കുഞ്ഞുചിമിഴിൽ ഒരു സാഗരജീവിതം
text_fieldsകവിയും നോവലിസ്റ്റും വിവർത്തകനുമായ വേണു വി. ദേശത്തിൽനിന്ന് മറ്റൊരു പുസ്തകം, ‘നിത്യാനുരാഗി’. ഒരു ലഘു ജീവചരിത്രനോവൽ. മലയാള സാഹിത്യത്തെ അത്രമാത്രം സമ്പന്നമാക്കിയ ഖലീൽ ജിബ്രാന്റെ ജീവചരിത്രം സമ്പൂർണമായി നമുക്ക് ലഭിച്ചിട്ടില്ല എന്നാണ് അറിവ്. ഒരളവുവരെ ആ ഒഴിവ് നികത്താൻ സഹായിക്കുന്ന സർഗാത്മകസൃഷ്ടിയാണ് ഈ നോവൽ.
ഖലീൽ ജിബ്രാൻ എന്ന അതുല്യ പ്രതിഭയുടെ പല കൃതികളും മലയാളത്തിലേക്ക് പരിഭാഷപ്പെടുത്തിയ വേണു വി. ദേശത്തിൽനിന്ന് അങ്ങനെ ഒരു കൃതി നമുക്ക് ലഭിക്കുമ്പോൾ സ്വാഭാവികമായും ഉണ്ടാകാവുന്ന ഒരു പ്രതീക്ഷയുണ്ട്. ആ പ്രതീക്ഷയെ സഫലീകരിക്കുന്ന രീതിയിൽ അത്രമാത്രം കാവ്യാത്മകമായാണ് ഈ രചന നടത്തിയിരിക്കുന്നത്.
ഖലീൽ ജിബ്രാന്റെ ജീവിതത്തെ പുൽകിനിന്നിരുന്ന വൈകാരികപ്രപഞ്ചത്തെ, പ്രത്യേകിച്ച് അദ്ദേഹം കടന്നുപോകേണ്ടി വന്ന സ്ത്രീസൗഹൃദങ്ങളെ അതിഭാവുകത്വമില്ലാതെ, എന്നാൽ ഹൃദയസ്പർശിയായി അവതരിപ്പിക്കാൻ രചയിതാവിന് കഴിഞ്ഞിട്ടുണ്ട്.
ഒറ്റയിരിപ്പിൽ വായിച്ചുതീരുന്ന പുസ്തകം. എന്നാൽ ആ വായന നമ്മുടെ നെഞ്ചിൽ നിറക്കുന്ന വിങ്ങൽ അത്ര പെട്ടെന്ന് വിട്ടൊഴിയില്ല. അത്ര സങ്കീർണമായ ജീവിതമായിരുന്നല്ലോ ജിബ്രാന്റേത്. ആ നോവും നിലാവും തന്റെ കാവ്യഭാഷയിലൂടെ ഹൃദ്യമായിതന്നെ വേണു വി. ദേശത്തിന് ആവിഷ്കരിക്കാനായിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.