നിങ്ങളെന്നെ കമ്മ്യുണിസ്റ്റാക്കി @70
text_fields"നിങ്ങളെന്നെ കമ്മ്യുണിസ്റ്റാക്കി " - കേരളചരിത്രത്തിലെ ഒരു നാഴികക്കല്ലായ ഈ നാടകം സപ്തതിയുടെ നിറവിൽ. ചവറ എന്ന ഗ്രാമത്തിലെ ഓലമറച്ചുകെട്ടിയ സുദർശന എന്ന കൊട്ടകയിലായിരുന്നു ആദ്യ പ്രദർശനം. സംഘർഷമുണ്ടാകുമെന്നു പ്രതീക്ഷിച്ചു വലിയ പൊലീസ് സന്നാഹമുണ്ടായിരുന്നു. പക്ഷേ, നാടകം കഴിഞ്ഞപ്പോൾ എതിർക്കാൻ വന്നവരും നിശ്ശബ്ദരായിപ്പോയെന്നാണ് പറയുന്നത്. അഞ്ചുമണിക്കൂർ ദൈർഘ്യമുണ്ടായിരുന്ന നാടകം പിൽക്കാലത്ത് രണ്ടേകാൽ മണിക്കൂറായി.
25 ഗാനങ്ങളായിരുന്നു ആദ്യപ്രദർശനത്തിന് അവതരിപ്പിച്ചത്. നിലവിലുണ്ടായിരുന്ന രീതികൾ മാറ്റിമറിച്ചു നാടകാവതരണത്തിലും സംഗീതത്തിലും പുതിയ മാതൃകകൾ തീർത്ത നാടകമായിരുന്നു നിങ്ങളെന്നെ കമ്മ്യുണിസ്റ്റാക്കി. ''പൊന്നരിവാളമ്പിളിയില് കണ്ണെറിയുന്നോളേ ആ മരത്തിൻ പൂന്തണലില് വാടിനിൽക്കുന്നോളേ..''......ഈ വരികൾ കേരളമാകെ അലയടിച്ചു. വെള്ളാരംകുന്നിലെ... പൊന്മുളം കാറ്റിലെ... എന്ന ഗാനവും നാട് ഏറ്റുപാടി. നേരംപോയ് നേരം പോയ് എന്ന ഗാനം അവസാനിക്കുന്നത് 'നമ്മള് കൊയ്യും വയലെല്ലാം നമ്മുടെതാകും പൈങ്കിളിയെ" എന്ന പ്രസിദ്ധമായ വരികളിലായിരുന്നു. ഈ നാടകവുമായി ബന്ധപ്പെട്ടവരെല്ലാം മണ്മറഞ്ഞു (ഓ മാധവന്റെ പത്നി ശ്രീമതി വിജയകുമാരി ഒഴികെ). രണ്ടു ചെറുപ്പക്കാരുടെ കന്നിസംരംഭമായ ഇതിലെ ഗാനങ്ങൾ മാത്രം ഏഴു പതിറ്റാണ്ടുകൾക്കിപ്പുറവും ജനഹൃദയങ്ങളിൽ പതിഞ്ഞു കിടക്കുന്നുവെന്നതാണ് ഏറെ സവിശേഷത. പുതിയകാലം നവീന ഭാവങ്ങളുൾക്കൊണ്ടു അവ ഏറ്റുപാടുന്നു എന്നതും ശ്രദ്ധേയമാണ്. ഒ.എൻ.വി ജി. ദേവരാജൻ കൂട്ടുക്കെട്ട് ഒരുക്കിയ ഗാനങ്ങൾ നാടകത്തിന്റെ നെടുംതൂണായി അന്നും ഇന്നും തുടരുന്നു.
1949 ഡിസംബർ 31-ന് ശൂരനാട്ട് കാർഷകസമരം നടന്നു. ഇതിൽ പങ്കെടുത്തില്ലെങ്കിലും തോപ്പിൽ ഭാസിയെ പോലീസ് പ്രതിയാക്കി. അദ്ദേഹം ഒളിവിൽപ്പോയി. നേരത്തേ 'മുന്നേറ്റം' എന്നൊരു നാടകം ഭാസി എഴുതിയിരുന്നു. സോമൻ എന്ന പേരിൽ. പിന്നീടിത് നിങ്ങളെന്നെ കമ്യൂണിസ്റ്റാക്കി എന്ന പേരിൽ അദ്ദേഹംതന്നെ വിപുലീകരിച്ചു. എൻ. ശ്രീധരനും കേശവൻപോറ്റിയും ശങ്കരനാരായണൻ തമ്പിയും ചേർന്ന് പ്രസിദ്ധീകരിക്കാൻ മുൻകൈയെടുത്തു. ഇതു വിറ്റ് കേസ് നടത്താമെന്നാണ് വിചാരിച്ചത്.
1950-ൽ ജി. ജനാർദനക്കുറുപ്പ്, പുനലൂർ രാജഗോപാലൻ നായർ എന്നിവരൊക്കെ ചേർന്ന് കേരള പീപ്പിൾസ് ആർട്സ് ക്ലബ്ബ് (കെ.പി.എ.സി.) രൂപവത്കരിച്ചു. 'എന്റെ മകനാണ് ശരി' എന്ന ആദ്യനാടകം വിജയംനേടിയില്ല. 1951-ൽ ഒളിവിലിരിക്കെ ഈ നാടകം കാണാൻ നാടകസംഘത്തിലെ ഒരാളെപ്പോലെ തോപ്പിൽ ഭാസി കുണ്ടറയിലെത്തി. ആദ്യനാടകം പരാജയപ്പെട്ടതോടെയാണ് നിങ്ങളെന്നെ കമ്യൂണിസ്റ്റാക്കി നാടകമാക്കിക്കൂടേയെന്ന ചിന്തയുണ്ടായത്. സ്റ്റേജിൽ അവതരിപ്പിക്കാനായി ചില്ലറ മാറ്റങ്ങൾ വരുത്താൻ ഭാസി സമ്മതിച്ചു. കൊടാകുളങ്ങര വാസുപിള്ള എന്നൊരു ജന്മിയാണ് റിഹേഴ്സലിനുള്ള സൗകര്യങ്ങൾ ചെയ്തുകൊടുത്തത്. 8000-ഓളം വേദികളിൽ നാടകം അവതരിപ്പിച്ചെന്നാണ് കണക്ക്. ഈ നാടകം കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ വളർച്ചയ്ക്ക് ഏറെ ഗുണം ചെയ്തുവെന്നാണ് വിലയിരുത്തൽ. നാമാരെയും കമ്യൂണിസ്റ്റാക്കിയില്ല, നമ്മളൊട്ടായതുമില്ല എന്ന വിമർശനം ഉന്നയിച്ച് സിവിക് ചന്ദ്രൻ എഴുതിയ ``നിങ്ങളാരെ കമ്മ്യൂണിസ്റ്റാക്കി' എന്ന നാടകവും ഇന്ന് രാഷ്ട്രീയചരിത്രത്തിന്റെ ഭാഗമാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.