മെഴുകുതിരി
text_fieldsരാവിലെ നേരം വെളുത്തപ്പോൾമുതൽ തുടങ്ങിയ തിരക്കാണ്. ഇപ്പോൾ രാത്രി പതിനൊന്ന് കഴിഞ്ഞു. പിന്നെയും ഓരോ മുറിയിലും സംസാരമാണ്. കുഞ്ഞുങ്ങൾ.... അവരിൽ ആരൊക്കെയോ ഉറങ്ങി. ഉറങ്ങാത്തവർ കളിയും ചിരിയും തല്ലുമായി ഓടിനടക്കുന്നു. ചിങ്ങം കഴിഞ്ഞ് മഴയും തുടങ്ങി, ചൂടും തുടങ്ങി ഈ കാലാവസ്ഥക്ക് വൃശ്ചിക മാസത്തിലെ ഒരു.....വല്ലാത്ത അവസ്ഥ. ചൂടാണോ എങ്കിൽ ചൂട്, മഴയാണോ അല്ല.
തണുപ്പൊക്കെ കൂടിക്കലർന്ന് ഇപ്പോൾ ഒരുമാതിരി അവിയൽപോലെ. പകൽപോലെയല്ല രാത്രി എല്ലാം കൊണ്ടും ഒരു വല്ലാത്ത മാസം തന്നെ. നക്ഷത്രങ്ങൾ മായാത്ത പകലും രാത്രിയും. ഏതൊക്കെയോ മുറിയിൽ പിന്നെയും പിള്ളേര് കരയുന്നു. എവിടെയൊക്കെയോ പ്രായമായവർ ചിരിക്കുന്നു.
മുറ്റത്തുകൂടെ ആരൊക്കെയോ നടക്കുന്നു. ആറ്റുമണലായതുകൊണ്ടും അതുപോലെ കൂടുതൽ വള്ളിച്ചെരിപ്പുള്ളവരും മുറ്റത്തുകൂടെ നടക്കുമ്പോൾ കാതിൽ ചിലപ്പോൾ ചങ്ങലയുടെ അല്ലെങ്കിൽ മഴയുടെ ശബ്ദം കേൾക്കാം. മഴയുടെ കാര്യം മനസ്സിൽ ഓടിയെത്തിയപ്പോഴാണ് ഏതായാലും ഇന്ന് മഴ പെയ്തില്ല.
മുറ്റത്തെ പന്തലിൽ മൂരിയിറച്ചി വേവുന്ന മണം. ജനലിന്റെ വാതിൽ തുറന്ന് മൂക്കിന്റെ അറ്റത്ത് കൊഞ്ഞനം കുത്തി. പതുക്കെ മൂക്കൊന്ന് കൈകൊണ്ടു തിരുമിയപ്പോൾ പകുതി ഉള്ളിലും ബാക്കി തിരിച്ച് ജനലിലൂടെ വെളിയിലേക്കും പോയി.
“മോനേ ജോർജേ’. മുറിയുടെ ഉള്ളിൽനിന്ന് അമ്മ ചിന്നമ്മ വിളിച്ചു. ‘എന്താമ്മേ’. ‘നീ കിടന്നോ’. ‘കിടന്നു’. ‘കതകൊന്നു തുറന്നേ അമ്മച്ചിക്ക് ഒരു കാര്യം പറയാനാ’. ‘ഓ എന്നതാമ്മേ.. ഞാൻ കിടന്നു ഇനി നാളെ വാ’. ‘ഹാ കതക് തുറക്ക് ചെറുക്കാ. നാളെയൊന്നിനും നേരം കാണില്ല’. ‘ഓഹൊ. .....ഒന്നാമത് വെളിയിൽ ഒച്ചയും ബഹളവും നേരം പതിനൊന്നായി ഉറക്കം കണ്ണിലോട്ട് കേറിയാതെയുള്ളൂ. എന്നതാമ്മേ പറ’. ‘ഒരു ചടങ്ങായാൽ അങ്ങനെയാണ്, നീ കല്യാണഡ്രസൊക്കെ എടുത്തുവെച്ചോ. നാളെ നേരത്തേ എണീറ്റ് കുളിക്കണം.
