‘നാലുകെട്ടി’ലെ കഥാപാത്രം യൂസഫ് ഓര്‍മയായി
text_fieldsആനക്കര: എം.ടി. വാസുദേവന്‍ നായരുടെ പ്രിയ സുഹൃത്തും ‘നാലുകെട്ടി’ലെ കച്ചവടക്കാരനായ കഥാപാത്രത്തിന് പ്രേരണയുമായ കൂടല്ലൂര്‍ പുളിക്കല്‍ യൂസഫ് ഹാജി (95) ഓർമയായി. അയല്‍വാസികളെന്നതിലപ്പുറം വലിയ സൗഹൃദമായിരുന്നു ഇരുവരും തമ്മിൽ. 1948ലാണ് യൂസഫ് കൂട്ടക്കടവില്‍ വ്യാപാരസ്ഥാപനം തുടങ്ങിയത്. അക്കാലത്ത് കുമരനെല്ലൂര്‍ ഹയര്‍സെക്കൻഡറി സ്കൂളില്‍ ഏഴാംതരം വിദ്യാർഥിയായിരുന്ന എം.ടി യൂസഫിന്‍റെ കടയിൽ പതിവായെത്താറുണ്ടായിരുന്നു.
കച്ചവടത്തിലെ നിപുണത കഥാകാരനെ ഏറെ ആകര്‍ഷിക്കുകയും ‘നാലുകെട്ടി’ല്‍ യൂസഫിനെ കഥാപാത്രമാക്കുകയുമായിരുന്നു. മറ്റു കഥകളിലും ചെറിയഭാഗങ്ങളിൽ ഇദ്ദേഹം കടന്നുവന്നു. തൃശൂരില്‍ ‘നാലുകെട്ടി’ന്‍റെ 50ാം വാര്‍ഷികത്തില്‍ യൂസഫിന് സ്വീകരണം നല്‍കിയിരുന്നു.
എം.ടിയുടെ കഥാപാത്രങ്ങളായിരുന്ന പകിടകളിക്കാരന്‍ കോന്തുണ്ണി കുറുപ്പും അപ്പുണ്ണിയും കടത്തുകാരന്‍ കുഞ്ഞയമ്മദുമെല്ലാം ഇതിനകം വിടപറഞ്ഞിരുന്നു. പലചരക്കും സ്റ്റേഷനറിക്കച്ചവടവും അവസാനകാലത്തും നോക്കിനടത്തിയിരുന്ന യൂസഫ് കൂടല്ലൂരിലെ സാമൂഹിക, രാഷ്ട്രീയരംഗത്തും നിറസാന്നിധ്യമായിരുന്നു. ഭാര്യ: ഫാത്തിമ. മക്കൾ: അബ്ദുൽ ജബ്ബാർ, ഷൗക്കത്ത്, അബ്ദുൽ ജമാൽ, അബ്ദുൽ നാസർ, കുഞ്ഞുകുട്ടി, അബ്ദുൽ ജലീൽ, സുബൈദ, ഹഫ്സ, റംല. മരുമക്കൾ: കുഞ്ഞുമുഹമ്മദ്, അബ്ദുൽ ജലീൽ പൊന്നേരി, അലി നാലകത്ത്, ജമീല, സുബൈദ, ഖൈറുന്നീസ, ഷെമീറ, സുഹറ, ഷെറീന. ഖബറടക്കം ശനിയാഴ്ച രാവിലെ ഒമ്പതിന് കൂടല്ലൂർ ജുമാ മസ്ജിദ് ഖബർസ്ഥാനിൽ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.