സതീഷ് ബാബു പയ്യന്നൂർ കണ്ടിട്ടില്ലാത്ത ആ പുസ്തകം പുറത്തിറങ്ങി: ആമുഖ കുറിപ്പിൽ കയ്യൊപ്പ് മാത്രമായി
text_fieldsഎഴുത്തിനെ സ്നേഹിച്ച സതീഷ് ബാബു പയ്യന്നൂരിെൻറ "മഴയിലുണ്ടായ മകളും മറ്റു മഴക്കഥകളും" എന്ന കഥാസമാഹാരം വായനക്കാരനിലേക്ക്. ഇക്കഴിഞ്ഞ നവംബർ 24നാണ് സതീഷ് ബാബുവിനെ തെൻറ ഫ്ലാറ്റിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. കഴിഞ്ഞ ദിവസമാണ് അദ്ദേഹം ഏറെ കൊതിച്ച തന്റെ പുതിയ സമാഹാരം പുറത്തിറങ്ങിയത്. തൃശ്ശൂർ എച്ച് & സി. ബുക്സാണ് പ്രസാധകർ. ആമുഖമെഴുതി പ്രസാധകന് കൊടുക്കും മുമ്പാണ് കഥാകാരൻ വിടവാങ്ങുന്നത്. ഒഴിച്ച ആമുഖ പേജിലിപ്പോൾ എഴുത്തുകാരെൻറ പേരും കയ്യൊപ്പും മാത്രം. ഇതെകുറിച്ച് എഴുത്തുകാരൻ എൻ.ഇ. സുധീർ എഴുതിയ കുറിപ്പ് ശ്രദ്ദേയാണ്. ബാബു കണ്ടിട്ടില്ലാത്ത ബാബുവിന്റെ പുസ്തകം കയ്യിൽ വന്നപ്പോൾ മനസ്സിലൊരു നീറ്റൽ. അതിലെ ഒരു പേജിലാകെ ശൂന്യത തളംകെട്ടി നിൽക്കുന്നു. കഥാകൃത്തിന്റെ ആമുഖക്കുറിപ്പിനായുള്ള പേജായിരുന്നു അത്. ആമുഖമെഴുതി പ്രസാധകന് കൊടുക്കും മുമ്പാണ് ബാബുവിെൻറ ജീവൻ അപ്രതീക്ഷിതമായി നിലച്ചതെന്ന് ഫേസ് ബുക്കിലിട്ട കുറിപ്പിൽ എഴുതുന്നു.
കുറിപ്പിെൻറ പൂർണരൂപം:
ബാബു കണ്ടിട്ടില്ലാത്ത ബാബുവിന്റെ പുസ്തകം കയ്യിൽ വന്നപ്പോൾ മനസ്സിലൊരു നീറ്റൽ. അതിലെ ഒരു പേജിലാകെ ശൂന്യത തളംകെട്ടി നിൽക്കുന്നു. കഥാകൃത്തിന്റെ ആമുഖക്കുറിപ്പിനായുള്ള പേജായിരുന്നു അത്. ആമുഖമെഴുതി പ്രസാധകന് കൊടുക്കും മുമ്പാണ് ബാബുവിന്റെ ജീവൻ അപ്രതീക്ഷിതമായി നിലച്ചത്.
ആമുഖം ബാക്കി വെച്ചുള്ള മടക്കം. എന്നിട്ടും പ്രസാധകരായ എച്ച് & സി ബുക്സ് ആ പേജിനെ നിലനിർത്തി. പേജിന്റെ മുകളിൽ ആമുഖം എന്നെഴുതി ഏറ്റവും താഴെയായി ബാബുവിന്റെ കയ്യൊപ്പോടെ 'സ്നേഹാശംസകളോടെ' എന്നും കുറിച്ചു.
അവരുടെ ഈ തീരുമാനത്തോട് ഞാൻ ആദരവോടെ നന്ദി പറയുന്നു. ആ പേജിലെ ശൂന്യതയിൽ ഞാനെന്റെ ചങ്ങാതിയുടെ മനസ്സ് കാണുന്നു.
ഓരോ പുസ്തകവും പുറത്തു വരുമ്പോൾ ബാബു സന്തോഷം കൊണ്ട് തുള്ളിച്ചാടും. വലിയ ആവേശത്തോടെ ഞങ്ങളെയൊക്കെ വിവരം വിളിച്ചു പറയും. പുസ്തകം അയച്ചു തരും. ഇനിയതൊന്നുമില്ല. ബാബുവിന് വേണ്ടി ആ കഥകൾ തന്നെ സംസാരിക്കണം. 'മഴയിലുണ്ടായ മകൾ' ബാബുവിനേറെ പ്രിയപ്പെട്ട കഥയാണ്. ആ പേരിൽ ഒരു സമാഹാരം മുമ്പ് ഇറക്കിയിരുന്നു. അതിനോട് മറ്റു ചില മഴക്കഥകൾ കൂടി ചേർത്താണ് ഈ പുതിയ സമാഹാരം. "മഴയിലുണ്ടായ മകളും മറ്റു മഴക്കഥകളും". (എച്ച് & സി. ബുക്സ് - തൃശ്ശൂർ) ബാബു ഇപ്പോഴും എന്നെ വിളിക്കാറുണ്ട് എന്നു തന്നെയാണ് ഞാൻ കരുതുന്നത്. ഈ സമാഹാരം പുറത്തിറങ്ങിയ വിവരം വിളിച്ചു പറയുവാൻ ബാബു വെമ്പൽ പൂണ്ടിരിക്കുന്നത് ഞാനറിയുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.