ഇതൊരു തുറന്ന പുസ്തകം
ചക്രവാളങ്ങളെ ചുംബിച്ചുനിൽക്കുന്ന നിരവധി അതിശയങ്ങളുണ്ട് ദുബൈ നഗരത്തിൽ. ഒട്ടുമിക്ക രാജ്യക്കാരും പ്രവാസികളായി താമസിക്കുന്ന ഈ മണ്ണിൽ ലോകത്തെ ഏറ്റവും വലിയ കെട്ടിടമായ ബുർജ് ഖലീഫയടക്കം നിരവധി നിർമിതികളുടെ അത്ഭുതക്കാഴ്ചകളുമുണ്ട്. അക്കൂട്ടത്തിലേക്ക് ഈ വർഷം ജൂണിൽ കണ്ണിചേർക്കപ്പെട്ടതാണ് മുഹമ്മദ് ബിൻ റാഷിദ് ലൈബ്രറി.
പശ്ചിമേഷ്യ-വടക്കനാഫ്രിക്ക മേഖലയിലെ ഏറ്റവും വലിയ ഗ്രന്ഥാലയമാണ് ഇത്. ഏഴുനിലകളിലായി സജ്ജീകരിച്ച ലൈബ്രറിയിൽ 10 ലക്ഷത്തിലധികം പുസ്തകങ്ങളുണ്ട്. ദുബൈയുടെ പ്രകൃതിസൗന്ദര്യമായ ക്രീക്കിന്റെ തീരത്താണ് തുറന്നുവെച്ച പുസ്തക രൂപത്തിൽ ഈ വായനാലോകം പണിതുയർത്തിയത്. 100കോടി ദിർഹം(2100കോടി രൂപ) ആണ് ഇതിന്റെ നിർമാണച്ചെലവ്. ഒരു ദശലക്ഷം സ്ക്വയർ ഫീറ്റിൽ നിർമിച്ച കെട്ടിടത്തിൽ പുസ്തകങ്ങൾക്കു പുറമെ 60ലക്ഷത്തിലേറെ ഗവേഷണ പ്രബന്ധങ്ങളും ഒമ്പത് പ്രത്യേക വിഷയങ്ങളിലെ സബ് ലൈബ്രറികളുമുണ്ട്. പുത്തൻ സാങ്കേതികവിദ്യ ഉപയോഗപ്പെടുത്തി എല്ലാ നവീന സൗകര്യങ്ങളും ഒരുക്കിയ ഇവിടെ ഇ-ബുക്കുകൾ, ഓഡിയോ, വിഡിയോ ബുക്കുകൾ, ബ്രെയ്ലി ബുക്കുകൾ എന്നിവയുടെ ശേഖരവുമുണ്ട്. വിവിധ ഭാഷകളിലെ പൊതുവായ പുസ്തകങ്ങൾക്കു പുറമെ യുവാക്കൾക്കും കുട്ടികൾക്കും പ്രത്യേകമായി വായന സംവിധാനങ്ങളും ഒരുക്കിയിരിക്കുന്നു.
ഇൻഫർമേഷൻ ലൈബ്രറി, ഭൂപട-അറ്റ്ലസ് ലൈബ്രറി, മാധ്യമ-കല ലൈബ്രറി, ബിസിനസ് ലൈബ്രറി, യു.എ.ഇ ലൈബ്രറി, ആനുകാലികങ്ങളുടെ സെഷൻ, പ്രത്യേക ശേഖരങ്ങളുടെ സെഷൻ എന്നിങ്ങനെ ഉപ വിഭാഗങ്ങളിലും പുസ്തകങ്ങൾ സജ്ജീകരിച്ചിട്ടുണ്ട്. 73,000 സംഗീത സ്‌കോറുകൾ, 75,000 വിഡിയോകൾ, കൂടാതെ 325 വർഷത്തെ ഒരു ആർക്കൈവിൽ 5,000ത്തിലധികം ചരിത്രപരമായ പ്രിന്റ്, ഡിജിറ്റൽ ജേണലുകൾ എന്നിവയും ലൈബ്രറിയുടെ ഭാഗമാണ്.
ജൂൺ 16മുതൽ പൊതുജനങ്ങൾക്കായി തുറന്ന ലൈബ്രറിയിലേക്ക് വായനക്കാരുടെ ഒഴുക്കുതന്നെയാണ്. ദുബൈയുടെ മാത്രമല്ല, ഗൾഫിനെ സാംസ്കാരിക ഭൂപടത്തിൽ സുവർണ ഏടുകളിൽ രേഖപ്പെടുത്തപ്പെടുന്ന സാംസ്കാരിക കേന്ദ്രംകൂടിയാണിത്.