'തങ്കം വേഗമുറങ്ങിയാലായിരം തങ്കക്കിനാവുകള്‍ കാണാം. '
text_fieldsp baskaran
1967ല്‍ പുറത്തിറങ്ങിയ, ഉദ്യോഗസ്ഥ എന്ന ചിത്രത്തിനു വേണ്ടി യൂസഫലി കേച്ചേരിയുടെ വരികൾക്ക് എം.എസ്. ബാബുരാജ് ഈണം നല്‍കി, എസ്. ജാനകി ആലപിച്ച പ്രശസ്തമായ താരാട്ട് പാട്ടിന്റെ പല്ലവിയാണിത്. പി. ഭാസ്‌കരന്‍ മാഷെയാണ് ഈ ഗാനത്തിന്റെ രചയിതാവായി ഒരുപാട് കാലം ഞാന്‍ മനസ്സില്‍ കൊണ്ടുനടന്നിരുന്നത്. 'തങ്കക്കിനാവുകള്‍' ഉണ്ടാക്കിയ തെറ്റിദ്ധാരണയായിരുന്നു അത്!
പി. ഭാസ്‌കരന്‍ മാഷ്‌ക്ക് ഏറെ പ്രിയപ്പെട്ട വാക്കാണ് 'തങ്കക്കിനാവ്'. മാഷുടെ ഗാനങ്ങള്‍ കേട്ടുകേട്ട് തങ്കക്കിനാവിനോട് ഇഷ്ടവും വാത്സല്യവും തോന്നി ഗാനാസ്വാദകര്‍ക്കും! പി. ഭാസ്‌കരന്‍ മാഷുടെ തങ്കക്കിനാവുകളിലൂടെ ഒരു സഞ്ചാരം നടത്തുകയാണ്.
തങ്കക്കിനാക്കള്‍ നാം ആദ്യമായി കേള്‍ക്കുന്നത് നവലോകം (1951) എന്ന സിനിമയിലൂടെയാണ്.
'തങ്കക്കിനാക്കള്‍ ഹൃദയേ വീശും
വനാന്ത ചന്ദ്രികയാരോ നീ
സങ്കല്പമാകെ പുളകം പൂശും
വസന്ത സുമമേയാരോ നീ'
ബാബുരാജ് ഈണം പകര്‍ന്ന് കോഴിക്കോട് അബ്ദുൾ ഖാദര്‍ പാടിയ ഈ ഗാനം ഒരു തലമുറയെ പുളകം കൊള്ളിച്ചതാണ്.
'തിരമാല' (1953) യില്‍ മനോഹരമായ ഒരു താരാട്ടു പാട്ടുണ്ട്. വരികളും ചേതോഹരം. ആ ഗാനമിങ്ങനെ തുടങ്ങുന്നു:
'അമ്മ തന്‍ തങ്കക്കുടമേ
കൊച്ചു കണ്‍മണി കണ്ണീരിതെന്തേ ''
ഈ ഗാനത്തിന്റെ ചരണത്തിലാണ് തങ്കക്കിനാവ് വരുന്നത്.
'അമ്മ തന്‍ മടിത്തട്ടില്‍
വാനിലമ്പിളിമാമനെപ്പോലെ
തങ്കക്കിനാക്കളുമായി - എന്റെ
തങ്കക്കുടമേയുറങ്ങൂ
(പാടിയത് ശാന്ത പി. നായർ, സംഗീതം: വിമല്‍കുമാര്‍)
'തിരമാല'യിലെ തന്നെ മറ്റൊരു ഗാനത്തിലും തങ്കക്കിനാവുണ്ട്.
'വനമുല്ല മാലവാടി
രമണനവനോ വന്നതില്ല സഖി'
എന്ന ഗാനത്തിന്റെ ചരണത്തില്‍ തങ്കക്കിനാവുമായി എത്തുന്നു ഭാസ്‌കരന്‍ മാഷ്.
'നിറഞ്ഞ പൂങ്കാവില്‍ നാമൊത്തു ചേരുക
പ്രേമ താമര പൊയ്കയില്‍ നീന്തിയും
നല്ലൊരോമന ഹംസമാണിന്നു ഞാന്‍
രാഗസംഗീത സാന്ദ്രമീ വേദിയില്‍ - ഒരു
തങ്കക്കിനാവായി വന്നു ഞാന്‍.
