അഞ്ച് കഥകൾ
text_fieldsചിന്താവിഷ്ട
കല്ലും മണ്ണും മരക്കമ്പുകളും കറക്കി കലിതുള്ളി മലയിടിച്ചു വന്ന പെരുവെള്ളം അവളോടു ചോദിച്ചു:
‘ഞാൻ കടന്നുപോകുന്ന വഴിയിലിരിക്കാൻ നിനക്കിപ്പോഴും പേടിയില്ലേ?’
മണ്ണിനടിയിലകപ്പെട്ട സ്വപ്നങ്ങളത്രയും കാട്ടുവള്ളിയുടെ പൂക്കളായി വിളറിയ പുഞ്ചിരിയോടെ കാറ്റിലാടുന്നതു മാത്രം നോക്കിയിരുന്ന പെൺകുട്ടി അതു കേട്ടതേയില്ല. പൂക്കളെ നോക്കിയിരുന്ന നിർവികാരമായ ആ കണ്ണുകൾ കാറ്റിനോടു മന്ത്രിക്കുന്നതു പോലെ...നീയതു വീഴ്ത്തരുതേ.
പ്രതി(മ)
എല്ലിൻകൂടിനോടൊട്ടിക്കിടന്ന വയറിന്റെ ആളൽ വകവെക്കാതെ ചുമലിലെ തുളവീണ വലിയ ചാക്കിലേക്ക് വഴിവക്കിലെ പ്ലാസ്റ്റിക് കുപ്പികൾ പെറുക്കിയിടുന്നതിനിടയിലാണ് വൃദ്ധൻ അതു കണ്ടത്. വേച്ചുവേച്ചു നീങ്ങിയ കാലുകൾ, പൊട്ടിക്കിടന്ന വലിയ പ്രതിമയുടെ ദ്രവിച്ച ലോഹക്കഷണങ്ങൾ ചാക്കിലേക്കിട്ടുകൊണ്ടിരിക്കെ, കുതിച്ചെത്തിയ രാജഭടന്മാർ അയാളെ തൂക്കിയെടുത്ത് വണ്ടിയിലേക്കിട്ടു പല്ലുകടിച്ചു പറഞ്ഞു കൊണ്ടിരുന്നു:
‘പ്രതിമയെ അപമാനിച്ച രാജ്യദ്രോഹി!’
തോലുറ
‘എന്റെ വായ്ത്തല നിന്റെ കഴുത്തിലേക്ക് ആഴ്ന്നിറങ്ങിയത് നിന്നോടുള്ള സ്നേഹക്കൂടുതൽ കൊണ്ടാണെന്ന് നീ ഇപ്പോഴെങ്കിലും തിരിച്ചറിഞ്ഞല്ലോ.’
പരിഭവം നടിച്ച് വാൾ തോലുറയോടു പറഞ്ഞു.
‘പ്രിയനേ, കേവലം ഒരു നാൽക്കാലി മാത്രമായിരുന്ന ഞാൻ നിന്റെ കാരുണ്യംകൊണ്ട് പ്രാണൻ വെടിഞ്ഞപ്പോഴാണ് ആ സ്നേഹത്തിന്റെ ആഴമറിഞ്ഞത്. എന്റെ ഉടലിനെ പൊതിഞ്ഞിരുന്ന ഈ ചർമംകൊണ്ടിപ്പോൾ എനിക്കു നിന്നെ പുതപ്പിക്കാനായല്ലോ. യുഗങ്ങളോളം നാം പിരിയാതിരിക്കട്ടെ.’ തോലുറ ധന്യയായി.
പുഴു
കാഴ്ചകളുടെ നടുക്കത്തോടെ ദുർബലമായി താഴ്ന്നു പറക്കുകയായിരുന്നു ശലഭം. ഒന്നോ രണ്ടോ ദിനങ്ങൾ മാത്രമേ ഇനിയുള്ളൂ. അപ്പോഴാണ് ഉടൽ, മിന്നലിന്റെ വിറയലോടെ അതോർത്തത്: ഇതുവരെ ഒരു മാത്രയെങ്കിലും ഉറങ്ങാൻ കഴിഞ്ഞില്ലല്ലോ! മഴവിൽ ചന്തമാർന്നവളെന്ന വാഴ്ത്തുപാട്ടുകളെ അവൾ ഇപ്പോൾ എന്തുകൊണ്ടോ വെറുത്തുപോയി. കാഴ്ചകളും നാദങ്ങളുമില്ലാത്ത പ്യൂപ്പക്കുള്ളിലെ ആ പുഴുവാകാനിനി എന്തുവഴി?
പട്ടം
പിന്നിയ പാവാട നൂലുകൾ കൊണ്ടുണ്ടാക്കിയ നൂലിനറ്റത്ത് തൂങ്ങിക്കിടന്ന പട്ടത്തോട് പരാതി പറയുകയായിരുന്നു അവൾ. കാറ്റിന്റെ കനിവിൽ പറന്ന പട്ടത്തെ മുറിവുകൾ വടുകെട്ടിയ ഒറ്റക്കണ്ണുകൊണ്ട് വേദനമറന്ന് നോക്കുകയായിരുന്നു കുട്ടിയപ്പോൾ. പെട്ടെന്നാണ് കേൾവിയില്ലാതാക്കും വിധം ആശുപത്രിക്കെട്ടിടത്തിലേക്ക് ഇടിയും മിന്നലും ഒന്നിച്ചു പതിച്ചത്. സ്ഫോടനത്തിൽ, ചോര പുരണ്ട മണ്ണിലേക്ക് വീഴുന്നേരം, മങ്ങിത്തുടങ്ങിയ ഒറ്റക്കണ്ണിലെ ഇത്തിരി വെട്ടത്തിൽ അവൾ മുകളിലേക്കു നോക്കി. പട്ടവും ആകാശവും അവിടെയില്ലായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.