Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightCulturechevron_rightLiteraturechevron_rightഅനുഭവിച്ച ഭാഷയാണ് ഞാൻ...

അനുഭവിച്ച ഭാഷയാണ് ഞാൻ എഴുതുന്നത് -എം.ആർ രേണുകുമാർ

text_fields
bookmark_border
അനുഭവിച്ച ഭാഷയാണ് ഞാൻ എഴുതുന്നത് -എം.ആർ രേണുകുമാർ
cancel

കവിതയുടെ മുഖ്യധാരാ വഴികളിൽനിന്ന് വഴിമാറി നടന്ന് ഗ്രാമ്യഭാഷയുടെ ലാവണ്യത എഴുത്തിൽ കൊണ്ടുവന്നയാളാണ് താങ്കൾ. ഈ പുരസ്കാരം ആ കവിത വഴിക്കുകൂടിയുള്ള അംഗീകാരമല്ലേ?

തീര്‍ച്ചയായും. കവിതയുടെ മുഖ്യധാരാ വഴികളില്‍നിന്ന് കഴിയാവുന്നിടത്തോളം മാറിസഞ്ചരിക്കാന്‍ ഞാന്‍ ശ്രമിച്ചിട്ടുണ്ട്. 'ഗ്രാമ്യഭാഷയുടെ ലാവണ്യത'യെന്നത് കുറച്ചു പ്രോബ്ലമാറ്റിക്കായ പ്രയോഗമായാണ് തോന്നുന്നത്. ഗ്രാമ്യഭാഷ മാനക സംസാരഭാഷയില്‍നിന്ന് വേറിട്ടുനില്‍ക്കുമ്പോഴും അത് ഒരുപരിധിവരെ സ്തൂലമാണ്. ഗ്രാമ്യഭാഷകള്‍ നിരവധിയുണ്ട്. ഒരുകാലത്ത് നമ്മുടെ സിനിമകളില്‍ വ്യാപകമായി ഉപയോഗിച്ചിരുന്ന വള്ളുവനാടന്‍ ഗ്രാമ്യഭാഷ സിനിമയെയോ കേരളത്തിലെ സാമൂഹിക ബന്ധങ്ങളെയോ ഗുണപരമായി ബാധിച്ചുവെന്ന് പറയാനാവില്ല. ആ ഭാഷ വലുപ്പച്ചെറുപ്പങ്ങളെ ഗ്രാമപരിധിക്ക് പുറത്തേക്ക് വളര്‍ത്തി സവർണതയ പുനഃസ്ഥാപിക്കുകയായിരുന്നല്ലോ. ഗ്രാമങ്ങള്‍, ഗ്രാമ്യഭാഷ എന്നിവയെ നമ്മള്‍ വരേണ്യമായൊരു പൊതുബോധത്തി​െൻറ ഭാഗമായാണ് കാൽപനിക/ നിഷ്കളങ്ക/ രമണീയമായ ഒന്നായി കാണുന്നത്. ഒരുപക്ഷേ, നഗരങ്ങളെ അപേക്ഷിച്ച് ഗ്രാമങ്ങളില്‍ ശുദ്ധവായു ഉണ്ടായിരിക്കാം. എന്നാലവിടെ ശുദ്ധജലം കുടിക്കുന്നതിന് നിബന്ധനകളുണ്ട്. വിവിധങ്ങളായ വിവേചനങ്ങളും വേര്‍തിരിവുകളും ഹിംസകളും അവിടെയാണ് കൂടുതല്‍ നിലനില്‍ക്കുന്നത്. എ​െൻറ കവിതകളിലെ ഭാഷയും പദപ്രയോഗങ്ങളും ഗ്രാമ്യ -നാഗരിക ബൈനറിക്ക് പുറത്തുവെച്ചാണ് പരിശോധിക്കേണ്ടത് എന്നുതോന്നുന്നു.

