മുല്ലനേഴി പുരസ്കാരം സുവീരന്
text_fieldsതൃശൂർ: മുല്ലനേഴി പുരസ്കാരത്തിന് സംവിധായകൻ സുവീരൻ അർഹനായി. 15001 രൂപയും പ്രശസ്തിപത്രവും ആർട്ടിസ്റ്റ് ചിത്രൻ കുഞ്ഞിമംഗലം രൂപകല്പന ചെയ്ത ശില്പവും അടങ്ങുന്ന പുരസ്കാരം ഏർപ്പെടുത്തിയത് മുല്ലനേഴി ഫൗണ്ടേഷനും അവിണിശ്ശേരി സർവ്വീസ് സഹകരണ ബാങ്കും ചേർന്നാണ്.അശോകൻ ചരുവിൽ, പ്രിയനന്ദനൻ,രാവുണ്ണി, ജയൻ കോമ്രേഡ് എന്നിവരടങ്ങിയ സമിതിയാണ് പുരസ്കാര ജേതാവിനെ തിരഞ്ഞെടുത്തത്.
നാടക രചയിതാവ്, സംവിധായകൻ, ചിത്രകാരൻ, ചലച്ചിത്ര സംവിധായകൻ എന്നീ നിലകളിൽ പ്രശസ്തനാണ് സുവീരൻ. ആദ്യമായി സംവിധാനം ചെയ്ത സിനിമ 'ബ്യാരി' ദേശീയ അവാർഡ് ഉൾപ്പെടെ അനേകം അവാർഡുകൾ നേടി. ശ്രദ്ധേയങ്ങളായ അമ്പതിലേറെ നാടകങ്ങൾ സംവിധാനം ചെയ്തു.
സ്കൂൾ വിദ്യാർഥികളായ കവികളെ പ്രോത്സാഹിപ്പിക്കുന്നതിനായി ഏർപ്പെടുത്തിയ മുല്ലനേഴി സ്മാരക വിദ്യാലയ കാവ്യപ്രതിഭാ പുരസ്കാരത്തിന് ഹിരണ്മയി ഹേമന്ദ് (കഞ്ചിക്കോട് കേന്ദ്രീയ വിദ്യാലയം, പാലക്കാട്), സി. നാഷ (ഗവ. ഹയർ സെക്കൻ്ററി സ്കൂൾ, കാസർഗോഡ്), നിസ്വന എസ് പ്രമോദ് (മമ്പറം ഗവ. ഹയർ സെക്കൻ്ററി സ്കൂൾ, കണ്ണൂർ), ഭദ്ര എസ് (വരടിയം ഗവ. യു പി സ്കൂൾ തൃശൂർ), അപർണ്ണാ രാജ് ( പാളയംകുന്ന് ഗവ. ഹയർ സെക്കൻ്ററി സ്കൂൾ, തിരുവനന്തപുരം) എന്നിവർ അർഹരായി. കവികളായ പ്രമീളാദേവി, ദർശന, വർഗ്ഗീസാൻ്റണി എന്നിവരാണ് ജേതാക്കളെ തെരഞ്ഞെടുത്തത്. രണ്ടായിരത്തി അഞ്ഞൂറു രൂപയുടെ വീതം പുസ്തകങ്ങളും പ്രശസ്തിപത്രവുമാണ് സമ്മാനം.
മുല്ലനേഴി പുരസ്കാരം ഒക്ടോബർ 21ന് സാഹിത്യ അക്കാദമിയിൽ നടക്കുന്ന മുല്ലനേഴി ഓർമ്മദിനാഘോഷത്തിൽ അശോകൻ ചരുവിൽ സമർപ്പിക്കും. വിദ്യാലയ കാവ്യ പ്രതിഭാ പുരസ്കാരങ്ങൾ രാവുണ്ണി വിതരണം ചെയ്യും. വിജേഷ് എടക്കുന്നിയുടെ അധ്യക്ഷതയിൽ ചേരുന്ന കവിസമ്മേളനം ഏങ്ങണ്ടിയൂർ ചന്ദ്രശേഖരൻ ഉദ്ഘാടനം ചെയ്യും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.