നോർവീജിയൻ എഴുത്തുകാരൻ യോൻ ഫോസെക്ക് സാഹിത്യ നൊബേൽ
text_fieldsസ്റ്റോക്ഹോം: നിശ്ശബ്ദമാക്കപ്പെട്ടവരുടെ ശബ്ദം നൂതന നാടകങ്ങളിലൂടെയും ഗദ്യത്തിലൂടെയും ലോകത്തോട് വിളിച്ചുപറഞ്ഞ നോർവീജിയൻ എഴുത്തുകാരൻ യോൺ ഫോസെക്ക് സാഹിത്യത്തിനുള്ള നൊബേൽ സമ്മാനം. അക്കാദമിയുടെ സ്ഥിരം സെക്രട്ടറി മാറ്റ്സ് മാൽമാണ് വ്യാഴാഴ്ച സ്റ്റോക്ഹോമിൽ പുരസ്കാരം പ്രഖ്യാപിച്ചത്.
സമകാലിക നോർവീജിയൻ സാഹിത്യലോകത്തെ അതികായനായ ഫോസെയുടെ നാടകങ്ങളും തിരക്കഥകളും ഏറെ ശ്രദ്ധേയമാണ്. നോവലും ചെറുകഥയും കവിതയും ബാലസാഹിത്യവും ഫോസെയുടെ തൂലികയിൽനിന്ന് ആസ്വാദകർക്ക് ലഭിച്ചു. ഫിഡിൽ വായനയിലൂടെ സംഗീതത്തിലും കഴിവ് തെളിയിച്ചു. നൈനോർസ്ക് ഭാഷയിലാണ് ഇദ്ദേഹം എഴുതിയിരുന്നത്.
1959ൽ ജനിച്ച ഫോസെ ബെർഗൻ സർവകലാശാലയിലാണ് പഠിച്ചത്. കറുപ്പ്, ചുവപ്പ് എന്ന നോവലാണ് ഫോസെക്ക് നോർവീജിയൻ സാഹിത്യത്തിൽ ഇരിപ്പിടം നൽകിയത്. സെപ്റ്റോളജി എന്ന നോവലിലൂടെ ലോകപ്രശസ്തനായി. സംവൺ ഈസ് ഗോയിങ് ടു കം എന്ന നാടകം പ്രസിദ്ധമാണ്. സാഹിത്യത്തിനുള്ള നൊബേൽ പുരസ്കാരം നേടുന്ന നാലാമത്തെ നോർവീജിയൻ എഴുത്തുകാരനാണ്.
ഹെന്റിക് ഇബ്സനുശേഷം നോർവേയിലെ അറിയപ്പെടുന്ന നാടകകൃത്തുകൂടിയായ ഫോസെ 40 നാടകങ്ങളെഴുതി. 11 ദശലക്ഷം സ്വീഡിഷ് ക്രോണർ (ഏകദേശം 8.32 കോടി രൂപ)യാണ് സമ്മാനത്തുക. ഡിസംബറിൽ സ്റ്റോക്ഹോമിൽ നടക്കുന്ന ചടങ്ങിൽ പുരസ്കാരം സമ്മാനിക്കും. സമാധാനത്തിനുള്ള നൊബേൽ സമ്മാനം ഇന്ന് പ്രഖ്യാപിക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.