മാനകവും വരേണ്യവുമായ പദാവലികളിൽനിന്ന് മാറി പുതിയൊരു ഭാഷ താങ്കൾ സൃഷ്​ടിച്ചു. ഭാഷയിലെ ഈ തിരഞ്ഞെടുപ്പ് ബോധപൂർവമാണോ?

നൂറുശതമാനവും ബോധപൂര്‍വമാണെന്ന് പറയാന്‍ കഴിയുകയില്ല. അതില്‍ സ്വാഭാവികതയുടെയും തനിമയുടേയും ഘടകങ്ങള്‍ ഉള്‍ച്ചേര്‍ന്നിട്ടുണ്ട്. നിലവിലുണ്ടായിരുന്ന പരമ്പരാഗത കവിതയുടെ പള്ളിക്കൂടത്തില്‍ മികച്ചരീതിയില്‍ പഠനം പൂര്‍ത്തിയാക്കി എഴുതിത്തുടങ്ങിയ ഒരാളല്ല ഞാന്‍. എഴുതിത്തുടങ്ങിയതിനു ശേഷമാണ് ഇൗ മേഖലയുമായി സാമാന്യമായ ഒരടുപ്പമെങ്കിലും ഞാനുണ്ടാക്കിയത്. പഠിച്ച/പഠിപ്പിക്കപ്പെട്ട ഭാഷയല്ല ഞാന്‍ കവിതയില്‍ കൂടുതലും ഉപയോഗിച്ചത്. ജീവിച്ച/ അനുഭവിച്ച ഭാഷയാണ്. നിയത കവിതയുടെ ഭാഷക്കും ഇമേജറികള്‍ക്കും കടക്കാനാവാത്ത ഇടങ്ങളിലേക്ക് എത്താന്‍ എനിക്കവയെ കൂട്ടുപിടിക്കണമായിരുന്നു. സാമ്പ്രദായിക പൊതുജീവിതസങ്കൽപങ്ങള്‍ അരികുവത്​കരിച്ച ജീവിതത്തെ എന്നപോലെ പ്രബലകവിത അരികുവത്​കരിക്കപ്പെട്ട ഭാഷാഭേദങ്ങളെയും പദസമ്പത്തിനെയും ലാവണ്യബോധത്തേയും വീണ്ടെടുക്കാന്‍ വേറിട്ടൊരു സാമൂഹിക -രാഷ്​ട്രീയാവബോധം ആവശ്യമായിരുന്നു. എ​െൻറ കവിതയിലെ പദാവലി ഞാന്‍ സൃഷ്​ടിച്ചതല്ല, ഞാനത് 'മറ്റൊരു' ജീവിതത്തില്‍/ അനുഭവത്തില്‍നിന്ന് എടുത്തതാണ്.

താങ്കളുടെ കവിതകൾ രൂപപ്പെട്ട ജീവിതപരിസരങ്ങൾ വിശദീകരിക്കാമോ?

മൂര്‍ത്തവും അമൂര്‍ത്തവുമായ ജീവിതപരിസരങ്ങള്‍ എ​െൻറ കവിതയെ രൂപപ്പെടുത്തിയിട്ടുണ്ട്. ജൈവികമായ ഒരു പരിസരവും മാനസികമായ ഒരു പരിസരവും കവിതക്കുണ്ട്. വീട്, അമ്മ, അച്ഛന്‍, സഹോദരങ്ങള്‍, കൂട്ടുകാര്‍, ചുറ്റുപാടുകള്‍, മരങ്ങള്‍, തോടുകള്‍, മീനുകള്‍, കണ്ടങ്ങള്‍, മഴ, വെയില്‍, കാറ്റ് തുടങ്ങി പ്രകൃതിയിലെ ജീവജാലങ്ങളൊക്കെയും കവിതയുടെ ജൈവപരിസരമാണ്. തിണ്ണയിലിരുന്ന് മഴകാണുന്ന കുട്ടിയും പെരക്കകത്ത് മഴനനഞ്ഞിരിക്കുന്ന കുട്ടിയും മഴയെക്കുറിച്ച് ഒരേപോലെ കവിതയെഴുതേണ്ടതില്ലല്ലോ. മലയാള കവിതയിലെ മഴ, മഴ കണ്ടവരുടേതായിരുന്നു; കൊണ്ടവരുടേതായിരുന്നില്ല. മുഖ്യധാരാ ഭാവുകത്വത്തില്‍നിന്ന് വിടുതലുണ്ടായാലേ മഴകൊണ്ടു വളര്‍ന്നാലും എഴുതുന്ന കവിതയിലെ മഴ മറ്റൊരു മഴയായി പെയ്ത് വായനക്കാരെ നനയ്ക്കൂ. പ്രകൃതിയിലെ മഴയുടെ പലമ കവിതയിലെ മഴയിലും അടയാളപ്പെടേണ്ടതുണ്ട്.