നേരം പുലർന്നാൽ പിന്നെ പെണ്ണുങ്ങള് കുളീം ഒരുക്കവും തുടങ്ങും പിന്നെ നിനക്ക് മുണ്ടുടുക്കാൻ പോലും സമയം കിട്ടത്തില്ല’.അതുപറഞ്ഞ് അമ്മ ചിരിച്ചു. സത്യത്തിൽ അമ്മ പറഞ്ഞത് സത്യമാണ്. കൊച്ചൊരു വീടായതുകൊണ്ട് പറയത്തക്ക സൗകര്യമൊന്നും വീട്ടിലില്ല. ‘അതെനിക്ക് അറിയാമെങ്കിലും അമ്മച്ചിയോന്നു വിളിച്ചോളൂ. പിന്നെ ആദ്യം കേറാൻ തുടങ്ങുന്നവരോട് എന്റെ കുളി കഴിഞ്ഞിട്ടു മതിയെന്ന് ഒന്നു പറയണേ.
എനിക്കാണേൽ എല്ലാരെയൊന്നും അറിയത്തുമില്ല’. ‘എന്നാൽ കതക് കുറ്റിയിട്ടോളൂ’. അമ്മ പോകുന്നതിനു മുമ്പേ വീണ്ടും മുറിയിലേക്ക് ഒന്നുകൂടെ നോക്കി. ‘അയ്യോ ഈ യെരണംകെട്ടവൻ നാളെ ഇടാനുള്ള തുണിയല്ലേ ഇവിടെ വെച്ചേക്കുന്നത്. എടാ മണ്ടാ പാറ്റ കാഷ്ടിച്ചാല് അറിയില്ല. അല്ലെങ്കിൽ രാത്രി എലിയോ മറ്റോ വന്നാൽ ഇതൊക്കെ നശിപ്പിക്കത്തില്ലേ. എന്തിനാടാ ഇത് വെളിയിൽ വെച്ചിരിക്കുന്നത്.
ആ അലമാരിയിൽ വെച്ചു പൂട്ടി കിടക്കെടാ. ഇനി നീ എന്നാ ജോർജേ ഇതൊക്കെ മനസ്സിലാക്കുന്നത്.’‘ആ പോയേ.....അത് ഞാനെടുത്തുവെക്കാം.’അമ്മ പോയെങ്കിലും അമ്മക്ക് ഉറക്കമില്ല എന്നെനിക്കറിയാം. ഞാൻ ലൈറ്റ് അണച്ചുകിടന്നു. ലൈറ്റ് ഓഫ് ചെയ്തതും ഫോണിന്റെ റിങ് എത്തിയതും ഒന്നിച്ച്.
നോക്കിയ 1100 മൊബൈലിന്റെ ശബ്ദം എന്റമ്മോ എല്ലാവരെയും ഉണർത്തി. ‘ഹലോ. ആരാ’. ‘ഞാനാ. നാൻസി’. ‘അല്ല എല്ലാവരും കിടന്നോ’. ‘ഇല്ല ഞാൻ കിടന്നു’. ‘എന്തേ ഇത്രയും നേരത്തേ’. ‘എന്ത് നേരത്തേ, സമയം പതിനൊന്ന് കഴിഞ്ഞു’. ‘ഇച്ഛായ നാളെ എപ്പോഴാ പള്ളിയിലെത്തുന്നത്’. ‘ആഹാ....ഒക്കെ അതിന്റെ സമയത്ത് എത്തും പെണ്ണേ’. ‘ഈ പെണ്ണേ വിളി ഇതുവരെ മാറ്റിയില്ലേ’. ‘വേണോ.....വേണമെങ്കിൽ മാറ്റി പേര് വിളിക്കാം. പോരേ’. ‘ഓ മതി’. ‘അച്ചായോ ഒരുപാട് സ്വപ്നം കണ്ടുകിടക്കണ്ട’. ‘അതെന്തെ നാൻസീ’. ‘നാളെ എല്ലാവരുടെയും മുന്നിൽനിന്ന് താലികെട്ടുന്ന കാര്യം ചിന്തിച്ചോളൂ’. അവളുടെ സംസാരം കേട്ടപ്പോൾ ഇത്രയും കൊല്ലമായിട്ട് കെട്ടിനെപ്പറ്റി സത്യത്തിൽ ചിന്തിച്ചിട്ടേ ഇല്ലായിരുന്നു.
