവച്ച സാഹിത്യ നൊബോലിന്റെ ഒഴിവ് നികത്താൻ സ്വീഡനിലെ സാംസ്കാരിക കൂട്ടായ്മ ഒരുക്കിയ ബദൽ നൊബേൽ പുരസ്കാരം കോൻഡെക്കായിരുന്നു. ഫ്രഞ്ച് ഭാഷയിൽ എഴുതിയിരുന്ന കോൻഡെയുടെ ഉപരിപഠനം പാരിസിലെ കോൺബോൺ യൂണിവേഴ്സിറ്റിയിലായിരുന്നു. അവിടെ വംശീയ വിവേചനം നേരിട്ടപ്പോഴാണ് ആഫ്രിക്കൻ കരീബിയൻ അടിമത്ത ചരിത്രത്തെ കുറിച്ച് ഏറെ പഠിച്ചത്.
19-ാം നൂറ്റാണ്ടിലെ പശ്ചിമാഫ്രിക്ക പശ്ചാത്തലമാക്കിയ ഒരു ഫാമിലി ഇതിഹാസമായ ‘സെഗു’ (1984), ചിൽഡ്രൻ ഓഫ് സെഗു എന്ന രണ്ടാം ഭാഗവും ലോകമെമ്പാടും വായനക്കാരെ സ്വന്തമാക്കിയ കൃതികളായി. ന്യൂ അക്കാഡമി പ്രൈസ് കോൻഡെക്ക് സമ്മാനിക്കവെ, ജൂറി ചെയർ ആൻ പാൽസൺ ‘‘ലോകസാഹിത്യത്തിൽ പെട്ട ഒരു ‘‘മഹത്തായ കഥാകൃത്ത്’’ എന്ന് വിശേഷിപ്പിച്ചു. ഫ്രഞ്ച് ഭാഷ ‘എനിക്കുവേണ്ടി മാത്രം കെട്ടിച്ചമച്ചതാണെന്ന്’ ഒരിക്കൽ കോൻഡെ പറയുകയുണ്ടായി. കോൻഡെയുടെ ആദ്യ വിവാഹം വിവാഹമോചനത്തിൽ കലാശിച്ചു. പിന്നീട്, 1982-ൽ അവർ തൻ്റെ പരിഭാഷകനായ ഫിൽകോക്സിനെ വിവാഹം കഴിക്കുകയായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.