'മീശ'ക്കൊപ്പമാണല്ലോ അവാർഡ് ലഭിച്ചിരിക്കുന്നത്. ആ നോവലി​െൻറ വരവ് നമ്മുടെ സമൂഹത്തിൽ അന്തർലീനമായ ജാതീയമായ അസഹിഷ്ണുതയെ കൂടി പുറത്തു കൊണ്ടുവന്നു. ആ പ്രതിസന്ധി ഘട്ടത്തിന് ദൃക്സാക്ഷിയായ ആളെന്ന നിലക്കുകൂടി എഴുത്തി​െൻറ ഭാവിയെ താങ്കൾ എങ്ങനെയാണ് കാണുന്നത്?

തോൽപിക്കാനാവാത്തതിനെ കൊല്ലുന്നതാണ് എന്നും ഫാഷിസ്​റ്റ് ഭരണകൂടത്തി​െൻറ യുക്തി. അതിന് സാധ്യമാകുന്നില്ലെങ്കില്‍ 'ദേശീയത'യില്‍നിന്ന് പുറത്താക്കുക, രാജ്യദ്രോഹിയാക്കുക, നിരോധിക്കുക, അപരവത്​കരിക്കുക, തമസ്കരിക്കുക നിസ്സാരവത്​കരിക്കുക, ഇകഴ്ത്തുക തുടങ്ങിയ നിരവധി 'കൊല'കള്‍ സൂചിത ഭരണകൂടത്തിന് ആസൂത്രണം ചെയ്ത് നടപ്പാക്കാവുന്നതാണ്. കേരള സമൂഹത്തില്‍ വായുസഞ്ചാരംപോലെ നിലനിന്നിരുന്ന/ നില്‍ക്കുന്ന ജാതീയതയെ അഡ്രസ്​ ചെയ്തതുകൊണ്ടാണ് 'മീശ'യുമായി ബന്ധപ്പെട്ട് കേരളീയ സവർണ ഹൈന്ദവസമൂഹത്തിലെ ഒരുവിഭാഗം ഇത്രമേല്‍ അസഹിഷ്ണുത പ്രകടിപ്പിച്ചത്.
കാലത്തെ അതിജീവിക്കുന്ന എഴുത്തുകള്‍ക്കെപ്പോഴും ഒരു പ്രതിപക്ഷ സ്വഭാവമുണ്ടാവും. അനുസരണ കാണിച്ചും വാലാട്ടിയും ഒരിടത്തെത്തുക എന്നതല്ല, കുതറിമാറി അനീതിയുടെ കാടുകള്‍ക്ക് തീയിടുക എന്നതാണ് അതി​െൻറ ലക്ഷ്യം. ഈ വിധമുള്ള എഴുത്തി​െൻറ മാത്രമല്ല ജീവിതങ്ങളുടേയും ഭാവിയെപ്പോഴും ആശങ്കാകുലമായിരിക്കും. ആവിഷ്കാര സ്വാതന്ത്ര്യത്തിനൊപ്പം സാമൂഹികനീതിക്കും ജനാധിപത്യമൂല്യങ്ങള്‍ക്കും വേണ്ടി എഴുത്തിലും ജീവിതത്തിലും ആർജവത്തോടെ നിലകൊള്ളുക എന്നതുമാത്രമാണ് പോംവഴി.

