ഗണിതശാസ്ത്ര ഒളിംപ്യാഡ്: കൈപ്പുസ്തകവുമായി ഡോ. രാജു നാരായണ സ്വാമി
text_fieldsഗണിതശാസ്ത്ര ഒളിംപ്യാഡിന് ഒരുങ്ങുന്ന കുട്ടികള്‍ക്ക് കൈപ്പുസ്തകവുമായി അഴിമതി വിരുദ്ധ പോരാട്ടങ്ങൾക്ക് പേരു കേട്ട ഐ.എ.എസ് ഉദ്യോഗസ്ഥന്‍ ഡോ. രാജു നാരായണ സ്വാമി. വിവിധ ഒളിംപ്യാഡ് പരീക്ഷകളില്‍ നിന്നും തെരഞ്ഞെടുത്ത 26 ചോദ്യങ്ങളും അവയ്ക്കുള്ള ഉത്തരങ്ങളുമാണ് പുസ്തകത്തില്‍ ഉള്‍ക്കൊള്ളിച്ചിട്ടുള്ളത്.
നമ്പര്‍ തിയറിയുടെ അടിസ്ഥാനമായ മോഡുലര്‍ അരിത്മെറ്റിക്, ഫിബൊനാക്കി അനുക്രമം മുതലായവയെക്കുറിച്ചുള്ള ലഘുവിവരണവും ഗ്രന്ഥത്തില്‍ ഉണ്ട്. സ്വാമിയുടെ മുപ്പത്തിഒന്നാമത്തെ പുസ്തകമാണിത്. കേരള സാഹിത്യ അക്കാദമി അവാര്‍ഡ് നേടിയ "ശാന്തിമന്ത്രം മുഴങ്ങുന്ന താഴ്വരയില്‍" മുതല്‍ സംസ്ഥാന കുഞ്ഞുണ്ണി പുരസ്കാരത്തിനര്‍ഹമായ "നീലക്കുറിഞ്ഞി: ഒരു വ്യാഴവട്ടത്തിലെ വസന്തം" വരെയുള്ള കൃതികള്‍ സ്വാമി ഇതിനുമുന്‍പെഴുതിയ പുസ്തകങ്ങളില്‍പ്പെടും.
അഞ്ചു ജില്ലകളില്‍ കലക്ടറായും കോളജ് വിദ്യാഭ്യാസ ഡയറക്ടര്‍ , മാര്‍ക്കറ്റ് ഫെഡ് എം.ഡി, കാര്‍ഷികോല്പാദന കമീഷണര്‍, കേന്ദ്ര നാളികേര വികസന ബോര്‍ഡ് ചെയര്‍മാന്‍ തുടങ്ങിയ നിലകളിലും സേവനം ചെയ്തിട്ടുണ്ട്. അഴിമതിക്കെതിരെയുള്ള പോരാട്ടത്തിന് ഐ.ഐ.ടി കാന്‍പൂര്‍ അദ്ദേഹത്തിന് 2018 ല്‍ സത്യേന്ദ്രദുബേ മെമ്മോറിയല്‍ അവാര്‍ഡ് നല്‍കിയിരുന്നു.
സൈബര്‍ നിയമത്തില്‍ ഹോമി ഭാഭാ ഫെലോഷിപ്പ് നേടിയിട്ടുണ്ട്. ബൗദ്ധിക സ്വത്തവകാശ നിയമത്തിലെ ഗവേഷണങ്ങള്‍ക്ക് അമേരിക്കയിലെ ജോര്‍ജ് മസോന്‍ യൂണിവേഴ്സിറ്റി നല്‍കുന്ന അംഗീകാരമായ ലിയനാഡോ ഡാവിഞ്ചി ഫെല്ലോഷിപ്പ് ഇക്കഴിഞ്ഞ ഡിസംബറിലാണ് ലഭിച്ചത്. നിയമത്തിലും ടെക്നോളജിയിലുമായി 240ലേറെ ഗവേഷണ പ്രബന്ധങ്ങൾ സ്വാമി പ്രസിദ്ധീകരിച്ചിട്ടുണ്ട്. 34 തവണ കേന്ദ്ര തെരഞ്ഞെടുപ്പ് നിരീക്ഷകനായ ഐ.എ.എസ് ഉദ്യോഗസ്ഥൻ എന്ന അപൂർവ്വ റെക്കോർഡും സ്വാമിയുടെ പേരിൽ ഉണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.