എൻ.എൻ. പിള്ള പുരസ്കാരം സുരാജ് വെഞ്ഞാറമൂടിന്
text_fieldsകാസര്‍കോട്: നാടകാചാര്യന്‍ എന്‍.എന്‍. പിള്ളയുടെ പേരില്‍ മാണിയാട്ട് കോറസ് കലാസമിതി ഏര്‍പ്പെടുത്തിയ സിനിമാ രംഗത്തെ സമഗ്ര സംഭാവനക്കുള്ള ഈ വര്‍ഷത്തെ പുരസ്‌കാരം സുരാജ് വെഞ്ഞാറമൂടിന്. നാടക രംഗത്തെ സമഗ്ര സംഭാവന പുരസ്‌കാരം സതീഷ് സംഘമിത്രക്കും നല്‍കുമെന്ന് എന്‍.എന്‍ പിള്ളയുടെ മകനും നടനുമായ വിജയരാഘവന്‍ കാസര്‍കോട് പ്രസ് ക്ലബ്ബില്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.
കലാസമിതി സംഘടിപ്പിക്കുന്ന എന്‍.എന്‍. പിള്ള സ്മാരക സംസ്ഥാന പ്രൊഫഷണല്‍ നാടക മത്സരത്തിന്റെ ഭാഗമായി നവംബര്‍ 14ന് അവാര്‍ഡ് വിതരണം ചെയ്യും.
നവംബര്‍ 14 മുതല്‍ 23 വരെ എന്‍.എന്‍ പിള്ള സ്മാരക സംസ്ഥാന പ്രൊഫഷണല്‍ നാടക മത്സരം മാണിയാട്ട് നടക്കും. മന്ത്രി എം.ബി രാജേഷ്, മുന്‍ മന്ത്രി ഇ.പി ജയരാജൻ തുടങ്ങിയവര്‍ പങ്കെടുക്കും.
ഒമ്പതു ദിവസങ്ങളിലായി സംസ്ഥാനത്തെ 10 പ്രമുഖ നാടക സമിതികള്‍ മത്സരത്തില്‍ പങ്കെടുക്കും. നാടക ജ്യോതി പ്രയാണം, സമൂഹസദ്യ, കളിവിളക്ക് തെളിയിക്കല്‍ എന്നിവയും ഉണ്ടാവും. വിജയരാഘവന്‍, പി.വി കുട്ടന്‍, ജിനേഷ് കുമാര്‍ എരമം, ടി.വി ബാലന്‍ എന്നിവരടങ്ങുന്ന പാനലാണ് അവാര്‍ഡ് ജേതാക്കളെ തെരഞ്ഞെടുത്തത്.
വാര്‍ത്താ സമ്മേളനത്തില്‍ പി.വി കുട്ടന്‍, ടി.വി ബാലന്‍, ടി.വി നന്ദകുമാര്‍, ഇ. രാഘവന്‍ മാസ്റ്റര്‍, സി. നാരായണന്‍, എ.വി പ്രമോദ്, ഇ. ഷിജോയ്, തമ്പാന്‍ കീനേരി, കെ. സഹജന്‍ എന്നിവരും പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.