രോഗ ദുരിതങ്ങളും സാമ്പത്തിക പ്രതിസന്ധിയും ഭരണകൂട അടിച്ചമർത്തലുകളും നിറഞ്ഞ ഈ കാലത്ത് കവിയായിരിക്കൂക എന്നതി​െൻറ നിർവചനം എന്താണ്?

ഏതുകാലത്തും നിര്‍വചനസാധ്യത പരിമിതമായ മേഖലയിലാണ് കവിതയും കവിയും നില്‍ക്കുന്നതെന്ന് തോന്നുന്നു. കോവിഡ് അനന്തരകാലം ലോകത്തെക്കുറിച്ച് നാളിതുവരെയുണ്ടായിരുന്ന സകലധാരണകളേയും മാറ്റിമറിച്ചു. മുഖംമൂടി വെച്ചവരെ പൊലീസുപിടിക്കുന്ന കാലംമാറി അതുവെക്കാത്തവരെ പിടിക്കുന്ന കാലമായി. മുഖംമൂടി ലോകയൂനിഫോമായി. 'ലോകമേ ക്വാറൻറീ'നായി. 19 എന്നത് ഒരു സംഖ്യ മാത്രമല്ലാതായി. ഇപ്പോള്‍ ലോകത്തിലെ ഏറ്റവും പോപ്പുലറായ വാക്ക് 'കോവിഡ്' ആയിരിക്കും. കവിയും കവിതയും ഇക്കാലത്ത് വ്യത്യസ്തമായി എന്തുചെയ്യാനാണ്? ഏതു കെട്ടകാലത്തും അക്കാലത്തി​െൻറ കവിത ഉണ്ടാകുമെന്നാണല്ലോ പറയുന്നത്.

ആദ്യ സമാഹാരം 'കെണി നിലങ്ങളിൽ' വന്നിട്ട് 16 വർഷങ്ങൾ പിന്നിട്ടിരിക്കുന്നു. മലയാളിയുടെ കാവ്യ സംവേദനത്വത്തെപ്പറ്റി താങ്കൾക്ക് എന്താണ് പറയാനുള്ളത്?

അതിനൊരു പൊതുസ്വഭാവമൊന്നും ഉള്ളതായി തോന്നിയിട്ടില്ല. ലോകകവിത അരച്ചുകലക്കി കുടിച്ച കവിയും 'വീണപൂവെന്ന' പേരില്‍ കവിതയെഴുതുന്ന കവിയുമുണ്ട്. ഇതേവിധം അന്തരമുള്ള കവിത വായനക്കാരുമുണ്ട്. വീട്ടില്‍ പട്ടിയെന്നും സൂര്യനെന്നും വിളിക്കുന്നവരാണെങ്കിലും കവിതയില്‍ ശ്വാനനെന്നും അര്‍ക്കനെന്നും വിളിച്ചുകേള്‍ക്കാന്‍ ആഗ്രഹിക്കുന്നവര്‍ മുതല്‍, ഏതെങ്കിലുമൊരു വാക്ക് ആവര്‍ത്തിച്ചാല്‍പോലും നിശിതവിമര്‍ശനം ഉയര്‍ത്തുന്നവര്‍വരെ കാവ്യാസ്വാദകര്‍ക്കിടയിലുണ്ട്. മലയാളിസമൂഹത്തി​െൻറ കാവ്യസംവേദനത്വം പല അടരുകളോടെ വിവിധ നിലവാരത്തിലുള്ളതാണെന്ന് ചുരുക്കം. എ​െൻറ കവിതകളുടെ കാര്യത്തിലും വായനയുടെ ഈ ബഹുസ്വരത പുലരുന്നതായാണ് തോന്നിയിട്ടുള്ളത്.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:MR renukumar
Next Story