മുതുവാൻ വിഭാഗം കുട്ടികളുടെ ഭാഷാപഠനം സുഗമമാക്കാൻ 'പഠിപ്പുറുസ്സി'
text_fieldsതൊടുപുഴ: മുതുവാൻവിഭാഗം കുട്ടികളുടെ ഭാഷാപഠനം എളുപ്പമാക്കാൻ ഭാഷാ പാക്കേജ് ഒരുങ്ങി. സമഗ്ര ശിക്ഷ കേരളയുടെ നേതൃത്വത്തിൽ 'പഠിപ്പുറുസ്സി' എന്ന പേരിലാണ് പാക്കേജ് തയാറാക്കിയിരിക്കുന്നത്. പഠനത്തിന്റെ രുചി നുകരുക എന്നതാണ് ഈ പേരുകൊണ്ട് ഉദ്ദേശിക്കുന്നത്. തനത് സംസ്കാരവും ഭാഷയും ഉള്ള മുതുവാൻ വിഭാഗം കുട്ടികൾക്ക് ക്ലാസ് റൂം പ്രവർത്തനങ്ങളിലടക്കമുള്ള ഭാഷാ തടസ്സങ്ങൾ ബുദ്ധിമുട്ട് സൃഷ്ടിച്ചിരുന്നു. ഇതുമൂലം താഴ്ന്ന ക്ലാസുകളിൽ ഭാഷാശേഷി ഉറപ്പാക്കാനാവാതെ വരുകയും കുട്ടികളിൽ പഠന പിന്നാക്കാവസ്ഥ ഉണ്ടാകുകയും ചെയ്തിരുന്നു. കുട്ടികളുടെ ഭാഷാപരമായ ഈ പിന്നാക്കാവസ്ഥ പരിഹരിച്ച് തനത് ഭാഷാ സംസ്കാരം കൂടി ഉൾച്ചേർത്ത ക്ലാസുകളാണ് പാക്കേജിന്റെ ഭാഗമായി തയാറാക്കുന്നത്. ഇതിന്റെ ഭാഗമായി 15 ദിവസം രണ്ടുമണിക്കൂർ വീതം കുട്ടികൾക്ക് പ്രത്യേക പരിശീലനം നൽകും.
ഇടമലക്കുടി ഗവ. എൽ.പി സ്കൂൾ ഉൾപ്പെടെ ആറ് വിദ്യാലയങ്ങളിൽ സെപ്റ്റംബർ 21 മുതലാണ് ഒന്നാംഘട്ട പദ്ധതി നടപ്പിൽ വരുന്നത്. നിർമാണ പ്രവർത്തനങ്ങൾക്കും രചനകൾക്കും പ്രാധാന്യം നൽകി ഉല്ലാസത്തോടെ ഭാഷാപഠനത്തിൽ ഏർപ്പെടുന്ന രീതിയിലാണ് മൊഡ്യൂൾ തയാറാക്കിയിരിക്കുന്നത്. ഏറെക്കാലമായി ഭാഷ സംബന്ധമായി ഇടമലക്കുടിയിലടക്കം നിലനിന്നിരുന്ന വിദ്യാഭ്യാസ പ്രതിസന്ധിയെ മറികടക്കലും പാക്കേജിന്റെ ലക്ഷ്യമാണ്. ഗോത്രനിവാസികളായ കുട്ടികളുമായുള്ള ആശയവിനിമയത്തിലെ വിടവായിരുന്നു ഇടമലക്കുടിയടക്കമുള്ള സ്കൂളുകളിലെ പ്രധാന വെല്ലുവിളി. മാതൃഭാഷ മലയാളമാണെങ്കിലും മുതുവാന്‍ സമുദായക്കാരായ കുട്ടികള്‍ വിദ്യാലയത്തില്‍ എത്തുമ്പോള്‍ മാത്രമേ മലയാള അക്ഷരങ്ങള്‍ കേട്ട് തുടങ്ങൂ. കുട്ടികള്‍ പറയുന്നത് അധ്യാപകര്‍ക്കോ അധ്യാപകര്‍ പറയുന്നത് കുട്ടികള്‍ക്കോ മനസ്സിലാകാതെ വരുന്ന സാഹചര്യവുമുണ്ട്. പുസ്തകങ്ങൾ മലയാളത്തിൽ വായിക്കാനടക്കം കുട്ടികൾ ബുദ്ധിമുട്ട് നേരിടുന്ന സാഹചര്യത്തിൽ മുതുവാൻ ഭാഷയിലൂടെ തുടങ്ങി ഭാഷ പഠിപ്പിച്ചെടുക്കുന്ന വിധത്തിലാണ് പാക്കേജ് സജ്ജമാക്കിയിരിക്കുന്നത്.
20 കുട്ടികളടങ്ങുന്ന മൂന്ന് ബാച്ചിനാണ് ആദ്യ ഘട്ടത്തിൽ ക്ലാസെടുക്കുന്നത്. എസ്.എസ്.കെ പരിശീലകരും മുതുവാൻഭാഷ പഠിച്ചവരുമടക്കം ക്ലാസുകളിൽ എത്തും. ഘട്ടംഘട്ടമായി ഭാഷാപഠനം എളുപ്പത്തിലും വേഗത്തിലാക്കാനും ഭാഷാ പാക്കേജിലൂടെ കുട്ടികൾക്ക് കഴിയുമെന്നാണ് അധികൃതർ ചൂണ്ടിക്കാട്ടുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.