(പാടിയത്: ശാന്ത പി. നായര്‍, ലക്ഷ്മി ശങ്കര്‍ )
എം.ബി. ശ്രീനിവാസന്‍ ഈണമൊരുക്കിയ സിനിമയാണ് 'സ്ത്രീഹൃദയം' (1960) അതിലെ ഒരു ഗാനമാണ്:
'ഇനിയുറങ്ങൂ നീലക്കുയിലുകളേ
ഇനിയുറങ്ങൂ കുഞ്ഞിക്കുരുവികളേ'
ചരണത്തിലാണ് തങ്കക്കിനാവ്.
'കിളിവാതില്‍പ്പുറത്തുള്ള
കുളിരണിപ്പൂനിലാവേ -
യൊരു തങ്കക്കിനാവായിട്ടോടി വായോ
എന്റെ ഓമനക്കുട്ടനുള്ളൊരുമ്മയുമായ് '
'ലൈലാമജ്‌നു(1962) ' വിലെ സൂപ്പര്‍ ഹിറ്റ് ഗാനമാണ്:
'താരമേ താരമേ നിന്നുടെ നാട്ടിലും
തങ്കക്കിനാവുകളുണ്ടോ - ഉണ്ടോ
തങ്കക്കിനാവുകളുണ്ടോ?
അനുരാഗ ലഹരിയില്‍
അലിയുമ്പോള്‍ കാണുന്ന
കനകക്കിനാവുകള്‍ ഉണ്ടോ. ' (പാടിയത് കെ.പി. ഉദയഭാനു, പി. ലീല. സംഗീതം ബാബുരാജ് )
'അമ്മയെക്കാണാന്‍ (1963) ' എന്ന ചിത്രത്തിലെ അതീവ ഹൃദ്യമായ ഗാനമാണ്
കൊന്നപ്പൂവേ... കൊങ്ങിണിപ്പൂവേ...
ഇന്നെന്നെ കണ്ടാലെന്തു തോന്നും
കിങ്ങിണിപ്പൂവേ'
ഈ ഗാനത്തിന്റെ പല്ലവിയില്‍ തങ്കക്കിനാവിന്റെ മാധുര്യം നുകരാം.
'കരളിലൊരായിരം തങ്കക്കിനാക്കള്‍
കരുതിയിട്ടുണ്ടെന്നു തോന്നുമോ, തോന്നുമോ?
മണവാളന്‍ കൈകൊണ്ടു നുള്ളിയ കവിളത്ത്
മയിലാഞ്ചിയുള്ളതായി തോന്നുമോ?'
(പാടിയത് ജാനകി, സംഗീതം: കെ.രാഘവന്‍)
പി. ലീല ആലപിച്ച മികച്ച ഗാനങ്ങളിലൊന്നാണ്
'കന്നിനിലാവത്ത് കസ്തൂരി പൂശുന്ന
കൈതേ കൈതേ കൈനാറി
(തച്ചോളി ഒതേനന്‍, 1994 , ബാബുരാജ്, എസ് ജാനകി). ചരണത്തില്‍ നായിക പ്രതീക്ഷയോടെ ഇങ്ങനെ പാടുന്നു:
''തച്ചോളി വീട്ടിലെ പൂമാരനിന്നെന്റെ
തങ്കക്കിനാവേറി വന്നാലോ
ചാമരം വീശണം ചന്ദനം പൂശണം
ചാരത്തു വന്നാട്ടെ പൂങ്കാറ്റേ..''