പിന്നെ കൊച്ചമ്മ പറഞ്ഞപ്പോഴാണ് പെൺകെട്ടും ആൺകെട്ടും ഉണ്ടെന്ന് മനസ്സിലായത് അതുകൊണ്ട് അന്നേരം എല്ലാവരും പറഞ്ഞുകളിയാക്കി. അങ്ങനെ കെട്ടും പഠിച്ചു.
‘നാൻസീ, നീ ടെൻഷൻ ആകേണ്ട. കെട്ടൊക്കെ എനിക്കറിയാം’. ‘ഓക്കെ. ഞാൻ ഉറങ്ങുന്നു. ഗുഡ് നൈറ്റ്’. ‘ശരി ഗുഡ് നൈറ്റ്’. തെക്കേലെ അച്ഛൻ പറഞ്ഞതുപോലെ രാത്രിയിൽ മരിച്ചുപോയവരുടെ ആത്മാക്കൾ എല്ലാവരെയും കാണാൻ വരുമോ. എന്തായാലും ഇന്നിവിടെ ബന്ധത്തിലുള്ള എല്ലാവരും എത്തിയിട്ടുണ്ട്. നാളത്തെ ദിവസത്തിന് അവർ സാക്ഷിയാകുമോ. വിളിച്ചവരുടെ ഭാഗത്തുനിന്ന് ആരെങ്കിലും വരാതിരിക്കുമോ, എവിടെയെങ്കിലും പിഴവ് സംഭവിച്ചിട്ടുണ്ടോ.
ചിന്തകൾ രാത്രി സഞ്ചാരിയുടെ രൂപത്തിലെത്തി പിന്നാലെ ഉറക്കവും. അങ്ങനെ ആ രാത്രിയും കടന്നുപോയി, നേരം വെളുത്തു. എല്ലാം ശാന്തം. വീടിന്റെ പിന്നിലെ കലവറയിൽനിന്ന് ഇന്നലെ ചെയ്തുവെച്ച ആഹാരത്തിന് ശേഷമുള്ള പുക ഉയരുന്നുണ്ട്. അല്ലാതെ ആരെയും അവിടെയെങ്ങും കാണാനില്ല.
ജോർജേ, എടാ എണീക്കുന്നില്ലേ കുളിക്കണ്ടേ.. ഇപ്പോൾ സമയമങ്ങ് പോകും. പിന്നെ പള്ളിയിലെ അച്ഛനും ആളുകളും എത്തും. തിരക്കിനു മുമ്പ് നീ എണീറ്റ് ഒരുങ്ങാൻ തുടങ്ങടാ കൊച്ചേ..’
‘ദാ എണീക്കുന്നു’. രാവിലെ വിളിക്കാമെന്ന് പറഞ്ഞത് അമ്മച്ചിയല്ലേ? അമ്മച്ചി ഇതെവിടെപ്പോയി? കുളിക്കാൻ ഞാൻ തോർത്തും സോപ്പുമെടുത്തുകൊണ്ട് കുളിമുറിയിലേക്ക് കയറുന്നതിനുമുമ്പ് അമ്മച്ചിയെ ഒന്നുകളിയാക്കി.
‘അല്ല ഇന്നലെ പാതിരാത്രി വന്നു എന്നെ കുറ്റവും പറഞ്ഞ് നേരത്തേ എത്താമെന്ന് പറഞ്ഞിട്ടു പോയ അമ്മച്ചിയെ വിളിക്കാൻ ഞാൻ ആനെ വിളിക്കണോ, തുമ്പിക്കൈയിൽ വെള്ളം നിറച്ച് ആന എത്തി അമ്മച്ചിയുടെ ചെവിയിൽ വെള്ളമൊഴിച്ചു കഴിയുമ്പോൾ അമ്മച്ചിയും ഉണരും’. ഉത്തരമൊന്നും കിട്ടിയില്ല, ഞാൻ കുളിക്കാൻ കുളിമുറിയിലേക്കു കയറി. എന്റെ കുളി പകുതിയാകുന്നതിനുമുമ്പ് വീട്ടിൽ കരച്ചിലിന്റെ ശബ്ദം ഉയർന്നു.
