യുനെസ്കോ അംഗീകാരം; സാംസ്കാരിക-സാഹിത്യ മേഖലയ്ക്ക് കോഴിക്കോടിനോളം സംഭാവന ചെയ്ത മറ്റൊരു പ്രദേശമില്ല -മന്ത്രി എം.ബി. രാജേഷ്
text_fieldsതിരുവനന്തപുരം: കോഴിക്കോടിന്‍റെ സമ്പന്നവും അതുല്യവുമായ സാംസ്കാരിക സംഭാവനകള്‍ക്ക് അർഹിക്കുന്ന അംഗീകാരമാണ് യുനെസ്കോയുടെ സാഹിത്യ നഗര പദവിയെന്ന് മന്ത്രി എം.ബി. രാജേഷ്. ഈ ആഗോള അംഗീകാരത്തിലേക്ക് കോഴിക്കോടിനെ നയിച്ച കോർപറേഷനെയും എല്ലാ കോഴിക്കോട്ടുകാരെയും ഹൃദയപൂർവം അഭിനന്ദിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു.
കോഴിക്കോടിന് മാത്രമല്ല, കേരളത്തിനാകെയും അഭിമാനിക്കാനുതകുന്ന ഒരു നേട്ടമാണിത്. പ്രവർത്തനത്തിന് എല്ലാ പിന്തുണയും നൽകിയ കേരളാ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ലോക്കൽ അഡ്മിനിസ്ട്രേഷനും (കില) പ്രത്യേകം അഭിനന്ദനങ്ങള്‍.
നമ്മുടെ സാംസ്കാരിക-സാഹിത്യ മേഖലയ്ക്ക് കോഴിക്കോടിനോളം സംഭാവന ചെയ്ത മറ്റൊരു പ്രദേശമില്ല എന്നത് നിസ്തർക്കമായ വസ്തുതയാണ്. വൈക്കം മുഹമ്മദ് ബഷീർ, എം.ടി. വാസുദേവൻ നായർ, എസ്.കെ. പൊറ്റെക്കാട്, തിക്കോടിയൻ, എൻ.എൻ. കക്കാട്, പി. വത്സല, കെ.ടി. മുഹമ്മദ്, സഞ്ജയൻ, എൻ.വി. കൃഷ്ണവാര്യർ... കേരളത്തിന്‍റെ സാംസ്കാരിക-സാഹിത്യ ചിന്തകളെ കോഴിക്കോട്ടുകാർ മറ്റാരേക്കാളും സ്വാധീനിച്ചിട്ടുണ്ട്. ഇന്നും ഈ സാംസ്കാരിക പൈതൃകം കാത്തുസൂക്ഷിക്കാനും കൂടുതൽ കരുത്തോടെ മുന്നോട്ടുനയിക്കാനും കോഴിക്കോട്ടുകാർ ശ്രദ്ധിക്കുന്നു. തലമുറകള്‍ക്ക് ലോകം നൽകിയ ആദരമായാണ് സാഹിത്യ നഗര പദവി കോഴിക്കോടേക്ക് എത്തുന്നത്.
കിലയുടെ പിന്തുണയോടെ കോഴിക്കോട് കോർപറേഷൻ കൃത്യതയോടെയും ചിട്ടയായും നടത്തിയ ശ്രമങ്ങളുടെയും ഇടപെടലുകളുടെയും ഫലമാണ് ഈ അംഗീകാരം. ലോകത്തെ ഏത് നാടിനെയും വെല്ലുന്ന നമ്മുടെ മഹാപൈതൃകത്തെ ആഗോള നിലവാരത്തിൽ ആധുനികമായി രേഖപ്പെടുത്തുകയും അവതരിപ്പിക്കുകയും ചെയ്യാൻ ഈ ശ്രമങ്ങള്‍ക്ക് കഴിഞ്ഞു. മുൻപ് ഈ നേട്ടം കൈവരിച്ച പ്രാഗ്, കാർക്കോവ്, എഡിൻബർഗ് ഉള്‍പ്പെടെയുള്ള ആഗോള നഗരങ്ങളുമായി നിരന്തരം ബന്ധം പുലർത്തുകയും സജീവമായ ആശയക്കൈമാറ്റം നടത്തുകയും ചെയ്തത് ഏറെ സഹായകരമായി. കോഴിക്കോടിന്‍റെ കലാ-സാഹിത്യ-സാംസ്കാരിക സവിശേഷതകളാകെ കൃത്യമായി ശേഖരിച്ച് ഡോക്യുമെന്‍റ് ചെയ്തു. എല്ലാ വിഭാഗം ജനങ്ങളെയും ഒരുമിപ്പിച്ച് സാഹിത്യ തട്ടകമാക്കി കോഴിക്കോടിനെ മാറ്റാൻ കോർപറേഷൻ നടത്തിയ നിരന്തര പരിശ്രമങ്ങളാണ് ഇപ്പോള്‍ ഫലം കണ്ടിരിക്കുന്നത്.
മലയാളി ഒരിക്കൽക്കൂടി ലോകത്തിന്‍റെ ശ്രദ്ധാകേന്ദ്രമായി മാറുകയാണ്. കോഴിക്കോടിന്‍റെ ഈ നേട്ടം കേരളത്തിനാകെ ആവേശവും അഭിമാനവുമാണ്. ഈ പ്രവർത്തനത്തിൽ പങ്കാളികളായ എല്ലാവരെയും ഒരിക്കൽക്കൂടി അഭിവാദ്യം ചെയ്യുന്നു. കോഴിക്കോടുകാരുടെ സന്തോഷത്തിലും ആഘോഷത്തിലും പങ്കുചേരുന്നു -മന്ത്രി എം.ബി. രാജേഷ് പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.