എക്കാലത്തേയും സൂപ്പര്‍ ഹിറ്റ് ഗാനമാണ് ബി.എ. ചിദംബരനാഥ് സംഗീതം നല്‍കിയ, കായംകുളം കൊച്ചുണ്ണി (1966) എന്ന സിനിമയില്‍ യേശുദാസ് പാടി അഭിനയിച്ച
''കുങ്കുമപ്പൂവുകള്‍ പൂത്തു- എന്റെ
തങ്കക്കിനാവിന്‍ താഴ്‌വരയില്‍''
'അന്വേഷിച്ചു കണ്ടെത്തിയില്ല (1967)' എന്ന ചിത്രത്തിലെ എല്ലാ ഗാനങ്ങളും ശ്രദ്ധേയമായിരുന്നു. ഗ്രാമഫോണ്‍ ഡിസ്‌കിന്റെ രണ്ടു പുറങ്ങളിലുമായിട്ടായിരുന്നു' ഇന്നലെ മയങ്ങുമ്പോള്‍ 'എന്നു തുടങ്ങുന്ന ഗാനം ആലേഖനം ചെയ്യപ്പെട്ടിട്ടുള്ളത്.
'ഇന്നലെ മയങ്ങുമ്പോള്‍
ഒരു മണിക്കിനാവിന്റെ
പൊന്നിന്‍ ചിലമ്പൊലി
കേട്ടുണര്‍ന്നു...'
എന്ന ഗാനത്തിന്റെ ചരണമിങ്ങനെ:
'പൗര്‍ണ്ണമി സന്ധ്യ തന്‍ പാലാഴി നീന്തി വരും
വിണ്ണിലെ വെണ്‍മുകില്‍ക്കൊടി പോലെ
തങ്കക്കിനാവിങ്കല്‍ ഏതോ സ്മരണ തന്‍
തംബുരു ശ്രുതി മീട്ടി നീ വന്നൂ..'
പരീക്ഷ (1967)യിൽ യേശുദാസ് പാടി അനശ്വരമാക്കിയ ഗാനമാണ്
'പ്രാണസഖി, ഞാന്‍ വെറുമൊരു
പാമരനാം പാട്ടുകാരന്‍...'
അനുപല്ലവിയിലെ 'തങ്കക്കിനാവ് ' ഗാനത്തെ താജ്മഹാള്‍ പോലെ സൗന്ദര്യത്തിന്റെ ഉയരത്തിലേക്കെത്തിച്ചതായി കാണാം
'എങ്കിലുമെന്നോമലാള്‍ക്കു
താമസിക്കാനെന്‍ കരളില്‍
തങ്കക്കിനാക്കള്‍ക്കൊണ്ടൊരു
താജ്മഹാള്‍ ഞാനുയര്‍ത്താം'
ഈ സിനിമയിലെ തന്നെ, മറ്റൊരു അവിസ്മരണീയ ഗാനത്തിലും തങ്കക്കിനാവുണ്ട്.
''എന്‍ പ്രാണനായകനെ -എന്‍
നായകനെ - എന്തു വിളിക്കും
എങ്ങിനെ ഞാന്‍ -എങ്ങിനെ ഞാന്‍
നാവെടുത്തു പേരു വിളിക്കും''
അനുപല്ലവിയില്‍ നായികയായ ശാരദ ചോദിക്കുന്നു:
'മധുരപ്പേരായിരം മനസ്സിലുണ്ടെങ്കിലും
മറ്റുള്ളോര്‍ കേള്‍ക്കേ ഞാനെന്തു വിളിക്കും?