പെട്ടെന്ന് തോർത്തി ഞാൻ കുളിമുറിക്ക് വെളിയിലേക്കെത്തിയപ്പോൾ എല്ലാവരും അമ്മച്ചിയുടെ മുറിയിലേക്ക് കരഞ്ഞുകൊണ്ട് ഓടിക്കയറുന്നു. ‘എടീ എൽസി എന്തുപറ്റി?’ ‘ജോർജേ അമ്മച്ചി പോയി?’ തമ്പുരാനേ നല്ലൊരു ദിവസമായിട്ട് എന്റെ കല്യാണത്തിനു കൂടാതെ ഇന്നലെ രാത്രിയിൽ വന്ന കാരണവന്മാരോടും അപ്പനോടുമൊപ്പം എന്റെ അമ്മച്ചി പോയോ. എന്റെ മനസ്സിലെ ചിന്ത മുഴുവൻ ഇന്നലെ രാത്രിയിൽ മുറ്റത്തു കേട്ട ചെരിപ്പിന്റെ ശബ്ദം.
അത് അവർതന്നെ ആയിരുന്നു.ഇന്നലെ രാത്രിയിൽ പതിനൊന്ന് മണിക്ക് എന്റെയടുത്തുവന്ന് ഉപദേശം തന്നിട്ട് പോയതാണ്. അവസാനം ഇനി നീ എന്നാണ് ശരിയാകുന്നതെന്ന് ഒരു താക്കീതും. എന്നിട്ട് നേരെ പോയത് മുറിയിലേക്കല്ല. തമ്പുരാന്റെ അടുത്തേക്കാണ്. എല്ലാം ഓർത്തപ്പോൾ എന്റെ നെഞ്ച് പിടയാൻ തുടങ്ങി.
എല്ലാവരോടും ഒപ്പം ഞാനും നിലവിളിച്ചു. ‘എന്റമ്മച്ചിയെ എന്റമ്മച്ചിയെ........എനിക്കുവയ്യായേ.. ഞാനെങ്ങനെ അങ്ങോട്ട് വരും.. ’എന്റെ നിലവിളി ഉച്ചത്തിലായി.. എല്ലാവരും എന്നെ നോക്കി.. ഞാനും കരയുന്നു അവരും കരയുന്നു.. പെട്ടെന്ന് ആരോ എന്റെ മുറിയുടെ കതകിൽ ആഞ്ഞ് കൊട്ടി. ഞാൻ ചാടി എണീറ്റ് വാതിൽ തുറന്നു വീട്ടിലുള്ള സകലരും എന്റെ മുന്നിൽ നിൽക്കുന്നു. അവരുടെ ഇടയിലേക്ക് ഞാൻ കണ്ണ് ഒന്നുകൂടെ തിരുമി നോക്കി. അമ്മച്ചി അവരുടെ ഇടയിൽ നിൽക്കുന്നു. അപ്പോൾ മരിച്ചതോ?
ഞാൻ വെറുതെ ചിന്തിച്ചു നിന്നപ്പോൾ എല്ലാവരും ഉറക്കെ ചിരിച്ചു. അമ്മച്ചി എന്റെ മുഖത്ത് തള്ളിക്കൊണ്ട് പറഞ്ഞു. ‘പോയി ദൈവത്തെ വിളിച്ച് കിടന്നുടങ്ങടാ പിശാചേ’. എല്ലാവരും പോയി. ഞാൻ മുറി കുറ്റിയിട്ട് എന്റെ കട്ടിലിൽ ഇരുന്നു. അപ്പോഴും എന്റെ അമ്മച്ചിക്കൊന്നും സംഭവിക്കല്ലേ ദൈവമേ എന്നുമാത്രം പറഞ്ഞു. കാരണം ഇന്നും വീടിന്റെ മെഴുകുതിരിയാണ് അമ്മച്ചി. എല്ലാവരും പറയുന്നതുപോലെ ഒരു കാളരാത്രി കഴിഞ്ഞു. എന്റെ ഉറക്കവും പോയി വെളിയിൽ കോഴിയും കൂവി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.