'വികാരം വ്രണപ്പെടുന്നെങ്കിൽ വേറെ വല്ല പുസ്തകവും വായിക്കൂ..'; സൽമാൻ ഖുർഷിദിന്‍റെ പുസ്തകം നിരോധിക്കില്ല, ഹരജി തള്ളി ഡൽഹി ഹൈകോടതി
text_fieldsന്യൂഡൽഹി: കോൺഗ്രസ് നേതാവ് സൽമാൻ ഖുർഷിദ് രചിച്ച പുസ്തകം നിരോധിക്കണമെന്ന് ആവശ്യപ്പെട്ട് ഡൽഹി ഹൈകോടതിയിൽ സമർപ്പിച്ച ഹരജി തള്ളി. ആയോധ്യ വിധിയുടെ അടിസ്ഥാനത്തിൽ തയാറാക്കിയ 'സൺറൈസ് ഓവർ അയോധ്യ: നേഷൻ ഹുഡ് ഇൻ അവർ ടൈംസ്' എന്ന പുസ്തകത്തിന്‍റെ വിൽപന, പ്രചാരം, അച്ചടി എന്നിവ നിരോധിക്കണമെന്ന് ആവശ്യപ്പെട്ടാണ് ഡൽഹി ഹൈകോടതിയിൽ ഹരജി സമർപ്പിച്ചത്.
ബി.ജെ.പി പ്രവർത്തകരും അഭിഭാഷകരുമായ വിനോദ് ജിൻഡാൽ, രാജ് കിഷോർ എന്നിവർ സമർപ്പിച്ച ഹരജിയാണ് തള്ളിയത്. സാമാധാനത്തെ നശിപ്പിക്കുന്നതാണ് പുസ്തകം എന്നായിരുന്നു അഭിഭാഷകരുടെ വാദം. ശക്തമായ ഹിന്ദുത്വ വാദത്തിനെയും തീവ്ര മുസ് ലിം വിഭാഗങ്ങളായ ഐ.എസ്, ബൊക്കോഹറാം പോലുള്ള സംഘടനകളേയും തമ്മിൽ താരതമ്യപ്പെടുത്തുന്നു എന്നതായിരുന്നു അഭിഭാഷകർ ഉന്നയിച്ച വാദം.
എന്നാൽ, 'ജനങ്ങളോട് ആ പുസ്തകം വായിക്കേണ്ടെന്ന് പറയൂ' എന്നാണ് കോടതി നിർദേശിച്ചത്. 'മറ്റേതെങ്കിലും നല്ല പുസ്തകം വാങ്ങി വായിച്ചാൽ മതിയെന്ന് അവരോട് പറയൂ. അവരെ ആരും ഈ പുസ്തകം തന്നെ വാങ്ങിക്കണമെന്ന് നിർബന്ധിക്കുന്നില്ലല്ലോ. നിങ്ങളുടെ വികാരങ്ങളെ വ്രണപ്പെടുത്തുന്നുണ്ട് എങ്കിൽ അതിലും മികച്ച മറ്റെന്തെങ്കിലും നിങ്ങൾക്ക് വായിക്കാം'' എന്നും കോടതി പറഞ്ഞു.
ഹിന്ദുസേന പ്രസിഡന്‍റ് വിഷ്ണു ഗുപ്ത നൽകിയ ഹരജിയിൽ നേരത്തേ ഡൽഹി കോടതി പുസ്തകം നിരോധിക്കണമെന്ന ആവശ്യം നിരസിച്ചിരുന്നു. പുസ്തകത്തിൽ പറഞ്ഞ കാര്യങ്ങൾ രാജ്യത്ത് വർഗീയ കലാപങ്ങൾക്ക് കാരണമായോ എന്നും കോടതി ആരാഞ്ഞു. വർഗീയ കലാപം പൊട്ടിപുറപ്പെടുമെന്നത് ഭയപ്പെടുത്താലാണെന്നും കോടതി അഭിപ്രായപ്പെട്ടു.
ആർട്ടിക്കിൾ 19,20 എന്നിവ ഉറപ്പു നൽകുന്ന മൗലികാവകാശങ്ങൾക്ക് എതിരാണ് പുസ്തകമെന്നു പറഞ്ഞ ഹരജിയിൽ വിൽപനയും വിതരണവും ഡിജിറ്റൽ രൂപത്തിലോ പ്രിൻറ് രൂപത്തിലോ ഉള്ള പ്രസിദ്ധീകരണവും നിരോധിക്കണമെന്ന് ആവശ്യപ്പെട്ടിരുന്നു.
അയോധ്യ വിധിയുടെ അടിസ്ഥാനത്തിൽ സൽമാൻ ഖുർഷിദ് തയാറാക്കിയ പുസ്തകം കഴിഞ്ഞ ആഴ്ചയാണ് പുറത്തിറങ്ങിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.