മഴ
text_fieldsആദ്യത്തെ മഴ
കുറച്ചപകടമാണ്
അതിന്റെ കുളിരിലും കൗതുകത്തിലും
അപകടം മനസ്സിലാക്കാതെ വേഗത്തിൽ
മുന്നോട്ടുപോയാൽ
റോഡിലെ എണ്ണയും വെള്ളവും
പരസ്പരം കൂടിക്കലരാതെ
വണ്ടിയുടെ ടയറിന് ഗ്രിപ്പ് തരാതെ
ബ്രേക്കിടാൻ നോക്കീട്ടും പറ്റാതെ
എവിടേലും കൊണ്ടിടിക്കും.
കണ്ണീരും ചോരയും കൂടി കലർന്ന മഴവെള്ളം
ഭൂമിക്ക് കുടിക്കാനാവാതെ കെട്ടിക്കിടക്കും.
കെട്ടിനിന്നതെല്ലാം പിന്നെ പലവഴിക്ക്
ഒഴുകിത്തുടങ്ങും
തോടും പുഴയും നിറഞ്ഞുകവിയും
ഇനി ഒഴുകാനിടമില്ലാത്തിടത്തോളം
മഴ പെയ്തുകൊണ്ടിരിക്കും
പിന്നെയും ശക്തി കൂടുമ്പോൾ
നമ്മളൊന്ന് പേടിക്കും
സൂക്ഷിക്കും
കുടപിടിക്കും
വസ്ത്രം കയറ്റും
വണ്ടിയൊന്ന് സൈഡ് ആക്കും
ബസ് സ്റ്റാൻഡിലോ പീടികത്തിണ്ണയിലോ
കയറിനിക്കും
മാനം തെളിയുന്നുണ്ടോയെന്ന്
പാളിനോക്കും
വീട്ടിലെത്താൻ വെപ്രാളപ്പെടും.
ജനലും വാതിലും അടച്ചിടും
മഴ തരുന്ന തണുപ്പിൽ ചൂട് കട്ടൻ
കുടിച്ച് ചൂടും കാഞ്ഞ് മൂലക്കിരിക്കും.
പെയ്തൊഴിഞ്ഞ മഴയിൽ
പിറ്റേന്ന് മുറ്റത്ത് പുതിയ പല നാമ്പുകളും
തലപൊക്കിനോക്കുന്നുണ്ടാകും
പഴയ പലതും ഒടിഞ്ഞുവീണിട്ടുണ്ടാകും...
മഴ...
ചിലത് ഒഴുക്കിക്കളയാനും
കൊണ്ടുവരാനുമുള്ളതാണ്
ഉയിർത്തെഴുന്നേൽപിന്
ഇടം കാണിക്കുന്നതാണ്
ഒടുവിലും അതൊരു കുളിരാണ്...!

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.