നാളെ മാതൃഭാഷ ദിനം: ആയുധങ്ങൾ മൂർച്ചകൂട്ടാൻ മലയാള അനൗൺസ്മെന്റുമായി ഇതര സംസ്ഥാന തൊഴിലാളികൾ
text_fieldsകോട്ടക്കൽ: കത്തി മൂർച്ചയാക്കാനുണ്ടോയെന്ന് ഉറക്കെ വിളിച്ചു ചോദിച്ചു വീടുകൾ തോറും കയറിയിറങ്ങുന്നത് കുട്ടിക്കാലം മുതലേ കാണാറുള്ളതാണ്. മൂർച്ച കൂട്ടുന്ന യന്ത്രം തോളിലേറ്റിയാണ് അക്കാലത്ത് ഇത്തരം തൊഴിലാളികൾ ഇടവഴികളിലൂടെ സഞ്ചരിച്ചിരുന്നത്. എന്നാൽ, ആ കഥകളെല്ലാം പഴങ്കഥയായി. ഇപ്പോൾ ആധുനിക കാലഘട്ടത്തിനനുസരിച്ച് ഇത്തരം തൊഴിലാളികളും പുതിയ പരീക്ഷണത്തിലേക്ക് കടന്നിരിക്കുകയാണ്. കത്തി മൂർച്ച കൂട്ടുന്നതുമായി ബന്ധപ്പെട്ടുള്ള ശബ്ദ വിവരങ്ങൾ നമ്മുടെ മാതൃഭാഷയിലാക്കിയാണ് ഇത്തരം തൊഴിലാളികളുടെ ഊരുചുറ്റൽ.
മലയാളം കലർന്ന ശബ്ദത്തോടെയുള്ള വിവരണങ്ങളുമായി ബൈക്കുകളിലാണ് ആന്ധ്ര സ്വദേശികളായ ബന്ധുക്കൾ ഉപജീവനത്തിനായി അലയുന്നത്. വർഷങ്ങൾക്കു മുമ്പ് പുത്തനത്താണിയിൽ എത്തിയ അമ്മാവനായ മുഹമ്മദ് റഫീഖിൽനിന്നാണ് മരുമക്കളായ മുഹമ്മദ് ബഷീർ ബാഷയും മുഹമ്മദ് വാജിദ് ബാഷയും ഈ തൊഴിൽ പഠിക്കുന്നത്. മലയാളം വഴങ്ങാത്തതിനാൽ വലിയ പ്രയാസം നേരിട്ടതോടെയാണ് പുതിയ പരീക്ഷണത്തിലേക്ക് ഇരുവരും കടന്നത്.
തുടർന്ന് മലയാളത്തിൽ ഇവരുടെ ശബ്ദത്തിൽതന്നെ റെക്കോഡ് ചെയ്തു. ചെറിയ സ്പീക്കറടക്കം ബൈക്കിൽ ഘടിപ്പിച്ചാണ് യാത്ര. കത്തി, ചിരവ, മടവാൾ, കത്രിക, മിക്സി ജാർ, തേങ്ങാക്കൊള്ളി (തേങ്ങ പൊളിക്കുന്ന ആയുധം) എന്നിവ മൂർച്ച കൂട്ടുന്നവരാണ് എന്നാണ് ഓഡിയോയിൽ ഉള്ളത്. ബോറടിക്കാതിരിക്കാൻ മാപ്പിളപ്പാട്ടുകൾ ചേർത്താണ് ശബ്ദ പ്രചാരണം. ശബ്ദം കേട്ട് പുറത്തുവരുന്നവർക്ക് കാര്യം മനസ്സിലായാൽ മതിയെന്നാന്ന് ഇരുവരും പറയുന്നത്. പക്ഷേ, വാഹനത്തിൽ അനൗൺസ്മെന്റ് സംവിധാനം മാത്രമാണുള്ളത്. ബാക്കിയെല്ലാം പഴയ പരീക്ഷണങ്ങൾതന്നെയാണ്. 20 രൂപയാണ് കത്തിക്കുള്ള കൂലി. വിവിധ ആയുധങ്ങൾക്ക് പൈസ ഇത്തിരി കൂടും. വൈദ്യുതിയിൽ പ്രവർത്തിക്കുന്ന യന്ത്രവും ഇവരുടെ കൈവശമുണ്ട്. വാഹനം എത്താത്ത ഭാഗങ്ങളിലെ വീടുകളിൽ നേരിട്ട് ചെന്ന് വൈദ്യുതി സഹായത്തോടുകൂടിയും ആയുധങ്ങൾ മൂർച്ച കൂട്ടും. ദിവസവും രാവിലെ നാല് ബൈക്കുകളിലായി നാലംഗ സംഘമാണ് അന്യംനിന്നുപോകുന്ന തൊഴിലുമായി ഇറങ്ങുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.