ഓരോ തുടിപ്പിലും എന്റെയീ മാനസമാ-
പ്പേരു ജപിക്കുന്നുണ്ടെങ്കിലും
തങ്കക്കിനാവിന്റെ സദനത്തില്‍ ദേവന്റെ
സങ്കല്പ ചിത്രമുണ്ടെങ്കിലും '
ഒരേ ഭൂമി ഒരേ രക്തം (1964) എന്ന സിനിമയ്ക്കു വേണ്ടി പി. ഭാസ്‌കരന്‍ മാഷ് എഴുതിയ ഗാനങ്ങള്‍ക്ക് സംഗീതമൊരുക്കിയാണ് എം.കെ. അര്‍ജുനന്‍ മാസ്റ്റര്‍ സിനിമാരംഗത്തേക്കു കടന്നുവന്നത്. പക്ഷേ, ഗാനങ്ങളുടെ ഗ്രാമഫോണ്‍ റെക്കോര്‍ഡുകള്‍ പുറത്തിറങ്ങാത്തതിനാൽ 'കറുത്ത പൗര്‍ണമി (1968) ' എന്ന സിനിമയാണ് അര്‍ജുനന്‍ മാസ്റ്ററുടെ ആദ്യ സിനിമയായി രേഖപ്പെടുത്തിയിട്ടുള്ളത്. പൊന്‍കിനാവിന്‍ പുഷ്പരഥത്തില്‍ പോയ് വരൂ നീ, ഹൃദയമുരുകി നീ കരയില്ലെങ്കിലും, മാനത്തിന്‍ മുറ്റത്ത് മഴവില്ലാഴ കെട്ടും, എന്നീ ഗാനങ്ങളെപ്പോലെ ശ്രദ്ധിക്കപ്പെട്ടില്ലെങ്കിലും എസ്. ജാനകി പാടിയ കവിത തുളുമ്പുന്ന ഗാനമാണ്
'കവിതയില്‍ മുങ്ങി വന്ന
കനകസ്വപ്നമേ നിന്നെ
ഇനിയെന്റെ ഹൃദയത്തില്‍ തടവിലാക്കും'
ചരണം: 'സങ്കല്പസംഗീത സ്വരസുധയാല്‍
തങ്കക്കിനാവിനെയുറക്കീടും ഞാന്‍
തങ്കക്കിനാവിനെയുറക്കീടും ഞാന്‍ '
പുകഴേന്തി ഈണം നല്‍കിയ, വിത്തുകള്‍(1971) എന്ന ചിത്രത്തിലെ അപാരസുന്ദര നീലാകാശവും ഗോപുരമുകളില്‍ വാസന്തചന്ദ്രനും മലയാളികള്‍ ഹൃദയത്തോടു ചേര്‍ത്തുവെച്ച ഗാനങ്ങളാണ്. സിനിമയില്‍ ഒരു കവിത ഉള്‍പ്പെടുത്തിയിട്ടുണ്ട്. അതില്‍ തങ്കക്കിനാവിന്റെ തരിവളപ്പൊട്ടുകള്‍ കാണാം.
'ഇന്നു ഞാന്‍ വളരുമ്പോള്‍ ' എന്നു തുടങ്ങുന്ന കവിതയില്‍ നാലാമത്തെ ഖണ്ഡത്തിലെ വരികളാണ്
'ഇന്നു സൂക്ഷിക്കുന്നു ഞാനുടഞ്ഞുള്ളൊരെന്‍
തങ്കക്കിനാവിന്‍ തരിവളപ്പൊട്ടുകള്‍
വീണ്ടും പ്രഭാതം (1973) എന്ന ഹിറ്റ് ചിത്രത്തിലെ 'ആലോല നീലവിലോചനങ്ങൾ ' എന്നു തുടങ്ങുന്ന ഗാനത്തിലുമുണ്ട് തങ്കക്കിനാവ്. അനുപല്ലവിയിലാണ് ' തങ്കക്കിനാവിന്റെ ഭിത്തി'യുള്ളത്.
മധുരഭാവനാ ചിത്രകാരന്‍
മഴവില്‍ക്കൊടിയുടെ മുനയാളേ
തങ്കക്കിനാവിന്‍ ഭിത്തിയിലെഴുതി
സങ്കല്പസുന്ദര ചിത്രങ്ങള്‍
(ദക്ഷിണാമൂര്‍ത്തി, യേശുദാസ്, എസ്. ജാനകി)
ചിത്രം: അച്ചാണി (1973), സംഗീതം: ജി. ദേവരാജന്‍, പാടിയത് ജയചന്ദ്രന്‍, മാധുരി, ഗാനം: 'മല്ലികാബാണന്‍ തന്റെ വില്ലെടുത്തു.' താലമെടുക്കുന്ന തങ്കക്കിനാവുകളെ തുടർന്നുള്ള വരികളിൽ കാണാം.
