നഫീസക്ക് അത്രമേൽ മധുരമാണ് വൈകി നുകർന്ന അക്ഷരപ്പൊട്ടുകൾ
text_fieldsകണ്ണൂർ: ആദ്യക്ഷര മധുരം നുകർന്നത് വയസ്സ് 70 പിന്നിട്ട ശേഷം. അന്നുമുതൽ അക്ഷരങ്ങളാണ് കൂട്ട്. ഇപ്പോൾ വയസ്സ് 96. വാർധക്യത്തിെൻറ അവശതകളിലും നിത്യകർമങ്ങളിൽ മുടങ്ങാതെ തുടരുന്ന ഒന്ന് വായനയാണ്. ഇത് കണ്ണൂർ ഒണ്ടേൻ റോഡിൽ മറിയ വില്ലയിൽ നഫീസ. അവരുടെ വായന മേശയിൽ വൈക്കം മുഹമ്മദ് ബഷീർ മുതൽ ബെന്യാമിൻ വരെയുള്ളവരുടെ പുസ്തകങ്ങൾ, ദിനപത്രങ്ങൾ, മാഗസിനുകൾ...... അങ്ങനെ എല്ലാമുണ്ട്.
കുട്ടിക്കാലത്ത് സ്കൂളിലൊന്നും പോയി പഠിക്കാൻ കഴിഞ്ഞിട്ടില്ലെന്ന് കക്കാട് തച്ചങ്കണ്ടി പുതിയപുരയിൽ കുടുംബാംഗമായ നഫീസ പറയുന്നു. പെൺകുട്ടികൾ പഠിക്കാൻ പോകുന്നത് അപൂർവമായ കാലമായിരുന്നു അത്. മദ്റസയിൽനിന്ന് കിട്ടിയ അൽപം അറബിയും ഉർദുവും മാത്രം. ബാല്യത്തിലും കൗമാരത്തിലും യൗവനത്തിലും അന്യമായിരുന്ന അക്ഷരങ്ങൾ നഫീസുമ്മയെ തേടിയെത്തിയത് നന്നേ വൈകിയാണ്. ഖുർആൻ അർഥമറിഞ്ഞ് പഠിക്കാനുള്ള ആഗ്രഹമാണ് വഴിത്തിരിവായത്.
അതിനായി മലയാള അക്ഷരങ്ങൾ പഠിച്ചെടുക്കാൻ ശ്രമം തുടങ്ങുേമ്പാൾ ആയുസ്സിൽ നല്ലകാലമെന്ന് പറയാനുള്ള ഏഴു പതിറ്റാണ്ടുകൾ കടന്നുപോയിരുന്നു. സമപ്രായക്കാർ വാർധക്യത്തിെൻറ ആകുലതകൾ പങ്കുവെച്ചപ്പോൾ നഫീസുമ്മ അകാരവും മകാരവും ഹൃദയത്തിലെഴുതി പഠിക്കുകയായിരുന്നു. മക്കളുടെയും പേരക്കുട്ടികളുടെയും സഹായത്തോടെ അക്ഷരങ്ങൾ സ്വായത്തമാക്കിയ നഫീസയുടെ ആഗ്രഹത്തിനൊപ്പം കാലവും കണ്ണായി കൂടെനിന്നു. 96ാം വയസ്സിലും പത്രം വായിക്കാൻ നഫീസക്ക് കണ്ണട ആവശ്യമില്ല!
മൊബൈൽ സ്ക്രീനിന് മുന്നിൽ തലപൂഴ്ത്തിനിൽക്കുന്ന പുതുതലമുറയെക്കുറിച്ച് അൽപം ആശങ്കയുമുണ്ട് ഇവർക്ക്. പത്രങ്ങൾ പോലും മറിച്ചുനോക്കാത്ത ഈ കുട്ടികൾക്ക് എന്തുപറ്റിയെന്ന് ഇവർ ചോദിക്കുന്നു. ഏറ്റവും ഇഷ്ടം എന്തെന്ന ചോദ്യത്തിന് അവർക്ക് ഉത്തരം ഒന്നേയുള്ളൂ, അത് വായനയാണ്.
പുസ്തകവും പത്രവും കൈയിലിരിക്കുന്ന നേരമാണ് തനിക്ക് ഏറ്റവും ആനന്ദകരമായതെന്ന് അവർ പറയുന്നു. അക്ഷരങ്ങളിൽ നിന്നകന്നുപോയ കൗമാര- യൗവനകാലമോർത്ത് നഷ്ടബോധമുണ്ട്. എങ്കിലും നിരാശയില്ല. വൈകിയെങ്കിലും തുറന്നുകിട്ടിയ അറിവിെൻറ ലോകത്തുനിന്ന് ആവുന്നിടത്തോളം നേടിയെടുക്കാനുള്ള ആഗ്രഹമാണ് മുന്നോട്ടുനയിക്കുന്നത്. അതേ, നവതിയിലും വായനയുടെ വസന്തം ആസ്വദിക്കുകയാണ് നഫീസ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.