'അകലെയകലെയായ് സൗന്ദര്യത്തിന്‍
അളകനന്ദയുടെ തീരത്ത്
തങ്കക്കിനാവുകള്‍ താലമെടുക്കും
താരുണ്യ സങ്കല്പ മദിരോത്സവം
പ്രേമഗാനം തുളുമ്പുന്ന കാവ്യോത്സവം'
കനകം (1978) എന്ന പേരില്‍ ഗ്രാമഫോണ്‍ റെക്കോഡ് പുറത്തിറങ്ങുകയും ഗാന്ധര്‍വം എന്ന പേരില്‍ തിയറ്ററുകളിലെത്തുകയും ചെയ്ത സിനിമയില്‍ ബാബുരാജ് ഈണം നല്‍കിയ പാട്ടുകൾ വേണ്ടത്ര ശ്രദ്ധ നേടിയില്ല.
'സങ്കല്പസാഗര തീരത്തുള്ളൊരു
തങ്കക്കിനാവിന്‍ അരമനയില്‍
രാഗമുരളിയാല്‍ കവിതകള്‍ നെയ്യും
രാജകുമാരന്‍ നീയാരോ.. ''
യേശുദാസും ബി. വസന്തയും പാടിയ ഈ ഗാനം ശ്രുതിമധുരമാണ്.
'മയൂരനൃത്തം(1996)' എന്ന ചിത്രത്തില്‍ തങ്കക്കിനാക്കള്‍ക്കിടയില്‍ കണ്ണുനീര്‍ മുത്തുകള്‍ കോര്‍ക്കുന്ന ഭാവനയാണ്. 'ശില്പി ദേവശില്പി ' എന്ന ഗാനത്തില്‍ ചരണം ശ്രദ്ധിക്കുക.
''തങ്കക്കിനാക്കള്‍ക്കിടയിലവന്‍
കണ്ണുനീര്‍ മുത്തുകള്‍ കോര്‍ക്കും
വിണ്ണിലിരിക്കുന്ന ശില്പി തന്റെ
വിളയാട്ടം തുടരുന്നിതെന്നും ''
(ദേവരാജന്‍, യേശുദാസ് )
പ്രദക്ഷിണം (1994) എന്ന ചിത്രത്തിലെ ഗാനങ്ങള്‍ക്ക് സംഗീതം പകര്‍ന്നത് രവീന്ദ്രന്‍.
'മൂടുപടം മാറ്റിവന്ന മുറപ്പെണ്ണേ
ഓടിയോടി എവിടെപ്പോയ് ഒളിക്കും നീ ' (യേശുദാസ്) എന്ന പാട്ടിന്റെ അനുപല്ലവി ഇങ്ങനെ:
''പാതിരാപ്പൂനിലാവില്‍ നീയെന്‍
തങ്കക്കിനാവിലെ തൂതപ്പുഴ
കല്പടവില്‍ തുടിച്ചിറങ്ങും
ആരുമറിയാതെ കോടക്കാര്‍ -
വര്‍ണ്ണനെപ്പോല്‍ ആട കാക്കാന്‍
ഞാനുടനെ അരികിലെത്തും ''
ഉണ്ണിയാര്‍ച്ച(1961)യില്‍, കെ രാഘവന്‍മാസ്റ്റർ ഈണമൊരുക്കി, പി.ലീല പാടിയ ഗാനമാണ്
'അല്ലിത്താമരക്കണ്ണാളെ, നിന്റെ
വെള്ളിത്താലത്തിലെന്താണ്'. ഗാനം അവസാനിക്കുന്നത് തങ്കക്കിനാവുമായിട്ടാണ്.
''അക്കരയിക്കരെ നോക്കിനില്‍ക്കുന്ന
ശര്‍ക്കര മാവേ തൈമുല്ലേ
തങ്ങളില്‍ തങ്ങളില്‍ മാറോടണയ്ക്കുന്ന
തങ്കക്കിനാവുമായ് നില്‍പ്പാണോ!''
ഗാനാസ്വാദകരുടെ മനസ്സില്‍ ഇടം നേടിയ പി. ഭാസ്‌കരന്‍ മാഷെപ്പോലെ ഒരു ഗാനരചയിതാവ് ഇനി ഉണ്ടാകുമോ? തങ്കക്കിനാക്കളുമായി നമുക്ക് കാത്തിരിക്കാം.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.